കിർമാണി മനോജിനെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു
കല്പറ്റ : ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കെടുത്ത കിര്‍മാണി മനോജിന് ജയിലും ശിക്ഷയും വിവാദങ്ങളും പുത്തരിയില്ല. ക്വട്ടേഷന്‍ ആക്രമണങ്ങള്‍ക്കിടെ പരിചയപ്പെട്ട സുഹൃത്തുകൂടിയായ കമ്പളക്കാട് മുഹസിന്റെ വിവാഹവാര്‍ഷികാഘോഷത്തിനെത്തിയത് സൗഹൃദത്തെമാത്രം മുന്‍നിര്‍ത്തി. എന്നാല്‍, എന്‍.ഡി.എം.എ.യും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തതോടെ ചെറിയകേസുകളില്‍ ഉള്‍പ്പെട്ടതിന്റെ നാണക്കേടിലാണ് കിര്‍മാണി മനോജെന്ന് പോലീസുകാര്‍ പറഞ്ഞു. ചെറിയകേസിലെല്ലാംപെട്ട് നാണക്കേടായല്ലോ എന്നാണ് അന്വേഷണോദ്യോഗസ്ഥരോടും അയാള്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ മാസ്‌കിട്ട് മുഖംമറച്ചാണ് കിര്‍മാണി മനോജ് പ്രത്യക്ഷപ്പെട്ടതും.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള ഇളവുകളുടെ ഭാഗമായാണ് വിയ്യൂരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കിര്‍മാണി മനോജ് പുറത്തിറങ്ങിയത്. 2021 മേയ് അഞ്ചിന് പരോളില്‍ ഇറങ്ങിയ മനോജ് കഴിഞ്ഞ ഒമ്പതുമാസത്തോളമായി പുറത്താണ്. മനോജടക്കം 1201 പേര്‍ക്കാണ് പരോള്‍ അനുവദിച്ചിരുന്നത്. ഇതിനിടെ 2021 സെപ്റ്റംബറില്‍ തിരിച്ചുകയറാന്‍ തടവുകാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, ചില തടവുകാര്‍ ഇതിനെതിരേ കോടതിയില്‍ പോയി സ്റ്റേ വാങ്ങി. ഈ സ്റ്റേയുടെ ആനുകൂല്യം പറഞ്ഞാണ് മനോജ് പുറത്തു തുടര്‍ന്നത്.
കിര്‍മാണി മനോജ് ഉള്‍പ്പെടെയുള്ള സംഘം വിവാഹവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ നേരത്തേതന്നെ റിസോര്‍ട്ടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും കിര്‍മാണി മനോജ് പ്രതിയാണ്.
ടി.പി. കേസ് വിചാരണക്കാലയളവില്‍ ജയിലില്‍നിന്ന് ഫെയ്സ്ബുക്ക് ഉപയോഗിച്ചത് വിവാദമാവുകയും ആ കേസിലും വിചാരണ നേരിടുകയും ചെയ്തിരുന്നു. ജയില്‍വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളടക്കമാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കിട്ടത്. വിചാരണക്കാലയളവില്‍പ്പോലും ടി.പി. വധക്കേസ് പ്രതികള്‍ക്ക് മൊബൈലും മറ്റു സൗകര്യങ്ങളും ജയിലില്‍ ലഭിച്ചത് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..