44 ദിവസം, ഏഴ് കൊലപാതകം; കൊലക്കളമായി കൊച്ചി, പിടിവിട്ട് സിറ്റി പോലീസ്


ടി.ജെ. ശ്രീജിത്ത്

കൊച്ചി നഗരത്തില്‍ പോലീസിന്റെ രാത്രികാല പട്രോളിങ്ങിന് പഴയ ശേഷിയില്ല. ചില രാത്രികളില്‍ ഒരു പോലീസ് വണ്ടിപോലും നഗരത്തിലുണ്ടാകില്ല. പ്രധാന ജങ്ഷനുകളില്‍ പോലീസ് സാന്നിധ്യമുണ്ടായാല്‍ത്തന്നെ അക്രമങ്ങളും മയക്കുമരുന്ന്-സാമൂഹികവിരുദ്ധ ഇടപാടുകളും കുറയും.

കൊച്ചി നഗരത്തിന്റെ രാത്രികാലദൃശ്യം | ഫയൽചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി

കൊച്ചി: കൊലക്കളമായി മാറുകയാണ് കൊച്ചി നഗരം. വെറും 44 ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് നഗരഹൃദയത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്നത്. സംസ്ഥാനത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം അരക്ഷിതാവസ്ഥയിലേക്ക് നഗരരാത്രികള്‍ മാറുന്നു.

'കൊക്കൂണ്‍' സമ്മേളനത്തിനായി സംസ്ഥാന പോലീസ് മേധാവിയടക്കമുള്ള ഉന്നതരെല്ലാം കഴിഞ്ഞദിവസങ്ങളിലുണ്ടായിട്ടും ഒരു ഉന്നതതല യോഗം ചേര്‍ന്ന് നഗരത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ശ്രമിച്ചില്ല. ഇന്ത്യയില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരമായി മാറിയെന്ന എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ടുണ്ടായിട്ടും പ്രത്യേകസംഘത്തെ നിയോഗിക്കുകയോ, രാത്രി പട്രോളിങ്ങും ഷാഡോ പോലീസിങ്ങും ശക്തമാക്കുകയോ ചെയ്തിട്ടില്ല. ഏറ്റവുമവസാനം പോലീസ് നിയന്ത്രണവും ബന്തവസ്സുമുണ്ടാകേണ്ട പൊതുപരിപാടിയിലാണ് സംഘര്‍ഷവും അതിന് പിന്നാലെ കൊലപാതകവും നടന്നത്.കുറ്റകൃത്യങ്ങളുടെ നഗരം

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി.) 2021-ലെ സമഗ്രവിവരശേഖരണ കണക്കു പ്രകാരം ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യത്തെ മൂന്നാമത്തെ നഗരമാണ് കൊച്ചി. ഡല്‍ഹിക്കും ഗുജറാത്തിലെ സൂറത്തിനുമാണ് ആദ്യ രണ്ടു സ്ഥാനങ്ങള്‍. കൊച്ചിയില്‍ ഒരുലക്ഷം പേര്‍ക്കിടയില്‍ 1,603.7 കുറ്റകൃത്യങ്ങള്‍ നടക്കുന്നതായാണ് കണക്ക്. ഡല്‍ഹിയിലിത് 1,859-ഉം സൂറത്തില്‍ 1,675-ഉം ആണ്. 2021-ല്‍ കരുതിക്കൂട്ടിയുള്ള കൊലപാതക കുറ്റകൃത്യങ്ങള്‍ പത്തെണ്ണമാണ് നടന്നത്.

കൊല 01

44 ദിവസത്തെ കൊലപാതക പരമ്പരയിലെ ആദ്യത്തേത് ഓഗസ്റ്റ് 11-ന് എറണാകുളം ടൗണ്‍ഹാളിന് സമീപമാണ് നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കൊല്ലം സ്വദേശി എഡിസണാണ് അര്‍ധരാത്രിയോടെ കുത്തേറ്റ് മരിച്ചത്. മുളവുകാട് ചുങ്കത്ത് സുരേഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ ഇതുവരെ പിടികൂടാനായില്ല. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പോലീസിന് ഇയാള്‍ എങ്ങോട്ടുപോയെന്നുപോലും കണ്ടെത്താനായിട്ടില്ല.

കൊല 02

എഡിസന്റെ കൊലപാതകം നടന്ന് കൃത്യം മൂന്നാം ദിവസമാണ് എറണാകുളം സൗത്തില്‍ അര്‍ധരാത്രി വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്നത്. സൗത്ത് പാലത്തിന് താഴെ നിന്നിരുന്ന ട്രാന്‍സ്ജെന്‍ഡറുകളുടെ അടുത്തേക്കെത്തിയ ഹര്‍ഷാദ്, സുധീര്‍, തോമസ് എന്നിവരും അവിടെയുണ്ടായിരുന്ന ശ്യാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ൈകയിലിരുന്ന കത്തിയെടുത്ത് ഹര്‍ഷാദ് ശ്യാമിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഒളിവില്‍പ്പോയ പ്രതികളെ പോലീസ് തൊട്ടടുത്ത ദിവസംതന്നെ പിടികൂടി.

കൊല 03

രണ്ടാം കൊലപാതകം കഴിഞ്ഞ് രണ്ടാംദിവസമായ ഓഗസ്റ്റ് 16-നാണ് മൂന്നാമത്തെ കൊലപാതകം നടന്നതായി അറിയുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്‌ലാറ്റില്‍ ഹോട്ടല്‍ ജീവനക്കാരനായ സജീവ് കൃഷ്ണയെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

ഫ്‌ലാറ്റില്‍ ഒപ്പമുണ്ടായിരുന്ന അര്‍ഷാദിനെ രണ്ടുദിവസത്തിന് ശേഷം കാസര്‍കോട് നിന്നാണ് പോലീസ് പിടിച്ചത്. മയക്കുമരുന്ന് വ്യാപാര തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊല 04

മൂന്നാമത്തെ കൊലപാതകം കഴിഞ്ഞ് 11 ദിവസത്തിന് ശേഷം ഓഗസ്റ്റ് 28-നാണ് നാലാമത്തെ കൊലപാതകം നടക്കുന്നത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സുഹൃത്തായ പാലക്കാട് സ്വദേശി അജയിനെ നെട്ടൂരിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തി ഭര്‍ത്താവ് സുരേഷ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അടിയേറ്റ് ഓടിയ അജയ്, നെട്ടൂര്‍ മാര്‍ക്കറ്റ്‌റോഡില്‍ വീണ് മരിക്കുകയായിരുന്നു. പ്രതിയെ അന്നുതന്നെ പോലീസ് അറസ്റ്റു ചെയ്തു.

കൊല 05

നാലാം കൊലപാതകം കഴിഞ്ഞ് 12 ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 10-നാണ് അഞ്ചാമത്തെ കൊലപാതകം. പണമിടപാടു സംബന്ധിച്ച് കലൂരില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ വെണ്ണല സ്വദേശി സജിന്‍ സഹീര്‍ കൊല്ലപ്പെടുകയായിരുന്നു. മുന്‍ വൈരാഗ്യവും സാമൂഹികമാധ്യമത്തിലെ പോസ്റ്റും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പോലീസ്ഭാഷ്യം.

കൊല 06

അഞ്ചാമത്തെ കൊലപാതകത്തിന് ശേഷം വീണ്ടുമൊരു കത്തിക്കുത്തുണ്ടാകുന്നത് സെപ്റ്റംബര്‍ 18-ന് ആണ്. ഇരുമ്പനത്താണ് കത്തിക്കുത്ത് നടന്നത്. പുത്തന്‍കുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രവീണ്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയില്‍ അഖിലാണ് മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രവീണിനെ വയറ്റില്‍ കുത്തി വീഴ്ത്തിയത്. കുത്തു കിട്ടിയതിനെ തുടര്‍ന്ന് മുണ്ടെടുത്ത് വയറ്റില്‍ മുറുക്കി കെട്ടി ബൈക്ക് ഓടിച്ച് സ്വകാര്യ ആശുപത്രിയിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സയിലായിരുന്ന പ്രവീണ്‍ ശനിയാഴ്ചയാണ് മരിച്ചത്. അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊല 07

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് മുന്നില്‍ ലേസര്‍ സംഗീതനിശ പാര്‍ട്ടിക്കിടെയുണ്ടായ കത്തിക്കുത്തില്‍ എം.ആര്‍. രാജേഷ് കൊല്ലപ്പെടുന്നത് നഗരത്തിലെ അഞ്ചാം കൊലപാതകം കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ്. കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന പരിപാടിക്ക് ആവശ്യത്തിന് പോലീസ് ബന്തവസ്സുണ്ടായിരുന്നില്ല. സംഘാടകര്‍ ജി.സി.ഡി.എ.യുടെ അനുമതി വാങ്ങിയിരുന്നെങ്കിലും പോലീസിന്റെ മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അനുമതിയില്ലാതെ ഇത്രവലിയ രീതിയില്‍ സംഘടിപ്പിക്കുന്ന പരിപാടി പോലീസ് തടയേണ്ടതായിരുന്നു. അതുണ്ടായില്ല.

മയക്കുമരുന്നിന്റെ പിന്നാലെ

കൊച്ചി നഗരത്തില്‍ നിര്‍ബാധം മയക്കുമരുന്നിടപാടുകള്‍ നടക്കുന്നു. പിടിക്കപ്പെടുന്നത് വളരെ കുറവ് മാത്രമാണ്. എക്‌സൈസിനോ, പോലീസിനോ കാര്യമായൊന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്.ക്രിമിനല്‍ സംഘങ്ങളില്‍ നിന്നും പോലീസിന് വിവരങ്ങള്‍ ചോര്‍ന്നുകിട്ടുന്നത് കുറഞ്ഞുവെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. നടന്ന കൊലപാതകങ്ങളില്‍ ചിലതിന് മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ട്.

കലൂര്‍ സ്റ്റേഡിയം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നുണ്ട്. ജൂലായ് 20-ന് കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ എം.ഡി.എം.എ.യുമായി പിടികൂടിയ ഹാറൂണ്‍ സുല്‍ത്താനില്‍നിന്ന് നീണ്ട അന്വേഷണം ബെംഗളൂരു മയക്കുമരുന്ന് മാഫിയയിലേക്കും ഘാന, നൈജീരിയന്‍ സ്വദേശികളുടെ അറസ്റ്റിലേക്കും നയിച്ചിരുന്നു.

ട്രാന്‍സ്ജെന്‍ഡറുകളെ തേടി എത്തുന്നവര്‍

കൊച്ചി നഗരരാത്രികളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ തേടിയെത്തുന്നവരുടെ നിര കാണാം. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള ആഡംബരക്കാറുകളിലെത്തുന്നവര്‍ മുതലുണ്ട് ഈ കൂട്ടത്തില്‍. രാത്രി 11 മണിയോടെ നഗരത്തിലെ സ്ഥിരം ഇടങ്ങളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രത്യക്ഷപ്പെടും. അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപം, സൗത്ത്-നോര്‍ത്ത് പാലങ്ങള്‍ക്ക് സമീപം, വളഞ്ഞമ്പലം ജങ്ഷന്‍, കലൂര്‍ ജങ്ഷന്‍, സ്റ്റേഡിയത്തിന് സമീപം, പാലാരിവട്ടം, ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം എന്നിവിടങ്ങളില്‍ ഇവരെ തേടിയെത്തുന്നവരെ കാണാം. ഇതില്‍ പ്രധാന കേന്ദ്രമാണ് കണ്ടെയ്നര്‍ റോഡ്.

രാത്രികാല പട്രോളിങ് എവിടെ

കൊച്ചി നഗരത്തില്‍ പോലീസിന്റെ രാത്രികാല പട്രോളിങ്ങിന് പഴയ ശേഷിയില്ല. ചില രാത്രികളില്‍ ഒരു പോലീസ് വണ്ടിപോലും നഗരത്തിലുണ്ടാകില്ല. പ്രധാന ജങ്ഷനുകളില്‍ പോലീസ് സാന്നിധ്യമുണ്ടായാല്‍ത്തന്നെ അക്രമങ്ങളും മയക്കുമരുന്ന്-സാമൂഹികവിരുദ്ധ ഇടപാടുകളും കുറയും.

സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ടി.ജെ. വിനോദ് എം.എല്‍.എ. അയച്ച തുറന്ന കത്ത്

പ്രിയപ്പെട്ട കമ്മിഷണര്‍,

താങ്കള്‍ക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാല്‍ കൊച്ചി നഗരത്തില്‍ താമസിക്കുന്ന ഞാനുള്‍പ്പെടെയുള്ളവര്‍ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തകള്‍ കേട്ടാണ് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങള്‍ ഞാന്‍ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാല്‍, ഇന്നലെയും കലൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒന്നര മാസത്തിനിടയില്‍ നഗരത്തില്‍ കൊല്ലപ്പെട്ടത് 6 പേര്‍. ഇത്രയേറെയാളുകള്‍ കൊല്ലപ്പെടുമ്പോള്‍ നഗരത്തില്‍ പോലീസുകാര്‍ എന്താണു ചെയ്യുന്നതെന്നു ചോദിച്ചാല്‍ താങ്കള്‍ പരിഭവിക്കരുത്.

കൊലപാതകങ്ങള്‍ നടന്നതിനു ശേഷം പോലീസ് പ്രതിയെ പിടികൂടിയെന്നു കൊട്ടിഘോഷിച്ചിട്ടു കാര്യമില്ല. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത വിധം നഗരത്തിലെ സുരക്ഷ ഉറപ്പു വരുത്തുകയെന്നതാണു പോലീസിന്റെ പ്രഥമ ദൗത്യം. അക്കാര്യത്തില്‍ പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് പറയാന്‍ എനിക്കൊട്ടും മടിയില്ല.

നഗരത്തില്‍ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നില്‍ ലഹരി സംബന്ധമായ തര്‍ക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു. നഗരത്തിന്റെ മുക്കിലും മൂലയിലും ലഹരി ഉപയോഗം വ്യാപകമാണ്. ഓരോ ദിവസവും ലഹരിയുടെ വലകള്‍ കൂടുതല്‍ പേരെ മുറുക്കുകയാണ്. നമ്മുടെ ചെറുപ്പക്കാരും കുട്ടികളുമെല്ലാം ആ ലഹരിവലയില്‍ കുടുങ്ങി ഇല്ലാതാകുകയാണ്. ലഹരി സംഘങ്ങള്‍ പോലീസിനെ ഭയപ്പെടുന്നില്ലെന്നു തന്നെ കരുതണം. അതുകൊണ്ടാണ് ഇത്രയും വ്യാപകമായ രീതിയില്‍ ലഹരി ഇടപാടുകള്‍ ഇവിടെ നടക്കുന്നത്. ലഹരിയുടെ പിടിയില്‍നിന്നു നമ്മുടെ നാടിനെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്വവും നിയമപാലകര്‍ക്കുണ്ട്.

പോലീസും എക്സൈസും ചേര്‍ന്ന് ഇതിനു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ഉടനടി നടപ്പാക്കേണ്ടതുണ്ട്. നഗരത്തിന്റെ മുക്കിലും മൂലയിലും പോലീസ് സാന്നിധ്യം ഉറപ്പു വരുത്തുന്ന വിധം പട്രോളിങ് ശക്തമാക്കണം.

കൊലപാതകങ്ങളെയും ലഹരി ഇടപാടുകളെയും തടയാന്‍ താങ്കളും പോലീസും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും മുന്‍കൂട്ടി തന്നെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കട്ടെ. ഇനിയും ഒരു കൊലപാതകങ്ങള്‍ പോലും നടക്കാത്ത വിധം നഗരത്തിനു പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ. വീടുകളില്‍ ധൈര്യമായിരിക്കാന്‍ ഓരോ നഗരവാസിക്കും കഴിയുന്ന വിധത്തില്‍ ഈ നാടു മാറുമെന്ന പ്രത്യാശയോടെ,

സ്നേഹപൂര്‍വം,

ടി.ജെ. വിനോദ് എം.എല്‍.എ.


Content Highlights: seven murders in 44 days in kochi city


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented