അന്ന് ആലപ്പുഴയില്‍, ഇപ്പോള്‍ പാലക്കാട്ട്; 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍, പകച്ച് നാട്


പാലക്കാട്ട് കൊല്ലപ്പെട്ട സുബൈർ, ശ്രീനിവാസൻ

പാലക്കാട്: കൊലയ്ക്ക് മറുകൊല, 24 മണിക്കൂറിനിടെ പാലക്കാട്ട് നടന്നത് രണ്ട് കൊലപാതകങ്ങള്‍. വെള്ളിയാഴ്ച എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് 24 മണിക്കൂര്‍ തികയുംമുമ്പേയാണ് ആര്‍.എസ്.എസ്. നേതാവിനെയും പാലക്കാട്ട് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയിലെ കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നതായി പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ പോലീസിന് വന്‍ വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നതാണ് ശനിയാഴ്ച മേലാമുറിയില്‍ നടന്ന കൊലപാതകം.

പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്. പിതാവിന്റെ കണ്മുന്നിലിട്ടാണ് സുബൈറിനെ വെട്ടിക്കൊന്നത്. പിന്നാലെ മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.

2021 നവംബറില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എസ്.ഡി.പി.ഐ.യും പോപ്പുലര്‍ ഫ്രണ്ടും ആരോപിച്ചിരുന്നു. അക്രമികള്‍ ഉപയോഗിച്ച കാര്‍ സഞ്ജിത്തിന്റേതാണെന്നും കണ്ടെത്തി. ശനിയാഴ്ച രാവിലെ അക്രമിസംഘം സഞ്ചരിച്ച രണ്ടാമത്തെ കാര്‍ മറ്റൊരിടത്ത് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ശനിയാഴ്ച മറ്റൊരു കൊലപാതകവും ഉണ്ടായത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാലക്കാട് മേലാമുറിയില്‍ ആര്‍.എസ്.എസ്. നേതാവായ ശ്രീനിവാസനെ വെട്ടിക്കൊന്നത്. മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം ശ്രീനിവാസനെ കടയില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആര്‍.എസ്.എസിന്റെ മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍.

രണ്ടുവര്‍ഷം മുമ്പുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് മേഖലയില്‍ ആര്‍.എസ്.എസ്-പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം ഉടലെടുക്കുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിതിന്റെ ബൈക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സഞ്ജിത്തിന്റെ ചായക്കട തീവെച്ച് നശിപ്പിച്ചു. ഇതിനുപിന്നാലെയാണ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന് വെട്ടേറ്റത്.

സക്കീര്‍ ഹുസൈനെ ആക്രമിച്ചതിന് പ്രതികാരമായാണ് 2021 നവംബര്‍ 15-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ മമ്പറത്തുവെച്ച് വെട്ടിക്കൊന്നത്. ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ കണ്മുന്നിലിട്ടാണ് അക്രമിസംഘം സഞ്ജിത്തിന്റെ വെട്ടിനുറുക്കിയത്.

സഞ്ജിത്ത് കൊലക്കേസില്‍ പ്രതികളെ പിടികൂടാന്‍ വൈകിയത് ഏറെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. അക്രമികള്‍ ഉപയോഗിച്ച കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചുമാറ്റിയതും പോലീസിനെ ഞെട്ടിച്ചു. ഒടുവില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് സഞ്ജിത്ത് വധക്കേസിലെ പല പ്രതികളെയും പോലീസിന് പിടികൂടാനായത്. ഇവരെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.

സഞ്ജിത്ത് കൊല്ലപ്പെട്ട് നാലുമാസത്തിന് ശേഷമാണ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊന്നത്. സഞ്ജിത്ത് വധത്തിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സുബൈറിനെ ആക്രമിക്കാനെത്തിയവര്‍ സഞ്ചരിച്ച കാര്‍ കൊല്ലപ്പെട്ട സഞ്ജിത്തിന്റേതാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് മുമ്പേ കാര്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു എന്നും പിന്നീട് കാറിനെ സംബന്ധിച്ച് അന്വേഷിച്ചില്ലെന്നുമാണ് സഞ്ജിത്തിന്റെ ബന്ധുക്കളുടെ പ്രതികരണം.

മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലും ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ. വൈരത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് ആലപ്പുഴയില്‍ കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കിടെയായിരുന്നു ഈ രണ്ട് കൊലപാതകങ്ങളും.

ഡിസംബര്‍ 18-ന് രാത്രിയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്. ഈ സംഭവത്തിന്റെ നടുക്കം മാറുംമുമ്പേ രണ്ടാമത്തെ കൊലപാതകവും ജില്ലയില്‍ അരങ്ങേറി. ആലപ്പുഴ നഗരത്തിനോട് ചേര്‍ന്ന വെള്ളക്കിണറിലെ വീട്ടില്‍വെച്ച് രഞ്ജിത്് ശ്രീനിവാസിനെ ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വീട്ടുകാരുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. ഈ രണ്ട് വധക്കേസുകളിലുമായി ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു.

Content Highlights: sdpi and rss workers killed in palakkad with in 24 hours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented