പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഏഴ് തടവുകാര്‍ ജയില്‍ ചാടി. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘട്ട് ജയിലില്‍നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തടവുകാര്‍ രക്ഷപ്പെട്ടത്. ജയില്‍ ഉദ്യോഗസ്ഥരുടെ മുഖത്ത് മുളകുപൊടിയും കുരുമുളക് പൊടിയും എറിഞ്ഞ ശേഷം ഉദ്യോഗസ്ഥരെ മര്‍ദിച്ചാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
അത്താഴത്തിനായി ലോക്കപ്പുകളില്‍നിന്ന് തടവുകാരെ പുറത്തിറക്കിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. ലോക്കപ്പില്‍നിന്ന് പുറത്തിറങ്ങിയ തടവുകാര്‍ കൈയില്‍ കരുതിയ മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ജയില്‍ ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. ലോക്കപ്പ് സെല്ലിന്റെ വലിയ ലോക്ക് കൊണ്ട് തലയ്ക്കടിയേറ്റാണ് ഇദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും രക്ഷപ്പെട്ട തടവുകാര്‍ കവര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും രക്ഷപ്പെട്ടവരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐ.ജി. ചുഗു ആപ മാധ്യമങ്ങളോട് പറഞ്ഞു. ജയില്‍ ചാടിയവരെ കണ്ടെത്താന്‍ പോലീസും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. കോവിഡ് കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പ്രതികള്‍ക്ക് നഗരം വിട്ടുപോകാന്‍ പ്രയാസമാകുമെന്നും ഉടന്‍തന്നെ ഇവരെ പിടികൂടാനാകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: seven prisoners escaped from jail in arunachal pradesh
Watch Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..