'വാര്‍ത്ത കേട്ടാണ് ഞെട്ടിയുണര്‍ന്നത്; നോക്കിക്കൊള്ളാമെന്ന് പോലീസ് പറഞ്ഞു, അവരെന്റെ മകനെ കൊന്നു'


ഷാൻബാബു ജോസഫ് / കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബു ജോസഫിന്റെ അമ്മ ത്രേസ്യാമ്മ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

കോട്ടയം: മകനെ ഗുണ്ടാനേതാവ് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി മരിച്ച ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ''സ്റ്റേഷനിലെത്തി പരാതി കൊടുക്കുമ്പോള്‍ ഷാനിനെ ജോമോനാണ് പിടിച്ചുകൊണ്ടുപോയതെന്ന് പറഞ്ഞിരുന്നു. നോക്കിക്കൊള്ളാമെന്നും പുലര്‍ച്ചെയോടെ ഷാനെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിക്കുമെന്നുമാണ് പോലീസ് പറഞ്ഞത്. പക്ഷേ, ഷാനിന്റെ മൃതദേഹവുമായി കൊലപാതകി സ്റ്റേഷനിലെത്തിയെന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്'' -നിലവിളിയോടെ അവര്‍ പറഞ്ഞു.

''9.30-ന് മകനെ കൊണ്ടുപോയശേഷം വീട്ടില്‍ ഞാനും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവഞ്ചൂരിലെ കുര്യക്കോസ് എന്ന ബന്ധുവുമൊരുമിച്ചാണ് രാത്രി ഒരുമണിയോടെ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. വൈകീട്ട് പന്തുകളികഴിഞ്ഞ് മൂന്നു സുഹൃത്തുക്കളുമായി ഷാന്‍ തിരിച്ചുവരുന്ന വഴിക്കാണ് ആരെയോ കാണിച്ചുകൊടുക്കാന്‍ എന്നുപറഞ്ഞ് ജോമോന്‍ ഷാനിനെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുന്നത്. അവന്റെ കൂട്ടുകാര്‍ ഇക്കാര്യം അറിയിച്ചു. ഉടനെ ബന്ധുവിനെ വിളിച്ച് വിവരം ധരിപ്പിച്ചു. പതിനൊന്നുമണിയോടെ കുര്യക്കോസും കുടുംബവുമെത്തി. ഈ സമയത്ത് ഷാനിന്റെ പല സുഹൃത്തുക്കളെയും ഞാനും മോളും വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ജോമോന്റെയൊപ്പം പോയി എന്നുമാത്രമേ അറിയാമായിരുന്നുള്ളൂ...'' -അവര്‍ പറഞ്ഞു.

ജോമോനെപ്പോലെ ഒരു കുറ്റവാളിയുടെ കൂടെ പോയതിലെ അപകടം ഓര്‍ത്തപ്പോഴാണ് പോലീസിനെ സമീപിക്കാന്‍ ആ അമ്മ തീരുമാനിച്ചത്. ''എനിക്കെന്റെ മകന്‍ നഷ്ടപ്പെട്ടു. അവനെ പോലീസോ സര്‍ക്കാരോ തിരിച്ചുതരുമോ? ജോമോനെപ്പോലെയുള്ള കുറ്റവാളികള്‍ക്ക് നഗരത്തില്‍ സ്വതന്ത്രവിഹാരം നടത്താന്‍ പോലീസ് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? നഗരത്തില്‍ വലിയ കുറ്റകൃത്യം നടന്ന സമയത്തെല്ലാം പോലീസ് എന്തുചെയ്യുകയായിരുന്നു? ഇനിയും മക്കളെ നഷ്ടപ്പെട്ട അമ്മമാര്‍ ഇതുപോലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിലപിക്കാന്‍ ഇടവരുമോ?''- ത്രേസ്യാമ്മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അമ്മയെ നോക്കാനെന്നുപറഞ്ഞ് കാപ്പയില്‍ ഇളവുനേടി; നിരീക്ഷിക്കുന്നതില്‍ പോലീസിന് വീഴ്ച

അമ്മയെ നോക്കാന്‍ ആളില്ലെന്നു പറഞ്ഞാണ് കാപ്പ നടപടിയില്‍നിന്ന് ജോമോന്‍ ഇളവ് നേടിയത്. എസ്.പി.യുടെ റിപ്പോര്‍ട്ട് പ്രകാരമാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവിലൂടെ കാപ്പചുമത്തി ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്. എല്ലാ ആഴ്ചയും കോട്ടയം ഡിവൈ.എസ്.പി. ഓഫീസിലെത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് കോടതി ഇളവനുവദിച്ചത്. കാപ്പ പ്രതി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നിരീക്ഷിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയതാണ് ക്രൂരകൃത്യത്തിലേക്കു നയിച്ചത്. 'കേഡി ജോമോന്‍' എന്നറിയപ്പെടുന്ന ജോമോന്‍ കെ. ജോസ് കൊലപാതക ശ്രമം, ഭവനഭേദനം തുടങ്ങി 11 കേസുകളില്‍ പ്രതിയായിരുന്നു.

സാമൂഹിക മാധ്യമത്തിലെ കമന്റ് നാണക്കേടായെന്ന് മൊഴി

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നാടുകടത്തപ്പെട്ടതോടെ തന്റെ സ്വാധീനം കുറഞ്ഞെന്ന് ജോമോന് തോന്നിയിരുന്നെന്ന് ചോദ്യംചെയ്യലില്‍ പറഞ്ഞതായി പോലീസ് പറയുന്നു. എതിര്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട സൂര്യന്‍ എന്നു വിളിക്കുന്ന ശരത്രാജ്, ജോമോനും സുഹൃത്തുക്കള്‍ക്കുമെതിരേ സാമൂഹിക മാധ്യമത്തില്‍ കമന്റിട്ടിരുന്നു. പലരും ഷെയര്‍ ചെയ്തിരുന്നെന്നും തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയെന്നും കമന്റിട്ടയാളെ കണ്ടെത്താനാണ് അവരുടെ സുഹൃത്തായ ഷാനിനെ വിളിച്ചുകൊണ്ടുപോയതെന്നുമാണ് പ്രതിയുടെ മൊഴി. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ജോമോന്‍ ആദ്യം പറഞ്ഞിരുന്നു.

ശരത്രാജ് എന്ന ഗുണ്ടാനേതാവ് അടുത്തിടെ ജോമോനെ വെല്ലുവിളിച്ചിരുന്നു. ഷാന്‍, ശരത്രാജിന്റെ സുഹൃത്താണെന്ന കാരണത്താലാണ് വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചത്. ഷാനിന്റെപേരില്‍ പോലീസ് സ്റ്റേഷനുകളില്‍ കേസില്ല. ഷാനിനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.

തലയ്‌ക്കേറ്റ ക്ഷതം മരണകാരണമെന്ന് സൂചന

ഷാനിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാല്‍, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിന്‍ഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

ബോംബ് ഭീഷണിക്കേസിലും പ്രതി

ഏതാനും മാസംമുമ്പ് നഗരത്തിനു സമീപം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ ജോമോന്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഓട്ടോഡ്രൈവര്‍ ആഴ്ചകളോളം ആശുപത്രിയിലായി. ഏതാനും വര്‍ഷംമുമ്പ് ലുലുമാളില്‍ ബോംബ് ഭീഷണി മുഴക്കിയ കേസിലും പ്രതിയായിരുന്നു. കുന്നത്തുകളത്തില്‍ ജൂവലറിയിലെ കവര്‍ച്ചക്കേസിലെ പ്രതിയും ജോമോനും ചേര്‍ന്നാണ് അന്ന് ഭീഷണിമുഴക്കിയത്. അന്നും അറസ്റ്റിലായിരുന്നു. ലഹരി ഇടപാടുകളിലെയും കണ്ണിയാണെന്ന സംശയത്തിലാണ് പോലീസ്. ജോമോന്‍ മുമ്പ് നഗരത്തില്‍ ഓട്ടോ ഓടിച്ചിരുന്നു. അടുത്തകാലത്ത് ടി.ബി. റോഡില്‍ തട്ടുകടയുമുണ്ടായിരുന്നു.

Content Highlights: Shan babu's mother raises questions about police and government in his son's Murders

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented