Photo: Instagram|jacquelinef143
മുംബൈ: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസുമായി ബന്ധം സ്ഥാപിക്കാന്‍ പലതരത്തിലുള്ള കള്ളങ്ങള്‍ പറഞ്ഞതായി വെളിപ്പെടുത്തല്‍. ഒരു വിവരദായകനെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് സുകേഷ് നടിക്ക് നല്കിയ വാഗ്ദാനങ്ങളുടെ വിശദവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും കാറുകളും കുതിരയും അടക്കം സുകേഷ് നല്കിയ സമ്മാനങ്ങളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ജാക്വിലിന് തന്നില്‍ മതിപ്പുണ്ടാക്കാന്‍ സുകേഷ് നല്കിയ മറ്റുവാഗ്ദാനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കുന്നത്.
സണ്‍ ടിവിയുടെ ഉടമയാണെന്ന് പരിചയപ്പെടുത്തിയ സുകേഷ്, ജാക്വിലിനെ പ്രധാന കഥാപാത്രമാക്കി വമ്പന്‍ സിനിമയൊരുക്കാമെന്നാണ് വാഗ്ദാനം നല്‍കിയിരുന്നത്. ഒരു സ്ത്രീ സൂപ്പര്‍ ഹീറോ കഥാപാത്രമാകുന്ന സിനിമയാണെന്നായിരുന്നു പറഞ്ഞിരുന്നത്. 500 കോടി രൂപ മുടക്കി മൂന്ന് ഭാഗങ്ങളായി സിനിമയെടുക്കുമെന്നും വാഗ്ദാനം ചെയ്തു.
കാണാന്‍ ആഞ്ജലീന ജോളിയെപ്പോലെയുള്ള ജാക്വിലിന് ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടെന്നും സുകേഷ് നടിയോട് പറഞ്ഞിരുന്നു. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിര്‍മാതാക്കളുടെ പേരും കൈമാറി. ഹോളിവുഡില്‍നിന്നുള്ള വി.എഫ്.എക്സ് ആര്‍ട്ടിസ്റ്റുകളാണ് സിനിമയിലുണ്ടാവുകയെന്നും ആഗോളതലത്തിലാണ് ചിത്രീകരണം നടക്കുകയെന്നും അവകാശപ്പെട്ടിരുന്നു. ബോളിവുഡില്‍ അധികമൊന്നും അവസരം ലഭിക്കാതിരുന്ന സമയത്താണ് സുകേഷ് ഇത്തരമൊരു വാഗ്ദാനം നടിക്ക് നല്‍കിയത്. സാഹചര്യങ്ങള്‍ മനസിലാക്കി വളരെ തന്ത്രപൂര്‍വമായിരുന്നു സുകേഷിന്റെ ഇടപെടല്‍.
അതേസമയം, സുകേഷിന്റെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും ജാക്വിലിന് മുഴുവനായി വിശ്വസിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തന്നെപ്പോലൊരു നടിയെവെച്ച് ഇത്രയും വലിയ സിനിമയെടുക്കുമോ എന്ന സംശയം ജാക്വിലിനുണ്ടായിരുന്നു. മാത്രമല്ല, നടിയുമായി അടുപ്പത്തിലാകാന്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട സകലകാര്യങ്ങളെക്കുറിച്ചും സുകേഷ് വിശദമായി പഠിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിങ് നല്കിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.
ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്. തുടര്‍ന്ന് നടിയെയും ഇ.ഡി. ചോദ്യംചെയ്തിരുന്നു.
Content Highlights: sukesh chandrasekhar offers 500 crore project to impress actor jacqueline fernandez
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..