പ്രതീകാത്മക ചിത്രം
ചെന്നൈ: പൂജയില്‍ പങ്കെടുക്കാന്‍ ആശ്രമത്തിലെത്തിയ കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹമരണത്തില്‍ ആള്‍ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ ജില്ലയിലെ വെള്ളാത്തുക്കോട്ടയില്‍ ആശ്രമം നടത്തിയിരുന്ന മുനുസാമിയാണ് (50) പിടിയിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ആശ്രമത്തിലെത്തിയ തിരുവള്ളൂര്‍ ചെമ്പേട് സ്വദേശിയായ 20 വയസ്സുകാരി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന യുവതി ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം മരിച്ചത്. ആള്‍ദൈവമാണെന്ന് അവകാശപ്പെട്ട് മന്ത്രവാദവും നാട്ടുവൈദ്യവും നടത്തിയിരുന്ന മുനുസാമിയുടെ ആശ്രമത്തില്‍ ഒട്ടേറെ ഭക്തര്‍ എത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികളില്ലാത്തവരും വിവാഹം വൈകുന്നവരും മാറാരോഗികളുമൊക്കെ പരിഹാരപൂജകള്‍ക്കായി ആശ്രമത്തിലെത്താറുണ്ടായിരുന്നു.
അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍ രാത്രിയിലാണ് ഇവിടെ കൂടുതലും പൂജകള്‍ നടത്തിയിരുന്നത്. ദോഷംമാറാന്‍ രാത്രിപൂജയില്‍ പങ്കെടുക്കാനാണ് കോളേജ് വിദ്യാര്‍ഥിനി ബന്ധുക്കളോടൊപ്പം കഴിഞ്ഞ ഞായറാഴ്ച ആശ്രമത്തിലെത്തിയതെന്ന് പറയപ്പെടുന്നു.
തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് കീടനാശിനി കഴിച്ചത് കണ്ടെത്തിയത്. വിദഗ്ദ ചികിത്സയ്ക്കായി തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവതിയുടെ മാതാപിതാക്കള്‍ പെണ്ണാലൂര്‍പേട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് ആശ്രമം നടത്തുന്ന മുനുസാമിയെ പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരേ മുമ്പ് കാര്യമായ പരാതികളൊന്നും ഉയര്‍ന്നിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യുവതിക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..