Photo: Screengrab
കൊച്ചി: ആലപ്പുഴയിൽ വെട്ടേറ്റു കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ പോസ്റ്റ്മോ ർട്ടം പൂർത്തിയായി. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. ഷാനിന്റെ ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകളാണുണ്ടായതെന്നാണ് റിപ്പോർട്ട്. ഇതിൽ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച കാലത്ത് പത്ത് മണിയോട് കൂടിയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി ഷാനിന്റെ മൃതദേഹം എത്തിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നത്. പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്.
നാൽപ്പതിലേറെ മുറിവുകളാണ് ഷാനിന്റെ ശരീരത്തിൽ കണ്ടെത്തിയത്. ഇതിൽ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമികമായി പറയുന്നത്. കഴുത്തിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമൊക്കെ മുറിവേറ്റ നിലയിലായിരുന്നു ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തുടർന്ന് ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘത്തിന്റെ അടക്കം സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
എസ്.ഡി.പി.ഐ. സംസ്ഥാന നേതാവിന്റെ വിലാപയാത്രയ്ക്കായി മെഡിക്കൽ കോളേജിന് പുറത്ത് നറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്. ഇന്ന് തന്നെ ഷാനിന്റെ സംസ്കാര ചടങ്ങുകൾ ആലപ്പുഴയിൽ നടത്തുമെന്നാണ് വിവരം.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ബി.ജെ.പി. നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്.
Content Highlights: SDPI Leader KS Shan murder - Post Mortem report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..