പ്രതീകാത്മക ചിത്രം | Photo: facebook.com|scaniagroup
സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് ട്രക്ക്, ബസ് നിര്‍മാണ കമ്പനിയായ സ്‌കാനിയ ഇന്ത്യയില്‍ കരാറുകള്‍ ലഭിക്കാന്‍ കോഴ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബസ് കരാറുകള്‍ ലഭിക്കാന്‍ കോഴ നല്‍കിയിട്ടുണ്ടെന്നാണ് സ്വീഡിഷ് വാര്‍ത്ത ചാനലായ എസ്.വി.ടി. ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ഒരു മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌കാനിയ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഈ മന്ത്രിയുടെ പേരോ മറ്റോ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഒരു ഖനന കമ്പനിക്ക് നല്‍കിയ ട്രക്കുകളില്‍ ചേസിസ് നമ്പറുകളിലും ലൈസന്‍സ് പ്ലേറ്റുകളിലും സ്‌കാനിയ കൃത്രിമത്വം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
2017-ല്‍ ഇതുസംബന്ധിച്ച് സ്‌കാനിയ നടത്തിയ അന്വേഷണത്തില്‍ സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള ചില ജീവനക്കാരടക്കം കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിരുന്നു. കോഴയും ബിസിനസ് പാര്‍ട്ണര്‍മാര്‍ വഴിയുള്ള കൈക്കൂലിയും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സ്‌കാനിയ വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. സ്‌കാനിയ ഇന്ത്യയില്‍ സിറ്റി ബസുകള്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചതായും ഫാക്ടറി അടച്ചുപൂട്ടിയതായും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ കുറച്ച് നിഷ്‌കളങ്കരായിരിക്കാം. പക്ഷേ, ഞങ്ങള്‍ അത് ചെയ്തുപോയി. ഇന്ത്യയില്‍ നിര്‍മാണത്തിന് ഞങ്ങള്‍ക്ക് ശരിക്കും താത്പര്യമുണ്ടായിരുന്നു. പക്ഷേ, അപകടസാധ്യതകളെ ഞങ്ങള്‍ വില കുറച്ചു കണ്ടു- ഇതായിരുന്നു സ്‌കാനിയ സി.ഇ.ഒ. ഹെന്റിക് ഹെന്റിക്‌സണിന്റെ പ്രതികരണം.
അതേസമയം, സ്‌കാനിയയിലെ ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ പോലീസ് ഇടപെട്ടിട്ടില്ലെന്നും സ്‌കാനിയ വക്താവ് വ്യക്തമാക്കി. സ്‌കാനിയയുടെ കമ്പനി ചട്ടങ്ങള്‍ക്കനുസരിച്ച് ഇപ്പോഴുള്ള ക്രമക്കേട് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ കമ്പനിക്ക് കഴിയുമെന്നും പ്രോസിക്യൂഷനിലേക്ക് നയിക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ പ്രമുഖ ട്രക്ക്, ബസ് നിര്‍മാണ കമ്പനിയായ സ്‌കാനിയ 2007-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2011-ല്‍ കമ്പനി നിര്‍മാണ യൂണിറ്റും ആരംഭിച്ചിരുന്നു.
Content Highlights: scania paid bribes to win bus contracts in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..