പരമശിവൻ
കുര്യനാട്(കോട്ടയം): പകല്‍ ലോട്ടറിവ്യാപാരവും അടഞ്ഞുകിടക്കുന്ന വീടുകളില്‍ മോഷണവും നടത്തുന്ന തമിഴ്നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ഒരുവര്‍ഷമായി മോനിപ്പള്ളി, കുര്യനാട്, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ ലോട്ടറിക്കച്ചവടം നടത്തിവരുന്ന തമിഴ്നാട് സ്വദേശിയായ പരമശിവനെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നിന് കുര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യന്റെ അടഞ്ഞുകിടന്ന വീട്ടില്‍ കവര്‍ച്ച നടത്തിയതും പരമശിവനാണെന്ന് പോലീസ് ചോദ്യംചെയ്യലില്‍ കണ്ടെത്തി. നഷ്ടപ്പെട്ടവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു.
ചൊവ്വാഴ്ച പകല്‍ 1.30-ന് കുര്യനാട് ഭാഗത്തുള്ള മറ്റൊരു വീട്ടില്‍ മോഷണശ്രമം നടത്തുന്നതിനിടയില്‍ പ്രതിയുടെ ചിത്രം സി.സി.ടി.വി.യില്‍ പതിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ വീട്ടുടമ നാട്ടില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് നാട്ടുകാര്‍ പരമശിവനെ തിരിച്ചറിഞ്ഞതും പോലീസില്‍ ഏല്പിച്ചതും.
നവംബര്‍ 27-ന് പകലാണ് സെബാസ്റ്റ്യന്റെ വീട്ടില്‍ കയറിയതെന്ന് പരമശിവന്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. പകല്‍ ആളില്ലാത്ത സമയംനോക്കി വീടിന്റെ പിന്‍വശം ആസ്ബസ്റ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീടിന്റെ അകത്ത് കയറുകയായിരുന്നു. പിന്‍വശം വാതില്‍ ബലമായി കുത്തിത്തുറന്ന് കിടപ്പുമുറിയില്‍ കയറി. കിടപ്പുമുറിയിലെ അലമാരിയുടെ ലോക്കറിന്റെ പൂട്ട് തകര്‍ത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയോളം വിലയും 25 പവനോളം തൂക്കവും വരുന്ന സ്വണാഭരണങ്ങളാണ് കവര്‍ന്നത്. പ്രതിയുടെ താമസസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ പോലീസ് മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
കുര്യനാട് മോഷണത്തിലെ കുറ്റവാളിയെ കണ്ടെത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, വൈക്കം ഡിവൈ.എസ്.പി. എ.ജെ. തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. പകല്‍ ലോട്ടറി വ്യാപാരം നടത്തുന്നതിനിടയിലാണ് അടഞ്ഞുകിടക്കുന്ന വീടുകള്‍ കണ്ടെത്തിയിരുന്നതും.
കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. സജീവ് ചെറിയാന്‍, കുറവിലങ്ങാട് പോലീസ് എസ്.ഐ. മാരായ സദാശിവന്‍, തോമസ് കുട്ടി ജോര്‍ജ്, മനോജ് കുമാര്‍, എ.എസ്.ഐ.മാരായ സിനോയിമോന്‍, സാജുലാല്‍, ജയ്സണ്‍ അഗസ്റ്റിന്‍, ഷിജു സൈമണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.കെ. സുരേഷ്, പി.ആര്‍. രാജീവ്, സി.പി.ഒ. ടി.എന്‍. സന്തോഷ്, രഞ്ജിത്ത് സുകുമാരന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..