
Image: AFP
പാരീസ്: ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയുടെ മീ ടൂ ആരോപണത്തിന് പിന്നാലെ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്കാര്‍ഡ് ഡി എസ്തേങ്ങിനെതിരേ അന്വേഷണം. 2018-ല്‍ ഒരു അഭിമുഖത്തിനിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും ആരോപിച്ചാണ് ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയായ ആന്‍ കാതറിന് സ്ട്രാക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് പ്രാഥമികാന്വേഷണം നടത്തുകയാണെന്നും പാരീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണം വലേരി പൂര്‍ണമായും നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം താന്‍ ഓര്‍ക്കുന്നില്ലെന്നും പരാതിയെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് മാസം മുമ്പാണ് ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയായ ആന്‍ കാതറിന് സ്ട്രാക്ക് മുന്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരേ ആരോപണം ഉന്നയിച്ചത്. 2018 ഡിസംബറില്‍ പാരീസില്‍ ഒരു അഭിമുഖത്തിനായി പോയ സമയത്താണ് അദ്ദേഹത്തില്‍നിന്ന് ദുരനുഭവമുണ്ടായതെന്നായിരുന്നു കാതറിന്റെ ആരോപണം. അഭിമുഖത്തിന് ശേഷം ഫോട്ടോ എടുക്കുന്നതിനിടെ മുന്‍ പ്രസിഡന്റ് തന്റെ ശരീരത്തില്‍ കയറിപിടിച്ചെന്നും മോശമായ രീതിയിലുള്ള പെരുമാറ്റം മിനിറ്റുകളോളം തുടര്‍ന്നു എന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി.
1974 മുതല്‍ 1981 വരെയാണ് ഗിസ്കാര്‍ഡ് ഡി എസ്തേങ് ഫ്രഞ്ച് പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയത്. കൂടാതെ വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായം 18 ആക്കിയതും വിവാഹമോചന നടപടികള്‍ ലഘൂകരിച്ചതും ഗിസ്കാര്ഡിന്റെ ഭരണകാലത്തായിരുന്നു. 94 വയസ്സുകാരനായ അദ്ദേഹം രണ്ട് പ്രണയ നോവലുകളും എഴുതിയിട്ടുണ്ട്.
Content Highlights: sexual assault complaint; investigation against ex french president
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..