ചില കുട്ടികളെ നോക്കിവെയ്ക്കും, പലരീതിയില്‍ ഉപദ്രവം; മലപ്പുറത്തെ അധ്യാപകനെതിരേ കൂട്ട ലൈംഗികാരോപണം


അഫീഫ് മുസ്തഫ

കെ.വി. ശശികുമാർ Photo: lsgkerala.gov.in

മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായ കെ.വി. ശശികുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍. മലപ്പുറം നഗരത്തിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആരോപണം. ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികളാണ് ഇയാളില്‍നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതെന്നും ഇതേത്തുടര്‍ന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കിയതെന്നും കൂട്ടായ്മയുടെ പ്രതിനിധിയായ അഡ്വ. ബീന പിള്ള മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

സ്‌കൂളില്‍ ഗണിത അധ്യാപകനായിരുന്ന കെ.വി. ശശികുമാര്‍ മാര്‍ച്ചിലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. വിരമിക്കലിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ കണ്ട ഒരു പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ശശികുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധ്യാപകനില്‍നിന്ന് ദുരനുഭവമുണ്ടായ കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സ്‌കൂളില്‍ നേരത്തെ പഠിച്ച ഒട്ടേറെ പെണ്‍കുട്ടികളും യുവതികളുമാണ് ഇയാളില്‍നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതികരിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ലൈംഗികാതിക്രമത്തില്‍ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലും ശശികുമാര്‍ മോശമായരീതിയിലുള്ള കമന്റ് ചെയ്തിരുന്നതായാണ് പൂര്‍വ വിദ്യാര്‍ഥികള്‍ പറയുന്നത്. പിന്നീട് ഇയാള്‍തന്നെ ഈ കമന്റ് ഒഴിവാക്കുകയായിരുന്നു.

ശശികുമാറിനെതിരേ ഒട്ടേറെ ആരോപണങ്ങള്‍ വന്നതോടെയാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഇക്കാര്യത്തില്‍ ആദ്യം അന്വേഷണം നടത്തിയതെന്ന് കൂട്ടായ്മയുടെ പ്രതിനിധിയായ ബീന പിള്ള പറഞ്ഞു. 'ഒരുപാട് വിവരങ്ങളാണ് പൂര്‍വ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്. ശരീരത്തില്‍ സ്പര്‍ശിച്ചത് പോലെയുള്ള അതിക്രമമാകും അധികം സംഭവിച്ചിട്ടുണ്ടാകുകയെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍ പലരും അവരുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയി. ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായ രണ്ട് കുട്ടികള്‍ ആത്മഹത്യാശ്രമം നടത്തിയ സംഭവമുണ്ടായി. ഒരു കുട്ടിക്ക് നേരേ ക്രൂരമായ ലൈംഗികാതിക്രമമാണ് ഉണ്ടായത്. ശരീരത്തില്‍ മുറിവേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യമുണ്ടായെന്നും ബീന പിള്ള പറഞ്ഞു.

'30 വര്‍ഷത്തിലേറെയാണ് ശശികുമാര്‍ സ്‌കൂളില്‍ സര്‍വീസിലുണ്ടായിരുന്നത്. ഇക്കാലയളവില്‍ ഒട്ടേറെ കുട്ടികള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടാകും. ഒമ്പത് വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള യു.പി. ക്ലാസുകളിലെ കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്. നേരിട്ടത് ലൈംഗികാതിക്രമമാണെന്ന് പലര്‍ക്കും ആ പ്രായത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇത് മനസിലാക്കി സ്‌കൂളില്‍ പരാതി നല്‍കിയാലും പരാതിപ്പെട്ടവരെ വഴക്ക് പറയുകയായിരുന്നു സ്‌കൂളിലെ രീതി. കുട്ടികള്‍ പല സമയത്തും സ്‌കൂളില്‍ പരാതി നല്‍കിയിരുന്നു. ചിലര്‍ മാതാപിതാക്കളെയും കൂട്ടിയെത്തിയാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതിയുമായെത്തുന്ന പെണ്‍കുട്ടികളെ പോലീസ് കേസും മറ്റും പറഞ്ഞ് അധികൃതര്‍ പിന്തിരിപ്പിക്കുകയാണ് ചെയ്തിരുന്നത്. പരാതി രേഖാമൂലം വേണമെന്നും പോലീസിന് കൈമാറണമെന്നും പറയുമ്പോള്‍ സ്വാഭാവികമായും കുട്ടികളും മാതാപിതാക്കളും ഭയന്നുപിന്മാറുകയായിരുന്നു. കുട്ടികളെ പോലീസ് സ്റ്റേഷനില്‍ കയറ്റിയിറക്കാന്‍ ആരും തയ്യാറാകില്ലല്ലോ. അതിനാല്‍ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. പോക്സോ നിയമമെല്ലാം വരുന്നതിന് മുമ്പായിരുന്നു പല സംഭവങ്ങളും.- ബീന പിള്ള വിശദീകരിച്ചു.

യു.പി. ക്ലാസുകളില്‍ പഠിപ്പിച്ചിരുന്ന ശശികുമാര്‍ ക്ലാസ് മുറിയില്‍വെച്ചാണ് മിക്ക പെണ്‍കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പൂര്‍വ വിദ്യാര്‍ഥികളുടെ ആരോപണം. ക്ലാസിലെ അഞ്ചോ ആറോ പെണ്‍കുട്ടികളെ ഇയാള്‍ ആദ്യമേ നോക്കിവെയ്ക്കും. തടിച്ച പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇങ്ങനെ നോക്കിവെയ്ക്കാറുള്ളത്. പിന്നീട് ഇവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചും മറ്റും ഉപദ്രവിക്കുന്നതായിരുന്ന രീതി. കുട്ടികളുടെ ദേഹത്ത് വെള്ളമൊഴിക്കുക, ശരീരത്തിന്റെ പലഭാഗങ്ങളിലും സ്പര്‍ശിക്കുക തുടങ്ങി പലരീതിയിലാണ് അധ്യാപകന്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നും പൂര്‍വ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇയാള്‍ പലതവണ മദ്യപിച്ചാണ് ക്ലാസിലെത്തിയിരുന്നതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയവരും അടുത്തിടെ സ്‌കൂളില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ചവരും അടക്കം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ 60-ഓളം പേര്‍ ചേര്‍ന്നാണ് കെ.വി. ശശികുമാറിനെതിരേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. ലൈംഗികാതിക്രമത്തിന് ഇരയായവരും ഇതില്‍ ഉള്‍പ്പെടും. ഇവരുടെ പരാതിയില്‍ മലപ്പുറം വനിതാ പോലീസ് കഴിഞ്ഞദിവസം ശശികുമാറിനെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ പോലീസ് നല്ലരീതിയിലാണ് സഹകരിക്കുന്നതെന്നും ഇരകളില്‍നിന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ബീന പിള്ള വ്യക്തമാക്കി.

' എസ്.പി.യുമായി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്കറിയാവുന്നതിലേക്കാള്‍ കൂടുതല്‍ വിവരം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിക്രമം നേരിട്ട പലരും പിന്നീട് ഇക്കാര്യത്തെക്കുറിച്ച് സ്‌കൂളില്‍ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ അധ്യാപകനുമായി കൊഞ്ചികുഴയാന്‍ പോയിട്ടല്ലേ, അതിന് പോകേണ്ടല്ലോ എന്നെല്ലാമായിരുന്നു സ്‌കൂള്‍ അധികൃതര്‍ അവര്‍ക്ക് നല്‍കിയ മറുപടി. അതിക്രമം നേരിട്ടാല്‍ സ്‌കൂളില്‍ പരാതിയുമായി സമീപിക്കാന്‍ പോലും ഇതോടെ കുട്ടികള്‍ ഭയപ്പെട്ടു. 2019-ല്‍ ശശികുമാറിനെതിരേ ഒരാള്‍ സ്‌കൂളിന് ഇ-മെയില്‍ അയച്ചിരുന്നു. ഈ അധ്യാപകന്‍ പീഡോഫൈല്‍ ആണെന്നും എന്താണ് പീഡോഫീലിയ എന്നും വിശദീകരിച്ചുള്ള ഇ-മെയില്‍ സന്ദേശമായിരുന്നു അത്. ഇ-മെയിലിന്റെ പകര്‍പ്പ് എനിക്കും ലഭിച്ചിരുന്നു. പക്ഷേ, അന്ന് ഇ-മെയിലില്‍ നല്‍കിയ പരാതിയിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ല. കേരളത്തിലെ ഒത്തിരി സ്‌കൂളുകളില്‍ ഇത്തരം അനുഭവങ്ങളുണ്ട്. ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കുന്നത് പോലെ പോക്സോ നിയമം, ജെന്‍ഡര്‍ സിസ്റ്റം തുടങ്ങിയവ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെ പല സ്‌കൂളുകളിലും പല ശശിമാരും ഒളിച്ചിരിക്കുന്നുണ്ടാകും. എത്രകാലം കഴിഞ്ഞാലും ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷ കിട്ടുമെന്ന് അവരും അറിയണം'- ബീന പിള്ള പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും പൂര്‍വ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ശശികുമാറിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടക്കം തടഞ്ഞുവെയ്ക്കാനും ഇവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ലൈംഗികാരോപണങ്ങളിലെ പ്രതികരണത്തിനായി ശശികുമാറിനെ മാതൃഭൂമി ഡോട്ട് കോം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇദ്ദേഹത്തിന്റെ ഫോണിലേക്കുള്ള കോളുകള്‍ താത്കാലികമായി ലഭ്യമല്ലെന്നായിരുന്നു സന്ദേശം.

അതേസമയം, ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ സി.പി.എം. ശശികുമാറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. വെളുത്തേടത്തുമണ്ണ ബ്രാഞ്ചംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ കെ.വി. ശശികുമാറിനെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കു നിരക്കാത്ത ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന്റെ പേരില്‍ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തെന്നായിരുന്നു സി.പി.എം. ജില്ലാക്കമ്മിറ്റിയുടെ പത്രക്കുറിപ്പ്. ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കിയെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിക്ക് പിന്നാലെ ശശികുമാര്‍ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. മൂന്നുതവണയാണ് ശശികുമാര്‍ മലപ്പുറം മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവുമൊടുവില്‍ സി.പി.എമ്മിന്റെ കുത്തക ഡിവിഷനായ മൂന്നാംപടിയില്‍നിന്നാണ് ജയിച്ചുകയറിയത്. ശശികുമാറിന്റെ രാജിയോടെ മൂന്നാംപടി ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി.

Content Highlights: sexual assault allegation against school teacher kv sasikumar malappuram police booked pocso case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented