
-
ചെന്നൈ: ശിവഗംഗ ജില്ലയിൽ പട്ടാളക്കാരന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ കവർച്ചസംഘം അമ്മയെയും ഭാര്യയെയും കൊലപ്പെടുത്തി. കാളയാർകോവിലിനടുത്ത് മുടുക്കൂരണിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ലഡാക്കിൽ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാരൻ സ്റ്റീഫന്റെ (38) വീട്ടിലാണ് കവർച്ച നടന്നത്. അമ്മ രാജകുമാരി (60), ഭാര്യ സ്നേഹ (30) എന്നിവരാണ് മരിച്ചത്.
ഉറങ്ങിക്കിടന്ന ഇരുവരെയും മാരകായുധമുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്റ്റീഫന്റെ അച്ഛനും വിമുക്തഭടനുമായ സാന്റിയാഗോ പുലർച്ചെ കൃഷിയിടത്തിലേക്ക് പോയതിനു ശേഷമായിരുന്നു സംഭവം. പുലർച്ചെ, സ്നേഹയുടെ ഏഴു മാസം പ്രായമായ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് സംശയം തോന്നിയ അയൽവീട്ടുകാർ എത്തിനോക്കിയപ്പോഴാണ് ഇരട്ടക്കൊലപാതകം പുറത്തറിഞ്ഞത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടത്തിൽനിന്ന് എത്തിയ സാന്റിയാഗോതന്നെ കാളയാർകോവിൽ പോലീസിലും സംഭവം അറിയിച്ചു. വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതർ കൊല നടത്തിയ ശേഷം സ്വർണാഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അലമാര തകർത്ത നിലയിലായിരുന്നു.
വിരലടയാളസംഘം തെളിവുകൾ ശേഖരിച്ചു. സാന്റിയാഗോ പുലർച്ചെ പതിവായി കൃഷിയിടത്തിലേക്ക് പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാകാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ അനുമാനം. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. രാമനാഥപുരം റേഞ്ച് ഡി.ഐ.ജി. മയിൽവാഹനൻ, ശിവഗംഗയുടെ അധികച്ചുമതലയുള്ള രാമനാഥപുരം പോലീസ് മേധാവി വി. വരുൺകുമാർ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.
Content Highlights:soldiers wife and mother killed in tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..