'ഞാന്‍ നിങ്ങളുടെ മകളാണെന്നത് മറന്നേക്കൂ', അന്ന് ശ്രദ്ധ വീട് വിട്ടിറങ്ങി; അരുംകൊല, വിതുമ്പി കുടുംബം


ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം മറ്റുപെണ്‍കുട്ടികളുമായി പ്രതി അടുപ്പം സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം നടന്ന് ഏകദേശം 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പിലൂടെ മറ്റൊരു പെണ്‍കുട്ടിയെ അഫ്താബ് പരിചയപ്പെട്ടത്.

അഫ്താബും ശ്രദ്ധയും | Photo: Twitter

'ഷെഫായി ജോലിചെയ്തിരുന്നതും ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് പരിചയമുണ്ടായിരുന്നതും മൃതദേഹം വെട്ടിനുറുക്കുന്നത് എളുപ്പമാക്കി'- രാജ്യത്തെ നടുക്കിയ ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് അമീന്‍ പുനെവാല പോലീസിന് നല്‍കിയ മൊഴിയാണിത്. അരുംകൊലയും പിന്നീട് ചെയ്ത ക്രൂരതകളും ഒന്നൊന്നായി പ്രതി പോലീസിനോട് വിവരിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കം നടുങ്ങി.

ഒപ്പം താമസിച്ചിരുന്ന ലിവിങ് ടുഗെദര്‍ പങ്കാളിയായ ശ്രദ്ധ വാള്‍ക്കര്‍ എന്ന 27-കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കിയാണ് അഫ്താബ് വെട്ടിനുറുക്കിയത്. 18 ദിവസം കൊണ്ട് ഡല്‍ഹി മെഹ്‌റൗളിയിലെ വിവിധ ഭാഗങ്ങളിലായി ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്തു. ആറുമാസത്തേക്ക് ഇരുചെവിയറിയാതെ കൊലപാതകരഹസ്യം സൂക്ഷിച്ച അഫ്താബിന്, പക്ഷേ, കഴിഞ്ഞദിവസം പോലീസിന്റെ പിടിവീണു.

വീടുവിട്ടിറങ്ങിയ മകളെക്കുറിച്ച് ഒരുവിവരം പോലും ലഭിക്കാത്തതിനാല്‍ ശ്രദ്ധയുടെ അച്ഛന്‍ വികാസ് മദന്‍ വാള്‍ക്കര്‍ പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭക്ഷണപ്രേമിയും ഫുഡ് വ്‌ളോഗറുമായ അഫ്താബ് ശ്രദ്ധയെ കൊന്ന്, വെട്ടിനുറുക്കിയെന്ന വിവരം പുറത്തറിഞ്ഞത്.

ആരായിരുന്നു ശ്രദ്ധ വാള്‍ക്കര്‍...

മഹാരാഷ്ട്രയിലെ വെസ്റ്റ് വാസിയില്‍ താമസിക്കുന്ന വികാസ് മദന്‍ വാള്‍ക്കറിന്റെ മകളാണ് ശ്രദ്ധ വാള്‍ക്കര്‍. വാസിയിലെ ജൂനിയര്‍ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2015-ല്‍ വിവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ശ്രദ്ധ തുടര്‍പഠനത്തിന് ചേര്‍ന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല. പഠനത്തിനിടെ ജോലിയും ചെയ്തിരുന്നതിനാല്‍ ശ്രദ്ധയ്ക്ക് മിക്ക ക്ലാസുകളിലും ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബത്തെ സഹായിക്കാന്‍ ജോലിക്ക് പോകേണ്ടത് അത്യാവശ്യമാണെന്നായിരുന്നു കോളേജ് അധികൃതരോട് പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഡേറ്റിങ് ആപ്പ് വഴി വാസി സ്വദേശിയായ അഫ്താബ് അമീന്‍ പൂനെവാലയെ പരിചയപ്പെടുന്നത്.

എല്‍.എസ്. റഹേജ കോളേജില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ അഫ്താബ്, ഫുഡ് വ്‌ളോഗറും ഫോട്ടോഗ്രാഫറുമായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ റെസ്റ്റോറന്റുകളുടെ റിവ്യൂ അടക്കം ചെയ്തിരുന്ന അഫ്താബിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 28,000-ലേറെ ഫോളോവേഴ്‌സാണുള്ളത്.

മുംബൈയിലെ വിവിധ സ്വകാര്യ കമ്പനികളിലായിരുന്നു കൊല്ലപ്പെട്ട ശ്രദ്ധ വാള്‍ക്കര്‍ ആദ്യം ജോലിചെയ്തിരുന്നത്. കസ്റ്റമര്‍ സര്‍വീസ് റെപ്രസെന്റേറ്റീവായും സെയില്‍സ് മാനേജരായും ചെറുപ്രായത്തില്‍ തന്നെ യുവതി ജോലിയില്‍ തിളങ്ങി.

പ്രണയം ബന്ധുക്കളറിയുന്നു, ലിവിങ് ടുഗെദര്‍...

2019-ലാണ് ശ്രദ്ധയും അഫ്താബും തമ്മിലുള്ള അടുപ്പം ശ്രദ്ധയുടെ വീട്ടുകാര്‍ അറിയുന്നത്. അഫ്താബുമായുള്ള അടുപ്പം അറിഞ്ഞതോടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ അഫ്താബിനൊപ്പം താമസിക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം.

'അഫ്താബിനൊപ്പം താമസിക്കാനാണ് തന്റെ തീരുമാനമെന്ന് അമ്മയോടാണ് അവള്‍ ആദ്യം പറഞ്ഞത്. ഇതിനെ ഞങ്ങള്‍ എതിര്‍ത്തു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരുമായുള്ള ബന്ധം ഒരിക്കലും ഞങ്ങളുടെ കുടുംബത്തില്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ തനിക്ക് 25 വയസ്സായെന്നും തന്റെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു മകളുടെ മറുപടി. ഇനിയൊരിക്കലും ഞങ്ങളുടെ മകളായിരിക്കില്ലെന്നും താന്‍ മകളാണെന്ന കാര്യം മറന്നേക്കൂ എന്നും പറഞ്ഞാണ് അവള്‍ വീട് വിട്ടിറങ്ങിയത്'- ശ്രദ്ധയുടെ അച്ഛന്‍ ആ ദിവസം ഓര്‍ത്തെടുത്തു.

ഒരുമിച്ച് താമസം, മര്‍ദനമെന്ന് പരാതി...

മുംബൈയിലെ മറ്റൊരിടത്താണ് അഫ്താബും ശ്രദ്ധയും ഒരുമിച്ച് താമസം തുടങ്ങിയത്. വീട് വിട്ടിറങ്ങിയെങ്കിലും പിന്നീട് അമ്മയുമായി ശ്രദ്ധ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനിടെയാണ് അഫ്താബ് മര്‍ദിക്കാറുണ്ടെന്ന വിവരം യുവതി വെളിപ്പെടുത്തിയത്. ഇടയ്ക്കിടെ വഴക്കിടുമെന്നും തന്നെ അടിക്കുമെന്നുമായിരുന്നു ശ്രദ്ധയുടെ വെളിപ്പെടുത്തല്‍. പിന്നീട് അമ്മയുടെ മരണശേഷം അച്ഛനെയും ഇടയ്ക്ക് ഫോണില്‍ വിളിച്ച് സംസാരിച്ചു. ഈ സമയത്തും അഫ്താബ് ഉപ്രദവിക്കുന്നതായി പരാതിപ്പെട്ടിരുന്നു. വഴക്കിനെ തുടര്‍ന്ന് ഒരിക്കല്‍ നാളുകള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും അഫ്താബ് എത്തി മാപ്പ് പറഞ്ഞതോടെ മകള്‍ തിരികെ പോയെന്നും അച്ഛന്‍ പറഞ്ഞു.

അഫ്താബിനൊപ്പം താമസം ആരംഭിച്ച ശ്രദ്ധ, അയാളെ തന്നെ വിവാഹം കഴിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്ന് യുവതിയുടെ സുഹൃത്തുക്കളും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മുംബൈയില്‍ ഒരുമിച്ച് ജീവിതം ആരംഭിച്ച് അധികസമയം പിന്നിടുന്നതിന് മുമ്പേ അഫ്താബിന്റെ ഉപദ്രത്തെക്കുറിച്ച് പല സുഹൃത്തുക്കളോടും ശ്രദ്ധ സൂചിപ്പിച്ചിരുന്നു. ചില സുഹൃത്തുക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിക്കാന്‍ തുനിഞ്ഞെങ്കിലും ശ്രദ്ധ തന്നെയാണ് ഇവരെ പിന്തിരിപ്പിച്ചത്.

താമസം ഡല്‍ഹിയിലേക്ക്...

ഈ വര്‍ഷം ആദ്യമാണ് അഫ്താബും ശ്രദ്ധയും ഡല്‍ഹിയിലേക്ക് താമസം മാറ്റിയത്. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ഇത്. രണ്ടുപേരും ഛത്തര്‍പുരിലെ പഹാഡിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചു. ഒപ്പം മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലിക്കും കയറി.

ഡല്‍ഹിയിലേക്ക് പോയതോടെ മുംബൈയിലെ സുഹൃത്തുക്കളുമായുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടായി. എന്നാലും ചില സുഹൃത്തുക്കളുമായി വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും ശ്രദ്ധ ബന്ധപ്പെട്ടിരുന്നു. അഫ്താബിനൊപ്പമുള്ള ജീവിതത്തില്‍ താന്‍ നേരിടുന്ന ക്രൂരതകളില്‍ പലതും ശ്രദ്ധ ഇതിനിടെ പങ്കുവെച്ചിരുന്നതായാണ് സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍. അഫ്താബുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രദ്ധ തീരുമാനമെടുത്തിരുന്നതായും ഇവര്‍ സൂചിപ്പിച്ചു. ഇതിന് മുന്‍പ്, അവസാനശ്രമമെന്നനിലയിലാണ് അഫ്താബും ശ്രദ്ധയും ഒരുമിച്ച് ഹിമാചല്‍പ്രദേശിലേക്ക് യാത്ര പോയതെന്നും എന്നാല്‍ അവിടെവെച്ചും ഇവര്‍ക്കിടയില്‍ വഴക്കുണ്ടായെന്നും സുഹൃത്തുക്കള്‍ പറയുന്നു.

നിശ്ചലമായി ഫോണ്‍, സംശയം...

വാട്‌സാപ്പിലടക്കം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്ന ശ്രദ്ധ, നാളുകളായി ഒരു സന്ദേശം പോലും അയക്കാതിരുന്നതാണ് സുഹൃത്തുക്കളില്‍ സംശയം ജനിപ്പിച്ചത്. ഓഗസ്റ്റ് മുതല്‍ ശ്രദ്ധയുടെ വാട്‌സാപ്പ് നമ്പറില്‍നിന്ന് സുഹൃത്തായ ലക്ഷ്മണ്‍ നാദിറിന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. മാത്രമല്ല, ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നായിരുന്നു പ്രതികരണം. ഇതോടെ മറ്റുസുഹൃത്തുക്കള്‍ വഴി വിവരങ്ങള്‍ അറിയാനായിരുന്നു ലക്ഷ്മണിന്റെ ശ്രമം. എന്നാല്‍ ഇതും പരാജയപ്പെട്ടു. ഇതോടെയാണ് ശ്രദ്ധയുടെ സഹോദരനോട് ലക്ഷ്മണ്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്.

മാസങ്ങളായി ശ്രദ്ധയെക്കുറിച്ച് വിവരമൊന്നും ഇല്ലെന്ന് സുഹൃത്തുക്കള്‍ സൂചിപ്പിച്ചതോടെ യുവതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളാണ് കുടുംബം ആദ്യം പരിശോധിച്ചത്. മെയ് മാസത്തിന് ശേഷം ഈ അക്കൗണ്ടുകളിലൊന്നും യാതൊരുവിധ അപ്‌ഡേറ്റുകളും കാണാതിരുന്നത് സംശയം വര്‍ധിപ്പിച്ചു. ഇതോടെയ ശ്രദ്ധയെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛന്‍ മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുംബൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവറിന്റെ ലൊക്കേഷന്‍ ഡല്‍ഹിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസ് ഡല്‍ഹി പോലീസിന് കൈമാറി. ഇതിനിടെ അഫ്താബുമായുള്ള ബന്ധത്തെക്കുറിച്ചും മറ്റുവിവരങ്ങളും അച്ഛന്‍ പോലീസിന് കൈമാറിയിരുന്നു. ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഛത്തര്‍പുരിലെ ഫ്‌ളാറ്റിലാണ് ഇരുവരും താമസിച്ചിരുന്നതെന്ന് കണ്ടെത്തി. പിന്നാലെ അഫ്താബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് മാസങ്ങള്‍ക്ക് മുമ്പ് ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന നടുക്കുന്ന വിവരം പുറത്തറിയുന്നത്.

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു, കഴുത്ത് ഞെരിച്ച് കൊന്നു...

ലിവിങ് ടുഗെദര്‍ പങ്കാളിയായ ശ്രദ്ധ, വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതി അഫ്താബ് പോലീസിന് നല്‍കിയ മൊഴി. വര്‍ഷങ്ങളായി അഫ്താബിനൊപ്പം താമസിക്കുന്ന ശ്രദ്ധയ്ക്ക് ഇയാളെ വിവാഹം കഴിച്ച് ജീവിതം തുടരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അഫ്താബ് ഇതിനെ എതിര്‍ത്തു. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കും പതിവായിരുന്നു. മെയ് 18-ാം തീയതിയും വിവാഹക്കാര്യത്തെച്ചൊല്ലി ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

വെട്ടിനുറുക്കി 35 കഷണങ്ങളാക്കി

യുവതിയെ കൊലപ്പെടുത്തിയശേഷം 35 കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയത്. നേരത്തെ ഷെഫ് ആയി ജോലിചെയ്തിരുന്നതിനാല്‍ ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് പ്രതിക്ക് പരിചയമുണ്ടായിരുന്നു. ഈ പരിചയം ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. ഇവ സൂക്ഷിക്കാനായി 300 ലിറ്ററിന്റെ ഫ്രിഡ്ജും വാങ്ങി.

കൊലപാതകത്തിന് ശേഷം തറയിലെ രക്തം വൃത്തിയാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പ്രതി ഗൂഗിളില്‍ തിരഞ്ഞതായാണ് പോലീസ് പറയുന്നത്. ഗൂഗിളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍പ്രകാരം ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് തറയെല്ലാം വൃത്തിയാക്കി. രക്തംപുരണ്ട വസ്ത്രങ്ങളും ഉപേക്ഷിച്ചു. ഇതിനുശേഷം മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി.

ഇതിനുപിന്നാലെയാണ് സമീപത്തെ കടയില്‍നിന്ന് പുതിയ ഫ്രിഡ്ജ് വാങ്ങിയത്. ഫ്രിഡ്ജ് വീട്ടിലെത്തിച്ചതിന് പിന്നാലെ മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി ഇതെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കുന്നതിന് മുമ്പ് 'ഹ്യൂമന്‍ അനാട്ടമി'യെക്കുറിച്ച് പ്രതി ഗൂഗിളില്‍ തിരഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.

പ്രചോദനമായി അമേരിക്കന്‍ പരമ്പരയും...

സീരിയല്‍ കില്ലറായ ഡെക്സ്റ്റര്‍ മോര്‍ഗന്റെ കഥ പറഞ്ഞ അമേരിക്കന്‍ ടി.വി. പരമ്പരയായ 'ഡെക്സ്റ്ററി'ല്‍നിന്നും പ്രതി പ്രചോദനം ഉള്‍ക്കൊണ്ടതായാണ് പോലീസ് നല്‍കുന്നവിവരം. ഫൊറന്‍സിക് വിദഗ്ധനായ ഡെക്സറ്റര്‍ മോര്‍ഗന്‍ എന്നയാള്‍ രാത്രികാലങ്ങളില്‍ സീരിയല്‍ കില്ലറായി മാറുന്ന യു.എസ്. ടി.വി. പരമ്പരയാണ് ഡെക്സ്റ്റര്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്ത് ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മുറിയില്‍ ചന്ദനത്തിരികള്‍ കത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു.

യുവതിയെ കൊന്ന് വെട്ടിനുറുക്കിയ അതേ മുറിയില്‍ തന്നെയാണ് സംഭവത്തിന് ശേഷം അഫ്താബ് ദിവസവും കിടന്നുറങ്ങിയിരുന്നത്. തുടര്‍ന്ന് 18 ദിവസം കൊണ്ടാണ് ഓരോ അവശിഷ്ടവും ഇയാള്‍ ഉപേക്ഷിച്ചത്.

ദിവസവും അര്‍ധരാത്രി രണ്ടുമണിക്ക് ശേഷം ഫ്‌ളാറ്റിന് പുറത്തിറങ്ങിയിരുന്ന പ്രതി, മെഹ്‌റൗളിയിലെ വനമേഖലയിലെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചത്. എല്ലാ അവശിഷ്ടങ്ങളും ഉപേക്ഷിച്ചതോടെ ഫ്രിഡ്ജ് വൃത്തിയാക്കുകയും ചെയ്തു.

മറ്റുപെണ്‍കുട്ടികളും, സംശയം തോന്നാതിരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലും അടച്ചു...

ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളടക്കം പ്രതി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. സുഹൃത്തുക്കള്‍ക്ക് സംശയം തോന്നാതിരിക്കാനാണ് ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അഫ്താബ് നിരന്തരം ഉപയോഗിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധയുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ, ഏറെക്കാലം ശ്രദ്ധയുടെ മൊബൈല്‍നമ്പര്‍ സ്വിച്ച് ഓഫ് ആക്കിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്.

ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം മറ്റുപെണ്‍കുട്ടികളുമായി പ്രതി അടുപ്പം സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം നടന്ന് ഏകദേശം 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പിലൂടെ മറ്റൊരു പെണ്‍കുട്ടിയെ അഫ്താബ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവരികയും ചെയ്തു. പലതവണ ഈ പെണ്‍കുട്ടി അഫ്താബിന്റെ ഫ്‌ളാറ്റില്‍ വന്നിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം.ഈ സമയത്തെല്ലാം ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജിലിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അന്വേഷണം തുടരുന്നു....

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പ്രതിയുമായി കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്താനുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉള്‍പ്പെടെ ഇതില്‍ കണ്ടെത്തണം.

അതിനിടെ, കഴിഞ്ഞദിവസം മെഹ്‌റോളി വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ ഏതാനും മൃതദേഹഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയുടെ ഫ്‌ളാറ്റില്‍നിന്ന് എല്ലിന്റെ കഷണങ്ങള്‍ പോലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് മനുഷ്യന്റെ ശരീരഭാഗങ്ങളാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.


Content Highlights: shraddha walker murder afthab ameen poonawala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented