Screengrab: Youtube.com|Indiatoday
ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ കൈക്കൂലിയായി കോടികള്‍ പൊടിപൊടിച്ചെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതുവഴിയാണ് ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് കഴിഞ്ഞതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിഹാര്‍ ജയിലില്‍ ഒരു ബാരക്കില്‍ ഒറ്റയ്ക്കായിരുന്നു സുകേഷിന്റെ വാസം. ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ അധികൃതര്‍ ഒത്താശചെയ്തു. രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപയായിരുന്നു കൈക്കൂലി. ഇത്തരത്തില്‍ മാസത്തില്‍ കോടിക്കണക്കിന് രൂപയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയിരുന്നത്.
തട്ടിപ്പ് നടത്താനായി സുകേഷ് ഉപയോഗിച്ച മൊബൈല്‍ ഫോണും വിദേശ സിംകാര്‍ഡും ജയില്‍ ഉദ്യോഗസ്ഥരാണ് നല്‍കിയത്. ഇടയ്ക്ക് ചില അതിഥികളും ഇയാളെ കാണാന്‍ ജയിലിലെ ബാരക്കില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിഹാര്‍ ജയിലില്‍നിന്നുള്ള സുകേഷിന്റെ സിസിടിവി ദൃശ്യങ്ങളും വിവിധ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒറ്റയ്‌ക്കൊരു ബാരക്കില്‍ സുകേഷ് കഴിയുന്നതും സിസിടിവിയില്‍ പതിയാതിരിക്കാന്‍ മുറിയുടെ ഒരുഭാഗം കിടക്കവിരി ഉപയോഗിച്ച് മറച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സാമ്പത്തിക തട്ടിപ്പ് കേസില്‍ സുകേഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവരടക്കം 14 പേരെയാണ് ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ തിഹാര്‍ ജയിലിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തിന് ഉപയോഗിച്ചതായും വിവരങ്ങളുണ്ട്.
Content Highlights: sukesh chandrasekhar tihar jail life cctv visuals out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..