മുഖംമൂടി ധരിച്ച് കവർച്ചയ്ക്കെത്തിയ ആളുടെ സിസിടിവി ദൃശ്യം | Screengrab: Youtube.com|IBC Tamilnadu
ചെന്നൈ: വെല്ലൂരിലെ ജോസ് ആലുക്കാസ് ജൂവലറിയില്‍നിന്ന് 15 കിലോയിലധികം സ്വര്‍ണം കവര്‍ന്നത് യുട്യൂബ് വീഡിയോകള്‍ കണ്ട് നടത്തിയ ആസൂത്രണത്തിനൊടുവിലെന്ന് മോഷ്ടാവ്. ശബ്ദമില്ലാതെ ഭിത്തി തുരക്കുന്നത് അടക്കം പഠിച്ചത് യുട്യൂബിലൂടെയാണെന്ന് പിടിയിലായ ടിക്കരാമന്(22) പോലീസിനോട് പറഞ്ഞു.
സിംഹത്തിന്റെ മുഖംമുടി ധരിച്ച് കവര്‍ച്ച നടത്തിയതും സ്വര്‍ണം ഉരുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും യുട്യൂബ് വീഡിയോകള്‍ തന്നെയാണ് തുണയായത്. വെല്ലൂര്‍ കുച്ചിപ്പാളയം സ്വദേശിയായ ടിക്കരാമന് മേസ്തിരി പണിക്കാരനായിരുന്നു. ഇതിന് മുമ്പ് ബൈക്ക്, ലാപ്ടോപ്പ് എന്നിവ മോഷ്ടിച്ച കേസുകളില്‍ പ്രതിയാണ്.
ചെറിയ മോഷണങ്ങള്‍ക്ക് പകരം ഒരു വന്‍ കവര്‍ച്ച നടത്തി സുഖജീവിതം നയിക്കുകയായിരുന്നു ലക്ഷ്യം. മറ്റാരുടെയും സഹായം തേടാതെ യുട്യൂബ് വീഡിയോകളെ ആശ്രയിച്ചു കവര്‍ച്ചയ്ക്ക് ഒരുങ്ങുകയായിരുന്നു. ഏറെ നാളുകളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ജോസ് ആലുക്കാസ് ഷോറൂമില്‍ കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പത്ത് ദിവസം കൊണ്ടാണ് ഷോറൂമിന്റെ പിന്‍ഭാഗം തുരന്നത്. അതിന് ശേഷം ഡിസംബര്‍ 15-നായിരുന്നു കവര്‍ച്ച. മുഖംമൂടി ധരിച്ച് എത്തിയതും സി.സി.ടി.വി. ക്യാമറകളില്‍ പെയിന്റ് സ്പ്രേ ചെയ്തതുമെല്ലാം വീഡിയോകളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സ്വര്‍ണം ഉരുക്കുന്നതിന് വേണ്ട ഉപകരണങ്ങളെക്കുറിച്ചുള്ള വിവരവും യുട്യൂബില്‍നിന്ന് ലഭിച്ചു.
കവര്‍ന്ന സ്വര്‍ണം സൂക്ഷിക്കാന്‍ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് ശ്മശാനത്തില്‍ കുഴിച്ചിട്ടത്. കവര്‍ന്ന ആഭരണങ്ങളില്‍ സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാലയും ഒരു വളയും ധരിച്ച് കറങ്ങിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. ടിക്കരാമന് പെട്ടെന്ന് ഒരു ദിവസം വിലകൂടിയ ആഭരണം ധരിച്ച് നടക്കുന്നത് കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നി.
ഇവരില്‍നിന്ന് വിവരം ലഭിച്ച പോലീസ് മാലയും വളയും ജോസ് ആലുക്കാസ് ഷോറുമില്‍ പരിശോധനയ്ക്കായി നല്കി. അവ അവിടെനിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചതോടെ മോഷണം നടത്തിയത് ടിക്കരാമനാണെന്ന് തെളിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..