റിയ ചക്രവർത്തി, സുശാന്ത് സിങ് രാജ്പുത് | ഫൊട്ടോ: പി.ടി.ഐ.
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. കഴിഞ്ഞദിവസം മുംബൈയിലും ഗോവയിലും നടന്ന റെയ്ഡുകൾക്ക് പിന്നാലെയാണ് മയക്കുമരുന്ന് വിതരണക്കാരായ കൂടുതൽപേരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റ് ചെയ്തത്.
കരാംജിത് സിങ് ആനന്ദ്, ഡയാൻ ആന്റണി ഫെർണാണ്ടസ്, അങ്കുഷ് അരേഞ്ജ, ക്രിസ് കോസ്റ്റ തുടങ്ങിയവരാണ് കഴിഞ്ഞദിവസം പിടിയിലായവരെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. കരാംജിതിൽനിന്നും ഡയാൻ ആന്റണിയിൽനിന്നും കഞ്ചാവും ചരസ്സും എൻ.സി.ബി. പിടിച്ചെടുത്തു.
നേരത്തെ പിടിയിലായ അനൂജ് കെഷ്വാനി നൽകിയ വിവരത്തെ തുടർന്നാണ് മുംബൈയിലും ഗോവയിലും എൻ.സി.ബി. വ്യാപകമായ റെയ്ഡുകൾ നടത്തിയത്. കൈസാൻ ഇബ്രാഹിം എന്ന ലഹരിക്കടത്തുകാരനെ പിടികൂടിയതോടെയാണ് എൻ.സി.ബി.ക്ക് അനൂജിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. അനൂജിന്റെയും കരാംജിത്തിന്റെയും ഇടനിലക്കാരനായിരുന്നു കൈസാൻ ഇബ്രാഹിം. അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കുമായും ഇയാൾക്ക് ബന്ധങ്ങളുണ്ടായിരുന്നു.
വീട്ടുജോലിക്കാരൻ ദീപേഷ്, മാനേജർ സാമുവൽ മിറാൻഡ എന്നിവർ വഴി കരാംജിത്താണ് സുശാന്തിന് മയക്കുമരുന്ന് നൽകിയിരുന്നതെന്ന് എൻ.സി.ബി. കണ്ടെത്തിയിട്ടുണ്ട്. പത്തിലേറെ തവണ കരാംജിത് സുശാന്തിന് വേണ്ടി മയക്കുമരുന്ന് എത്തിച്ചുനൽകി. സുശാന്തിന്റെ മാനജേർ സാമുവൽ മിറാൻഡയും കരാംജിതും തമ്മിൽ നടത്തിയ ഫോൺസംഭാഷണങ്ങളുടെ തെളിവുകളും അന്വേഷണസംഘം കണ്ടെടുത്തു.
കരാംജിത്, സൈദ്, അനുജ് കെഷ്വാനി, അങ്കുഷ് എന്നിവരാണ് മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളെന്നാണ് എൻ.സി.ബി. നൽകുന്ന വിവരം. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്ന ക്രിസ് കോസ്റ്റയെ ഗോവയിൽനിന്നാണ് പിടികൂടിയത്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽപേർ അറസ്റ്റിലാകുമെന്നാണ് എൻ.സി.ബി. വൃത്തങ്ങൾ നൽകുന്ന സൂചന.
Content Highlights:sushant singh rajput death drug case probe more accused arrested by ncb
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..