പ്രതീകാത്മക ചിത്രം | Photo: Larry W. Smith | Getty Images
ചെന്നൈ: പണിക്കുവന്ന സ്ഥലത്ത് വീട്ടില്‍ അതിക്രമിച്ചുകയറി കോളേജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി കവര്‍ച്ചനടത്തിയ മേസ്തിരിയെ പോലീസ് അറസ്റ്റ്‌ചെയ്തു. ദിണ്ടിവനം സ്വദേശിയായ ഷണ്മുഖമാണ് (45) പിടിയിലായത്. കൃത്യത്തിനുശേഷം ഒളിവില്‍ക്കഴിയുകയായിരുന്ന ഇയാളെ സ്വദേശത്തുനിന്നാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. പൂനമല്ലിക്കടുത്ത് കാട്ടുപ്പാക്കത്ത് കഴിഞ്ഞ ദിവസമായിരുന്നു കൊലപാതകം.
ദിവസവേതനക്കാരായ ചന്ദ്രശേഖര്‍-ധനലക്ഷ്മി ദമ്പതിമാരുടെ മകള്‍ മീനയാണ് (20) മരിച്ചത്. രണ്ടാംവര്‍ഷ ബി.എസ്സി. ബിരുദവിദ്യാര്‍ഥിയായിരുന്നു. മീന താമസിക്കുന്ന വീടിന്റെ ഒന്നാംനിലയില്‍ കെട്ടിടനിര്‍മാണ ജോലിക്കായാണ് ഷണ്മുഖം എത്തിയത്.
കുറച്ചു നാളായി അയാള്‍ അവിടെ ജോലിചെയ്തു വരുകയായിരുന്നു. കഴിഞ്ഞദിവസം പതിവുപോലെ ജോലിക്കുപോയ ധനലക്ഷ്മി മകളെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെ അയല്‍ക്കാരിയോട് വിവരമന്വേഷിക്കാന്‍ അഭ്യര്‍ഥിച്ചു. അവര്‍ പോയി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന മീനയെയാണ് കണ്ടത്.
വിവരമറിഞ്ഞ പോലീസ് ഉടന്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രാഥമികാന്വേഷണത്തില്‍ കൊല്ലപ്പെട്ട മീനയുടെ രണ്ടുപവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും മോഷണംപോയത് പോലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ നിര്‍മാണ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ ജോലിക്കാരനായ ഷണ്മുഖത്തെയും കാണാനില്ലെന്ന് അറിവായി. ഷണ്മുഖത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു.
ഷണ്മുഖത്തിന്റെ വിലാസമന്വേഷിച്ച പോലീസ് അയാളുടെ സ്വദേശത്തെത്തുകയായിരുന്നു. പ്രതിയുടെ വീട്ടില്‍നിന്ന് മീനയുടെ ഫോണും ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു.
ചോദ്യം ചെയ്യലില്‍ മാല കവരാനുള്ള ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്ന് പ്രതി കുറ്റംസമ്മതിച്ചു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: tamilnadu college student murder mason arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..