പണം വാങ്ങുന്നതിനിടെ പിടിയിലായ ഡോ. കെ.ടി. രാജേഷിനെ (നടുവിൽ ഇരിക്കുന്നയാൾ) വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖ് ചോദ്യംചെയ്യുന്നു
പെരിന്തല്‍മണ്ണ: പ്രമേഹത്താല്‍ കാഴ്ചക്കുറവു നേരിടുന്ന വയോധികയുടെ കാല്‍വിരല്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ പണം വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ. കെ.ടി. രാജേഷിനെ (49) വിജിലന്‍സ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യകെട്ടിടത്തിലെ പരിശോധനാമുറിയില്‍നിന്നാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരിശോധനാമുറിയില്‍നിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് സംഘം അറിയിച്ചു.
ആലിപ്പറമ്പ് സ്വദേശി തച്ചന്‍കുന്നന്‍ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകന്‍ മുഹമ്മദ് ഷമീം (30) നല്‍കിയ ആയിരം രൂപ വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. പ്രത്യേക പൊടി വിതറി നല്‍കിയ നോട്ടുകളാണ് ഡോക്ടര്‍ക്ക് ഷമീം കൊടുത്തത്. കൈകള്‍ പ്രത്യേക ലായനിയില്‍ മുക്കിയതോടെ നിറം മാറി. തുടര്‍ന്ന് ഡോക്ടറെ ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്തു. കോട്ടയ്ക്കല്‍ കൃഷി ഓഫീസര്‍ എം.വി. വൈശാഖന്‍, കൂട്ടിലങ്ങാടി കൃഷി ഓഫീസര്‍ ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഇതേസമയംതന്നെ ഡോക്ടറുടെ പാതായ്ക്കര കാര്‍ഗിലിലെ വീട്ടില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെയും ജില്ലാ ആശുപത്രിയില്‍ ഇന്‍സ്പെക്ടര്‍ എം. ഗംഗാധരന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഡോക്ടര്‍ കുറച്ചുവര്‍ഷമായി പെരിന്തല്‍മണ്ണയിലാണ് ജോലിചെയ്യുന്നത്.
ഷമീം പറയുന്നതിങ്ങനെ: ജനുവരി പത്തിനാണ് മാതാവിനെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15-ന് ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ചെയ്തില്ല. കൂടെ പ്രവേശിപ്പിച്ച നാലുപേരുടെ ശസ്ത്രക്രിയ നടത്തുകയുംചെയ്തു. പിറ്റേ ശനിയാഴ്ച വരാന്‍ പറഞ്ഞു. എന്നാല്‍ അന്ന് ഡോക്ടര്‍ അവധിയായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയി. അന്വേഷിച്ചപ്പോള്‍ പണം നല്‍കാത്തതാണു കാരണമെന്ന് മനസ്സിലായി.
ജനുവരി 28-ന് വീണ്ടും ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ മോശമായി പെരുമാറി. പരിശോധനാസ്ഥലത്തെത്തി കാണാന്‍ ആവശ്യപ്പെട്ടു. സഹികെട്ടപ്പോള്‍ ജില്ലാ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ച നമ്പറില്‍ വിജിലന്‍സിനെ അറിയിച്ചു. പിന്നീട് ബുധനാഴ്ച മുറിയില്‍ചെന്ന് പരിശോധനാഫീസ് നല്‍കി ഡോക്ടറെ കണ്ടു. ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്നുവന്നു കാണണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് വിജിലന്‍സ് നല്‍കിയ പണവുമായി ഡോക്ടറെ കണ്ടു.
എസ്.ഐ.മാരായ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, ശ്രീനിവാസന്‍, എ.എസ്.ഐ.മാരായ സലീം, ഹനീഫ, സി.പി.ഒ.മാരായ പ്രജിത്ത്, ജിറ്റ്സ്, ദിനേശ്, രാജീവ്, വിജയകുമാര്‍, സബൂര്‍, ശ്യാമ, ഷിഹാബ്, സനല്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..