
Screengrab: Youtube.com|Thanthi TV
ചെന്നൈ: ഭര്‍ത്താവിനെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. തമിഴ്നാട് അയനല്ലൂര്‍ സ്വദേശി അമുല്‍ ആണ് ഭര്‍ത്താവ് ഗൗതമിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പോലീസിനെ സമീപിച്ചത്. ബന്ധു മരിച്ചെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഗൗതമിനെ കുടുംബാംഗങ്ങള്‍ തന്നെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.
വ്യത്യസ്ത ജാതികളില്‍പ്പെട്ട ഗൗതമും അമുലും രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ ഗൗതമിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് ശേഷം ദമ്പതിമാര്‍ ചെന്നൈയിലാണ് താമസിച്ചിരുന്നത്. അമുലുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും ആഴ്ചയിലൊരിക്കല്‍ ഗൗതം തന്റെ വീട്ടുകാരെ കാണാന്‍ പോകാറുണ്ടായിരുന്നു. അമുല്‍ ഗര്‍ഭിണിയായതോടെ ദമ്പതിമാര്‍ യുവതിയുടെ വീടിനടുത്തേക്ക് താമസം മാറ്റി. സെപ്റ്റംബര്‍ 17-ന് ഇവര്‍ക്ക് പെണ്‍കുഞ്ഞും ജനിച്ചു. അന്നേദിവസം ഒരു ബന്ധു മരിച്ചെന്ന വിവരമറിഞ്ഞ് ഗൗതം സ്വന്തം ഗ്രാമത്തിലേക്ക് പോയി. ഇതിനുശേഷം ഗൗതമിനെക്കുറിച്ച് ഒരുവിവരവും ലഭിച്ചില്ല. മൊബൈല്‍ ഫോണും സ്വിച്ച് ഓഫായിരുന്നു. പിന്നീട് അമുലിന്റെ ബന്ധുക്കള്‍ ഗൗതമിന്റെ ഗ്രാമത്തില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ഗൗതമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്ററുകളാണ് കണ്ടത്. ഇതോടെയാണ് ഗൗതം മരിച്ചെന്ന വിവരം ഭാര്യയും അറിഞ്ഞത്.
ഗൗതമിന്റെ മരണം കൊലപാതകമാണെന്നാണ് അമുലിന്റെയും ഇവരുടെ ബന്ധുക്കളുടെയും ആരോപണം. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് ഭര്‍ത്താവ് വീട്ടില്‍നിന്ന് പോയതെന്നും പിന്നീട് ഭര്‍ത്താവ് മരിച്ചെന്ന വിവരമാണ് താനറിഞ്ഞതെന്നും യുവതി പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ മരണവിവരം തന്നെ അറിയിച്ചിട്ടില്ലെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പരാതി നല്‍കാനായി കൈക്കുഞ്ഞുമായാണ് അമുല്‍ തിരുവള്ളൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: tamilnadu woman filed complaint on husband death she alleges murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..