അഭിഷേക് | കൊലചെയ്യാനായി ഉപയോഗിച്ച പേപ്പർ കട്ടർ| നിഥിന| ഫോട്ടോ: മാതൃഭൂമി
പാലാ: ''എന്നോടൊന്നും ചോദിക്കരുത്; ഞാന്‍ തന്നെയാണ് ചെയ്തത്''- ക്രൂരകൃത്യത്തിനുശേഷവും അഭിഷേക് അക്ഷോഭ്യനായിരുന്നു. ഒരു ഭാവമാറ്റവുമില്ലാതെ കൈയിലെ ചോര തുടച്ച് സമീപത്തെ തിട്ടയിലിരുന്നു. ഓടി രക്ഷപ്പെടാേെനാ മറ്റാരെയും ഉപദ്രവിക്കാനോ തുനിഞ്ഞില്ല. കോളേജിലെ ഹെഡ് അക്കൗണ്ടന്റ് ടി. എസ്. സജിയും എല്‍. ഡി. സ്റ്റോര്‍ കീപ്പര്‍ ജോസ് കുുര്യനും ചോദിച്ചതിനൊക്കെ അഭിഷേക് മറുപടി പറഞ്ഞു.
തലയിലെ പാട് എന്താണെന്ന് ചോദിച്ചപ്പോള്‍ താന്‍ തന്നെ പൊട്ടിച്ചതാണെന്നായിരുന്നു അഭിഷേകിന്റെ മറുപടി. വീട്ടില്‍ കുറച്ച് പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞു. ഇത്ര ഭീകരമായ ഒരു കൃത്യം കണ്ട ജീവനക്കാര്‍ ഞെട്ടിനില്‍ക്കുമ്പോഴും ഇതൊന്നും ഒന്നുമല്ലെന്ന മട്ടായിരുന്നു അവന്റെത്. രാവിലെ ആറിന് യുവാവ് കോളേജ് കാമ്പസിലുണ്ടായിരുന്നുവെന്ന് സുരക്ഷാജീവനക്കാര്‍ പറയുന്നു.
കൊലപാതകത്തില്‍ ജീവനക്കാരെപ്പോലെ ആകെ മരവിച്ച് പോയിരുന്നു കുട്ടികളും. ''നല്ല കൂട്ടുകാരായിരുന്നു ഇരുവരും; പക്ഷേ അഭിഷേക് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല'' - സഹപാഠികളിലൊരാള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വേദനയിലാണ് ടിബിന്‍ ഗീവര്‍ഗീസും ബ്ലെസിന്‍ ഷാജിയും. തങ്ങള്‍ക്കൊപ്പം ഒരുമിച്ചിരുന്ന പരീക്ഷയെഴുതിയ കൂട്ടുകാരന്‍ തന്നെ ഈ അരുംകൊല ചെയ്തുവെന്ന് വിശ്വസിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
എപ്പോഴും ആക്ടീവായിരുന്നു നിഥിന. എല്ലാവരോടും നന്നായി പെരുമാറുന്ന അഭിഷേകിനെയാണ് ഇവര്‍ക്ക് പരിചിതം. പഞ്ചഗുസ്തിയില്‍ ദേശീയതലത്തില്‍ പങ്കെടുത്തിട്ടുളള അഭിഷേകിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് ആരും പ്രതീക്ഷിച്ചില്ല. ബി. വോക് ഫുഡ് പ്രോസസിങ് ആറാം സെമസ്റ്റര്‍ ബാച്ചില്‍ 44 വിദ്യാര്‍ഥികളാണുള്ളത്. മൂന്നു സെമസ്റ്റര്‍ മാത്രമേ ഇവര്‍ കോളേജില്‍ വന്നിട്ടുള്ളു. പിന്നെ കോവിഡ് കാലമായതോടെ ക്ലാസ് ഓണ്‍ലൈനായി. സെമസ്റ്റര്‍ പരീക്ഷകള്‍ക്കാണ് കോളേജിലെത്തിയിരുന്നത്. ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്ന് ടിബിന്‍ പറയുന്നു. അഭിഷേകും എല്ലാവരോടും നല്ല കൂട്ടായിരുന്നു.
അനലിറ്റിക് മെതേഡ്സ് ഇന്‍ ഫുഡ് പ്രോസസിങ് എന്ന പേപ്പറായിരുന്നു വെള്ളിയാഴ്ചത്തെ പരീക്ഷ. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് രണ്ടുപേരെയും മറ്റ് സഹപാഠികള്‍ കണ്ടിരുന്നു. പരീക്ഷാഹാളില്‍ നിന്ന് അഭിഷേക് നേരത്തെ ഇറങ്ങിപ്പോകുകയും ചെയ്തു.
ഞെട്ടലില്‍ കോഴിപ്പിള്ളി ഗ്രാമം
പാലാ സെയിന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അഭിഷേക് ബൈജു ആണെന്ന് കോഴിപ്പിള്ളിയിലെ നാട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല. വാര്‍ത്തയറിഞ്ഞ് ഒട്ടേറെപ്പേര്‍ കോഴിപ്പിള്ളി കുരിശുകവലയിലെ അഭിഷേകിന്റെ വീട്ടിലെത്തി. വീട് പൂട്ടിയനിലയിലായിരുന്നു. ഒന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും വീട്ടുകാര്‍ എവിടെപ്പോയി എന്നതിനെക്കുറിച്ച് അറിവില്ല.
അഭിഷേകിന് നാട്ടില്‍ അധികം സുഹൃത്തുക്കളില്ല. അയല്‍പക്കത്തെ ചുരുക്കം വീട്ടുകാരുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. കാരമല, പാലക്കുഴ വിദ്യാലയങ്ങളില്‍ ഒപ്പം പഠിച്ചിരുന്നവരുമായും അടുപ്പമുണ്ടായിരുന്നു. വീടിനോടു ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും തയ്യല്‍കേന്ദ്രവും മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് സമയത്ത് ഇവ നിര്‍ത്തി.
അഭിഷേകിന്റെ അച്ഛനെ വിവരമറിയിച്ചത് പോലീസ്
കോഴിപ്പിള്ളി കുരിശുകവലയ്ക്ക് സമീപം പുത്തന്‍പുരയില്‍ ബൈജുവിന്റെയും സുനിതയുടേയും മകനാണ് അഭിഷേക്. പാലാ സെയ്ന്റ് തോമസ് കോളേജില്‍ ഫുഡ് പ്രൊഡക്ഷന്‍ ടെക്‌നോളജി കോഴ്‌സിനാണ് പഠിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ പരീക്ഷ എഴുതുന്നതിനായി കോഴിപ്പിള്ളിയിലെ വീട്ടില്‍നിന്ന് പാലായിലേക്ക് പോയി. അഭിഷേകിന്റെ അച്ഛന്‍ ബൈജു പാഴ്‌സല്‍ ലോറിയിലെ ഡ്രൈവറാണ്. കോഴിപ്പിള്ളിയിലെ കൃഷിയിടത്തില്‍ വെള്ളിയാഴ്ച രാവിലെ ജോലി ചെയ്യുന്നതിനിടയിലാണ് പോലീസ് പാലായിലേക്ക് വരാന്‍ ആവശ്യപ്പെടുന്നതെന്ന് ബൈജു പറഞ്ഞു.
Content Highlights: Student murdered inside St Thomas College in Pala, Nidhina mol, abhishek baiju koothattukulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..