പിക്കപ്പ് വാൻ പാലിയേക്കര ടോൾപ്ലാസയിലെ ഗേറ്റ് തകർത്ത് കുതിക്കുന്ന സിസിടിവി ദൃശ്യം(ഇടത്ത്) വാഹനം ചിറ്റൂരിൽനിന്ന് പിടികൂടിയപ്പോൾ(വലത്ത്)
പാലക്കാട്: സ്പിരിറ്റ് കടത്തുകയായിരുന്നെന്ന് ആരോപണമുള്ള വാന്‍, പാലിയേക്കര ടോള്‍ ബൂത്ത് തകര്‍ത്ത് മുങ്ങിയ സംഭവത്തില്‍ കീഴടങ്ങിയവരുടെ മൊഴികള്‍ നൂറു ശതമാനവും ശരിയെന്ന് ഉറപ്പിച്ച് എക്‌സൈസ് അധികൃതര്‍. കീഴടങ്ങിയവര്‍ നിയമോപദേശം തേടി നല്‍കിയ കൃത്യമായ മറുപടികളാണ് പിന്നീട് അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്നും ആരോപണമുണ്ട്.
വടക്കഞ്ചേരിയില്‍നിന്ന് മംഗലം ഡാം റോഡു വഴി പാഞ്ഞ് അപ്രത്യക്ഷനായ വാഹനം മംഗലം ഡാമിനടുത്ത് ചിറ്റടിയില്‍ സ്പിരിറ്റ് ഇറക്കിയെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസിലെയും എക്‌സൈസിലെയും രഹസ്യാന്വേഷണ വിഭാഗം പ്രദേശത്തെത്തിയിരുന്നു. ഡ്രൈവറും സഹായിയും നേരത്തെ ആലത്തൂരില്‍ കീഴടങ്ങാനെത്തിയിരുന്നെങ്കിലും അതിന് അനുവദിച്ചില്ലെന്നും സൂചനയുണ്ട്. തുടര്‍ന്നാണ് ചിറ്റൂര്‍ റേഞ്ചിന്റെ പരിധിയിലുള്ള സ്ഥലത്തുനിന്ന് ഇവരെ പിടികൂടിയതായി വിശദീകരണമുണ്ടായത്.
ടോള്‍ ബൂത്തില്‍നിന്നും മറ്റ് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും പിടിയിലായ വാഹനത്തെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയിരുന്നെന്നും അതേ വാഹനംതന്നെയാണ് ചിറ്റൂരില്‍ പിടിയിലായതെന്നുമാണ് അധികൃതര്‍ പറയുന്നത്. കൃത്യമായ അന്വേഷണം നടന്നിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാലിയേക്കര ടോള്‍ ഗേറ്റ് ഇടിച്ചു തകര്‍ത്ത് എക്‌സൈസ് സംഘത്തെ വെട്ടിച്ച് വാന്‍ പാഞ്ഞു പോയത്. ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിടെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലില്‍നിന്ന് ഈ വാന്‍ കണ്ടെത്തിയെന്ന് ചിറ്റൂര്‍ എക്‌സൈസ് സംഘം അവകാശപ്പെടുന്നു. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥര്‍ തട്ടിപ്പുസംഘമാണോയെന്ന് പേടിച്ചാണ് വാഹനം നിര്‍ത്താതെ കടന്നുപോയതെന്നാണ് വാഹന ഡ്രൈവര്‍ മൊഴിനല്‍കിയത്. ഡ്രൈവര്‍ പറയുന്നപോലെ പണം വാനിലുണ്ടായിരുന്നവരുടെ കൈവശമുണ്ടായിരുന്നോ, ഉണ്ടെങ്കില്‍ ഒരുദിവസത്തിനകം തുക എന്തുചെയ്തു എന്നതിനെപ്പറ്റിയും കൃത്യമായ വിവരങ്ങളില്ല. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഭരണകക്ഷി ശ്രമിക്കുന്നതായി കോണ്‍ഗ്രസും ബി.ജെ.പി.യും ആരോപിക്കുന്നുണ്ട്.
Content Highlights: spirit van case controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..