സ്കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയതിന്റെയും അപകടമുണ്ടാക്കിയതിന്റെയും ദൃശ്യങ്ങൾ | Screengrab: Mathrubhumi News
പാലക്കാട്: റോഡില്‍ സ്കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവ് മറ്റൊരു സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെപോയി. പാലക്കാട് നഗരത്തിലെ എസ്.ബി.ഐ. ജങ്ഷനില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.
റോഡിലൂടെ അപകടകരമായരീതിയില്‍ സ്കൂട്ടര്‍ ഓടിച്ചുവന്ന യുവാവാണ് മറ്റൊരു സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയത്. അപകടം സംഭവിച്ചിട്ടും ഇയാള്‍ വാഹനം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. യുവാവ് റോഡിലൂടെ അപകടകരമായരീതിയില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും സ്കൂട്ടര്‍ ഇടിച്ചിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമിതവേഗതയില്‍ റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ ഒരു കാറിലെ യാത്രക്കാര്‍ നേരത്തെ ശ്രദ്ധിച്ചിരുന്നു. അപകടകരമായരീതിയില്‍ വാഹനം ഓടിക്കുന്നത് കണ്ട ഇവരാണ് യുവാവിന്റെ ദൃശ്യങ്ങള്‍ കാറിലെ ക്യാമറയില്‍ റെക്കോഡ് ചെയ്തത്. പിന്നാലെ അമിതവേഗത്തില്‍ സ്കൂട്ടര്‍ ബസിനെ മറികടക്കുകയും സിഗ്നലിന് തൊട്ടുമുമ്പായി സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുകളയുകയുമായിരുന്നു. കിലോമീറ്ററുകളോളം അപകടകരമായരീതിയിലാണ് യുവാവ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്നും ഇതിനാലാണ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും കാറിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ദൃശ്യങ്ങളില്‍നിന്ന് സ്കൂട്ടറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ആര്.ടി. ഓഫീസില്‍ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. മോട്ടോര്‍വാഹന വകുപ്പില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വൈകാതെ തന്നെ യുവാവിനെ പിടികൂടുമെന്നാണ് പോലീസ് നല്‍കുന്നവിവരം.
Content Highlights: scooter accident in palakkad city youth absconded after the incident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..