
-
ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വിദ്യാർഥിനിയുടെ അപകടമരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് യാത്രക്കാരായ ദീപക് ചൗധരി, രാജു എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയത്. അതേസമയം, ഇവർ പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ചിരുന്നോ എന്നത് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് പത്താം തീയതി ബുലന്ദ്ഷഹറിലുണ്ടായ വാഹനാപകടത്തിലാണ് യുഎസിൽ കോളേജ് വിദ്യാർഥിനിയായ സുധീക്ഷ ഭാട്ടി(19) മരിച്ചത്. അമ്മാവനും സഹോദരനുമൊപ്പം ബൈക്കിൽ പോകുന്നതിനിടെ രണ്ട് പേർ ബൈക്കിലെത്തി സുധീക്ഷയെ ഉപദ്രവിച്ചെന്നും ഇവർ സുധീക്ഷ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് അപകടം സംഭവിച്ചതെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ പിടികൂടണമെന്നും സുധീക്ഷയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സുധീക്ഷയുടെ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നായിരുന്നു യു.പി. പോലീസിന്റെ വിശദീകരണം. ബൈക്ക് യാത്രക്കാർ പെൺകുട്ടിയെ ഉപദ്രവിച്ചതിന് തെളിവില്ലെന്നും പെൺകുട്ടിയുടെ അമ്മാവനല്ല, പ്രായപൂർത്തിയാകാത്ത സഹോദരനാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഉയർന്ന തുകയുടെ സ്കോളർഷിപ്പ് ലഭിച്ച കുട്ടിയായതിനാൽ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി കുടുംബം കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും ബൈക്ക് ഓടിച്ചിരുന്നതായി പറയുന്ന അമ്മാവൻ രണ്ട് മണിക്കൂറിന് ശേഷമാണ് അപകടസ്ഥലത്ത് എത്തിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ യു.പി. പോലീസിനെതിരേ വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെയായിരുന്നു ഈ വിശദീകരണം.
യു.പി.യിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന സുധീക്ഷ ഭാട്ടി പഠനത്തിൽ മികച്ചനിലവാരം പുലർത്തിയിരുന്ന പെൺകുട്ടിയായിരുന്നു. ബുലന്ദ്ഷഹർ ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടി പ്ലസ്ടു പഠനം പൂർത്തീകരിച്ച ശേഷമാണ് അമേരിക്കയിൽ ഉപരിപഠനത്തിന് പോയത്. യുഎസിലെ ബാബ്സൺ കോളേജിൽ 3.8 കോടി രൂപയുടെ സ്കോളർഷിപ്പോടെയായിരുന്നു പഠനം. അടുത്തിടെയാണ് നാട്ടിൽ തിരികെ എത്തിയത്. ഓഗസ്റ്റ് അവസാനം യുഎസിലേക്ക് മടങ്ങിപ്പോകാനാരിക്കെയാണ് ദാരുണമായ അപകടമുണ്ടായത്.
Content Highlights:sudeeksha bhati accident death two arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..