Photo: Instagram|jacquelinef143
ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടര്‍ച്ചയായ നാലാംദിവസവും ചോദ്യംചെയ്യലിന് ഹാജരാകാതെ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ്. വെള്ളിയാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചയും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും നടി ചോദ്യംചെയ്യലിന് എത്തിയില്ല. തിങ്കളാഴ്ച ഹാജരായേക്കുമെന്നായിരുന്നു വിവരം. എന്നാല്‍ തിങ്കളാഴ്ചയും നടി ഇ.ഡി. ഓഫീസില്‍ ഹാജരാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
അതിനിടെ, ചില വ്യക്തിപരമായ കാരണങ്ങളാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് ജാക്വലിന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായും വിവരങ്ങളുണ്ട്. തന്നെ ചോദ്യംചെയ്യുന്നത് അടുത്തമാസത്തേക്ക് നീട്ടിവെയ്ക്കണമെന്ന് ജാക്വലിന്‍ അഭ്യര്‍ഥിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്രയുംവേഗം നടിയെ ചോദ്യംചെയ്യണമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
സുകേഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ തുടങ്ങിയവര്‍ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിനെയും ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. സുകേഷ് ചന്ദ്രശേഖറുമായി ജാക്വലിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നടിയുടെ സാമ്പത്തിക ഇടപാടുകളും ഇ.ഡി.യുടെ നിരീക്ഷണത്തിലാണ്.
സുകേഷിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ക്ക് ജാക്വലിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ഇ.ഡി. അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ഒന്നരമാസം മുമ്പും ജാക്വലിനില്‍നിന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ നടി നോറ ഫത്തേഹിയെയും കഴിഞ്ഞ വ്യാഴാഴ്ച ഇ.ഡി. ചോദ്യംചെയ്തിരുന്നു.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിങ് നല്‍കിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.
ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങിനെ ബന്ധപ്പെട്ടിരുന്നത്. ബി.ജെ.പി.യുടെ പാര്‍ട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞ് 200 കോടി രൂപയാണ് തട്ടിയെടുത്തത്. ഡല്‍ഹി രോഹിണി ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ തട്ടിപ്പുകളെല്ലാം നടത്തിയത്.
Content Highlights: sukesh chandrasekhar 200 crore fraud case actress jacqueline fernandez skips questioning
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..