-
തൃശ്ശൂര്‍: ലോക്ക്ഡൗണിനിടെ എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്ത്. ചാലക്കുടിയില്‍നിന്ന് എക്‌സൈസ് സംഘം പിന്തുടര്‍ന്ന സ്പിരിറ്റ് കയറ്റിയ മിനി പിക്കപ്പ് ലോറി പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയറടക്കം തകര്‍ത്ത് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.
ചാലക്കുടിയില്‍വെച്ച് സ്പിരിറ്റ് കൈമാറ്റം നടക്കുന്നതായി അങ്കമാലി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് എക്‌സൈസ് സംഘം അവിടെ എത്തിയെങ്കിലും എക്‌സൈസിനെ കണ്ടതോടെ സ്പിരിറ്റ് കയറ്റിയ വാഹനവുമായി ഡ്രൈവര്‍ രക്ഷപ്പെട്ടു. എക്‌സൈസ് സംഘം വാഹനത്തെ പിന്തുടര്‍ന്നെങ്കിലും നിര്‍ത്തിയില്ല.
പാലിയേക്കരയിലെ ടോള്‍ പ്ലാസയിലും നിര്‍ത്താതെ ബൂം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ചാണ് പിക്കപ്പ് ലോറി കുതിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്പിരിറ്റ് കയറ്റിയ വാഹനം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ച് കടന്നുപോയതിന് പിന്നാലെ എക്‌സൈസ് സംഘത്തിന്റെ ജീപ്പും പിന്നാലെ വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ തൃശ്ശൂരില്‍നിന്ന് ഇടറോഡിലേക്ക് പോയ വാഹനം പിന്നീട് കുതിരാനിന് സമീപം വീണ്ടും ഹൈവേയില്‍ കയറി. പട്ടിക്കാട് വെച്ച് പോലീസ് സംഘം വാഹനം കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല.
സ്പിരിറ്റ് കയറ്റിയ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ള. അതേസമയം, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട വാഹനം കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
Content Highlights: spirit pickup lorry chasing in thrissur, paliyekkara toll plaza
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..