പ്രതീകാത്മക ചിത്രം | Reuters
ലഖ്നൗ: രാജ്യത്ത് പെട്രോൾ, ഡീസൽ വില 'സെഞ്ച്വറി'യും കടന്ന് മുന്നേറുമ്പോൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഇന്ധനക്കടത്തും വ്യാപകമാവുന്നു. ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുമ്പോൾ വില കുറവുള്ള നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ പെട്രോളും ഡീസലും കടത്തുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർപ്രദേശിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ പെട്രോളും ഡീസലും കടത്തിയ ചിലരെ എസ്.എസ്.ബി. സംഘം പിടികൂടുകയും ചെയ്തു.
നേപ്പാളിൽനിന്ന് പെട്രോളും ഡീസലും എത്തിച്ച് ഇന്ത്യയിലെ അതിർത്തിപ്രദേശങ്ങളിൽ വില്പന നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നേപ്പാളിനോട് ചേർന്ന ഉത്തർപ്രദേശിലെ മേഖലകളിൽ പെട്രോളിന് ലിറ്ററിന് 97.29 രൂപയാണ് വില. ഡീസലിന് 90.30 രൂപയും. എന്നാൽ നേപ്പാളിൽ ഒരു ലിറ്റർ പെട്രോളിന് 78 രൂപ മാത്രമേയുള്ളൂ. ഡീസലിന് 66 രൂപയും. ഇന്ധനക്കടത്തുകാർ ചെറിയ ലാഭമെടുത്താലും ഇന്ത്യയിലെക്കാൾ കുറഞ്ഞ വിലയിലാണ് ഇവ വില്പന നടത്തുന്നത്. അതിനാൽതന്നെ നേപ്പാളിൽനിന്നുള്ള പെട്രോളിനും ഡീസലിനും അതിർത്തി മേഖലകളിൽ ആവശ്യക്കാരും കൂടിയിട്ടുണ്ട്.
ഇന്ത്യൻ അതിർത്തിയിൽ താമസിക്കുന്ന നിരവധി പേരാണ് ദിവസവും നേപ്പാളിൽനിന്ന് ഇന്ധനം കൊണ്ടുവരുന്നത്. സൈക്കിളിലും കാൽനടയായും വലിയ അളവിലാണ് ഇവർ നേപ്പാളിൽനിന്ന് ഇന്ധനം വാങ്ങി ഇന്ത്യയിൽ വിൽപന നടത്തുന്നത്. ഇവർക്കെല്ലാം അതിർത്തി പ്രദേശങ്ങളിലെ ഓരോ ഊടുവഴികളും വ്യക്തമായി അറിയാവുന്നതിനാൽ പിടിക്കപ്പെടുകയുമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളും ഡീസലും ഇന്ത്യയിലേക്ക് കടത്തിയ നിരവധി പേരെയാണ് എസ്.എസ്.ബി. പിടികൂടിയത്. അലിഗർവ അതിർത്തിയിൽനിന്ന് 50 ലിറ്റർ ഡീസലുമായി നേപ്പാൾ സ്വദേശി ഞായറാഴ്ച പിടിയിലായിരുന്നു. തോത്രി അതിർത്തിയിൽനിന്ന് 100 ലിറ്റർ പെട്രോളുമായി മറ്റൊരാളും പിടിയിലായി. ഇവരെല്ലാം നേപ്പാളിൽനിന്ന് പെട്രോളും ഡീസലും വാങ്ങി ഇന്ത്യയിൽ വിൽക്കാൻ കൊണ്ടുവന്നവരാണെന്ന് പോലീസും എസ്.എസ്.ബി.യും പറഞ്ഞു.
നേപ്പാളിൽനിന്നുള്ള ഇന്ധനക്കടത്തിൽ ലാഭം കിട്ടുന്നതിനാൽ ജനങ്ങൾ ഇത് ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ലെന്നാണ് സംഭവത്തെക്കുറിച്ച് എസ്.എസ്.ബി. ഇൻ-ചാർജ് കമാൻഡന്റ് അമിത് സിങ് പ്രതികരിച്ചത്. 'ഞങ്ങളുടെ സൈനികർ 24 മണിക്കൂറും അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. പലയിടത്തും സൈനികർ ക്യാമ്പ് ചെയ്യുന്നു. എന്നാലും നാട്ടുകാർ വളരെ എളുപ്പത്തിൽ പെട്രോളിയം ഉത്‌പന്നങ്ങൾ കടത്തിക്കൊണ്ടുവരികയാണ്. ഇത്തരത്തിൽ ഇന്ധനം കടത്തിയ നിരവധി പേരെ പിടികൂടിയിട്ടുണ്ട്. പക്ഷേ, ഈ ബിസിനസിൽനിന്നുള്ള ലാഭം കാരണം ജനങ്ങൾ ഇത് ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ല'- അദ്ദേഹം വ്യക്തമാക്കി.
Content Highlights:smuggling of petrol diesel from nepal to india increases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..