
കഴിഞ്ഞദിവസം അന്തിക്കാട് നിധിലിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലം | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂർ: കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിൽ നടന്നത് ഏഴ് കൊലപാതകങ്ങളാണ്. ഇത്തരത്തിൽ അടുപ്പിച്ചുള്ള സംഭവങ്ങൾ അടുത്തിടെയൊന്നും ജില്ലയിലുണ്ടായിട്ടില്ല.
ഇരുട്ടിന്റെ മറവിൽനിന്നു മാറി പട്ടാപ്പകൽ നടുറോഡിലിട്ടുള്ള വെട്ടിക്കൊലയിലേക്ക് വരെ എത്തി. നടന്ന കൊലപാതകങ്ങളിൽ കൂടുതലും സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ്. എന്നാൽ ഗുണ്ടാ സംഘങ്ങൾ നാട്ടിൽ വിലസുന്ന സ്ഥിതിയാണ് ഇപ്പോഴത്തേതെന്ന് കുന്നംകുളത്തും മുറ്റിച്ചൂരും ഉണ്ടായ കൊലപാതകങ്ങൾ സൂചിപ്പിക്കുന്നു.
രാഷ്ട്രീയം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞുള്ള വാദപ്രതിവാദങ്ങളിലാണ് രാഷ്ട്രീയ പാർട്ടികളും. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടെന്നതിന്റെ സൂചനകളും മുറ്റിച്ചൂർ കൊലപാതകത്തിലൂടെ പുറത്തുവരുന്നു. കോവിഡ് കാലമായതിനാൽ പോലീസിന്റെ ശ്രദ്ധ കാര്യമായി ഉണ്ടാവില്ലെന്ന തോന്നലിലാണ് ഗുണ്ടാസംഘങ്ങളും. കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞുവരുമ്പോഴും കൊലപാതകത്തിന്റെ സ്വഭാവമാണ് തെളിഞ്ഞുവരുന്നത്.
ഒക്ടോബർ ഒന്ന്- ഷമീറിന്റെ കസ്റ്റഡി മരണം
കഞ്ചാവ് കേസിലെ പ്രതിയായ തിരുവനന്തപുരം പള്ളിമുക്ക് പള്ളിക്കുന്നിൽ ഷെമീർ റിമാൻഡിലിരിക്കെ മരിച്ചതാണ് ആദ്യ സംഭവം. തലയ്ക്കേറ്റ ക്ഷതംമൂലമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 40 മുറിവുകളും ഉണ്ടായിരുന്നു. അറസ്റ്റിലായവരെ കോവിഡ് പരിശോധനയ്ക്ക് താമസിപ്പിക്കുന്ന തൃശ്ശൂരിലെ അമ്പിളിക്കല ഹോസ്റ്റലിൽ വച്ച് ജയിൽ ജീവനക്കാർ മർദിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നാല് ജീവനക്കാർ കേസിൽ പെട്ടിട്ടുണ്ട്. അപസ്മാരത്തെ തുടർന്ന് വീണ് പരിക്കേറ്റെന്നാണ് ജയിൽ അധികൃതർ മെഡിക്കൽ കോളേജിൽ പറഞ്ഞത്.
ഒക്ടോബർ നാല്- ഡോ. സോന കുത്തേറ്റ് മരിച്ചു
കുരിയച്ചിറയിൽ സുഹൃത്തിന്റെ കുത്തേറ്റാണ് വനിതാ ഡോക്ടറായ കൂത്താട്ടുകുളം സ്വദേശിനി സോന മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 28-നാണ് ഡോക്ടർക്ക് കുത്തേറ്റത്. മഹേഷ് എന്നയാൾ കൊലപാതകത്തിന്റെ പിറ്റേന്നുതന്നെ അറസ്റ്റിലായി. സോനയുടെ സുഹൃത്താണ് മഹേഷ് എന്നാണ് പോലീസ് നൽകിയ വിവരം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണം.
ഒക്ടോബർ നാല്- സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വെട്ടിക്കൊന്നു
സി.പി.എം. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ ഞായറാഴ്ച രാത്രിയാണു കുന്നംകുളത്ത് വെട്ടിക്കൊന്നത്. രാഷ്ട്രീയ കൊലപാതകമെന്നു സി.പി.എം. ആരോപിക്കുന്ന കേസിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ രാഷ്ട്രീയം ഇല്ലെന്നാണ് പോലീസ് റിപ്പോർട്ട്.
ഒക്ടോബർ ആറ്- രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തി
വാടകവീട്ടിൽ സുഹൃത്തിനൊപ്പം താമസിച്ച രാജേഷിനെ (48) മരിച്ചനിലയിൽ കാണുകയായിരുന്നു. എട്ടാം തീയതിയാണ് സുഹൃത്ത് അരുൺ അറസ്റ്റിലായത്. ഭക്ഷണം പാചകം ചെയ്തതിലെ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
ഒക്ടോബർ ഏഴ്- പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു
പോക്സോ കേസിൽ പരോളിലിറങ്ങിയ എളനാട് തിരുമണി സതീഷിനെ വെട്ടേറ്റു മരിച്ചനിലയിൽ അയൽവാസിയുടെ വീടിനു മുന്നിൽ കാണുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കാരണം. സുഹൃത്തായ ശ്രീജിത്തിനെ അന്നുതന്നെ പോലീസ് അറസ്റ്റു ചെയ്തു.
ഒക്ടോബർ ഒമ്പത്- നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റു
സെപ്റ്റംബർ 29-ന് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കുത്തേറ്റത്. വളർത്തുനായയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. ചികിത്സയിലിരിക്കെ ഒമ്പതിന് രാത്രിയാണ് മരിച്ചത്. ബന്ധുവടക്കം അഞ്ചുപേർ അറസ്റ്റിലായി.
ഒക്ടോബർ 10- കാറിടിപ്പിച്ച് വെട്ടിക്കൊന്നു
കാറിൽ വന്നപ്പോൾ എതിരേ വന്ന ഗുണ്ടാസംഘം കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. വധശമക്കേസിലെ പ്രതിയാണ് നിധിൽ. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
Content Highlights:seven murder cases in thrissur on last ten days
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..