പ്രതീകാത്മക ചിത്രം | Screengrab: Youtube.com|P.K.Gamers
ആലത്തൂര്‍ : മൊബൈല്‍ഫോണ്‍ ആപ്പിലൂടെ ഓണ്‍ലൈനില്‍ 'ഫ്രീ ഫയര്‍' ഗെയിം കളിച്ച ആറാംക്ലാസുകാരന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് കളഞ്ഞുകുളിച്ചത് 42,000 രൂപ. എരിമയൂര്‍ തോട്ടുപാലത്തിന് സമീപത്തുള്ള വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്നാണ് പലപ്പോഴായി പണം നഷ്ടപ്പെട്ടത്.
ഫോണില്‍വന്ന സന്ദേശങ്ങള്‍കണ്ട് സംശയംതോന്നിയ ഇവര്‍ എസ്.ബി.ഐ. എരിമയൂര്‍ ശാഖയിലെത്തി അക്കൗണ്ട് വിവരം ശേഖരിച്ചപ്പോഴാണ് അഞ്ചുമാസത്തിനിടെ നൂറുരൂപ മുതല്‍ മൂവായിരംരൂപവരെ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
പണംപോകുന്ന കളിയാണ് താന്‍ കളിച്ചിരുന്നതെന്ന് അറിയില്ലെന്നാണ് ഇവരുടെ 12 കാരനായ മകന്‍ പറയുന്നത്. സി.ബി.എസ്.ഇ. സ്‌കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ പിതാവ് വിദേശത്താണ്. നാട്ടിലെ ആവശ്യങ്ങള്‍ക്ക് പണമയച്ചിരുന്നത് ഭാര്യയുടെ അക്കൗണ്ടിലൂടെയാണ്. പന്ത്രണ്ടുകാരനായ മകനാണ് മൊബൈല്‍ഫോണിലൂടെ നെറ്റ് ബാങ്കിങ്ങിനും മറ്റും അമ്മയെ സഹായിച്ചിരുന്നത്.
കുട്ടി അറിഞ്ഞോ അറിയാതെയോ ബാങ്ക് അക്കൗണ്ടും ഗെയിമുമായി ബന്ധിപ്പിച്ചതിനാലാണ് പണം നഷ്ടമായതെന്ന് ബാങ്ക് അധികാരികള്‍ പറഞ്ഞു. ഓണ്‍ലൈനില്‍ കായികമായും തോക്കും ആയുധവും ഉപയോഗിച്ചുമുള്ള ആക്രമണ ശൈലിയിലുള്ള കളിയിലാണ് കുട്ടി ഏര്‍പ്പെട്ടത്.
പണംകൊടുത്തും അല്ലാതെയും ഇതിന്റെ ഓരോ ഘട്ടങ്ങളിലേക്ക് പ്രവേശിക്കാം. 50 രൂപമുതല്‍ എത്രതുക വേണമെങ്കിലും കളിക്കിടാം. കളിക്കിടെ ഡയമണ്ട് എന്ന പേരില്‍ പോയന്റ് നല്‍കി പ്രോത്സാഹനം ലഭിക്കും. നിശ്ചിത ഡയമണ്ട് ലഭിച്ചാല്‍ കളിക്കുള്ള പുതിയ ഉപാധികളും ആയുധവും ലഭിക്കും.
പോലീസില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നാണ് മനസ്സിലാക്കിയതെന്നും രക്ഷിതാക്കളും സ്‌കൂള്‍ അധികാരികളും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നുമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പറയാനുള്ളത്.
പലര്‍ക്കും പണം നഷ്ടമാകുമ്പോള്‍ ചുരുക്കംചിലര്‍ക്ക് കിട്ടിയ കാര്യവും പറയാനുണ്ട്. എരിമയൂര്‍ തോട്ടുപാലത്തിന് സമീപത്തുതന്നെ ഒരുകുട്ടിക്ക് ഫോണില്‍ ഗെയിം കളിച്ച് 18,000 രൂപ കിട്ടിയിരുന്നു. രക്ഷിതാക്കള്‍ ഇതറിഞ്ഞതോടെ ഭാവിയില്‍ പണംതട്ടാനുള്ളവഴി ഇതിന് പിന്നിലുണ്ടെന്ന മനസ്സിലാക്കി, തുടര്‍ന്ന് കളിക്കുന്നത് വിലക്കുകയായിരുന്നു.
Content Highlights: Son played free fire online game, Women lost 42,000 from bank account
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..