Photo: Twitter.com|apexworldnews
മോസ്കോ: 52 ദിവസം തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ ഏഴ് വയസ്സുകാരനെ അതി നാടകീയ നീക്കത്തിനൊടുവിൽ മോചിപ്പിച്ചു. റഷ്യയിലെ വ്ളാദിമിർ മേഖലയിലെ മകാരിഗയിൽ വീടിന്റെ ഭൂഗർഭ അറയിൽനിന്നാണ് പ്രത്യേക ദൗത്യസംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ദിമിത്രി കോപിലോവിനെ(26) പോലീസ് പിടികൂടി.
സെപ്റ്റംബർ 28-ന് സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ ഏഴ് വയസ്സുകാരനെയാണ് ദിമിത്രി കോപിലോവ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് തന്റെ വീട്ടിലെ രഹസ്യഅറയിൽ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട തടങ്കൽ ജീവിതത്തിനിടെ പ്രതി കുട്ടിയെ 'ബ്രെയിൻവാഷ്' ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ പ്രതി ഡാർക്ക് വെബ്ബിൽ നടത്തിയ ചില ഇടപെടലുകളാണ് സംഭവത്തിൽ നിർണായകമായത്.
കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ദിമിത്രി കോപിലോവ് ഇതേക്കുറിച്ച് ഡാർക്ക് വെബ്ബിലെ ചാറ്റുകളിൽ പ്രതിപാദിച്ചിരുന്നു. ഡാർക്ക് വെബ്ബിൽ സസൂക്ഷ്മം നിരീക്ഷണം നടത്തിയിരുന്ന അമേരിക്ക ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ ഇന്റലിജൻസ് സംഘങ്ങളും ഇന്റർപോളും ഇക്കാര്യം റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതിയെ തിരിച്ചറിയാനും കുട്ടിയെ തടവിൽ പാർപ്പിച്ച സ്ഥലം മനസിലാക്കാനും ഇതിലൂടെ സാധിച്ചു. തുടർന്ന് പോലീസും സൈന്യവും വൊളന്റിയർമാരും ചേർന്ന പ്രത്യേക സംഘമാണ് പ്രതിയുടെ വീട്ടിൽനിന്ന് കുട്ടിയെ മോചിപ്പിച്ചത്.
ഇരുമ്പ് വാതിലും ജനലും തകർത്താണ് ഉദ്യോഗസ്ഥർ ഭൂഗർഭ അറയ്ക്കുള്ളിൽ പ്രവേശിച്ചത്. ഒരു കട്ടിലും ശബ്ദം പുറത്ത് കേൾക്കാതിരിക്കാനുള്ള സംവിധാനങ്ങളും രഹസ്യ അറയിലുണ്ടായിരുന്നു. ഭൂഗർഭ അറയിലാണ് കുട്ടിയെ തടവിൽപാർപ്പിച്ചിരുന്നതെങ്കിലും വീടിന്റെ മുകൾ നിലയിലായിരുന്നു പ്രതിയുടെ താമസം.
പോലീസും സൈനിക ഉദ്യോഗസ്ഥരും വൊളന്റിയർമാരുമടക്കം ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ആയുധധാരികളായ ഉദ്യോഗസ്ഥർ പ്രതിയുടെ വീട് വളഞ്ഞ് നിമിഷങ്ങൾക്കകം രഹസ്യഅറയിലേക്കുള്ള വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മാതാപിതാക്കളെ കണ്ടതോടെ ഏഴ് വയസ്സുകാരൻ സന്തോഷവാനായെന്നും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായുള്ള പിന്തുണയും ചികിത്സയും ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.
Details of this international success story https://t.co/0kjNf4KlJk
Video courtesy of the Russian Ministry of Interior pic.twitter.com/pFv1jklD9n
— INTERPOL (@INTERPOL_HQ) November 20, 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..