
കാട്ടൂരിൽ ബാങ്ക് മാനേജർക്ക് നേരെ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ. ഇൻസെറ്റിൽ അറസ്റ്റിലായ വിജയരാഘവൻ | ഫോട്ടോ: മാതൃഭൂമി
കാട്ടൂർ(തൃശ്ശൂർ): കാട്ടൂരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയുടെ മാനേജരെ തലയ്ക്കടിച്ച് അപായപ്പെടുത്താൻ ശ്രമം. കാട്ടൂർ സെന്ററിലുള്ള എസ്.ബി.ഐ. ശാഖയ്ക്കു മുന്നിൽ ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ബാങ്ക് തുറക്കാനെത്തിയ മാനേജർ കണ്ണൂർ മട്ടന്നൂർ സ്വദേശി കാരപ്പേരാവൂർ ശ്രീരാഗത്തിൽ രാമന്റെ മകൻ രാജേഷി(43)നെയാണ് സ്കൂട്ടറിലെത്തിയയാൾ ഇരുമ്പുവടി കൊണ്ട് പിന്നിൽനിന്ന് ആക്രമിച്ചത്. സംഭവത്തിൽ കാട്ടൂർ പൊഞ്ഞനം സ്വദേശി കതിരപ്പിള്ളി വീട്ടിൽ വിജയരാഘവ(65)നെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവശേഷം പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടു. തലയുടെ പിന്നിൽ അടിയേറ്റുവീണ രാജേഷിനെ നാട്ടുകാരാണ് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായ്പ നൽകാത്തതിലുള്ള ദേഷ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കർഷകനായ പ്രതി കുറച്ചുനാൾമുമ്പ് ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ പാസായെങ്കിലും കോവിഡ് ബാധിച്ചതിനാൽ അത് കൈപ്പറ്റാൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ വായ്പ നൽകിയ മാനേജർ സ്ഥലംമാറിപ്പോയതോടെ രാജേഷ് മാനേജരായി ബാങ്കിൽ ചുമതലയേറ്റു. എന്നാൽ, രാജേഷ് വായ്പ അനുവദിച്ചില്ല.
ഇതിലുള്ള വിരോധത്താലാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി. ദ്യശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മൂന്നു മാസം മുമ്പാണ് രാജേഷ് കാട്ടൂർ ബാങ്ക് ശാഖയിൽ മാനേജരായി എത്തിയത്. കാട്ടൂർ സി.ഐ. സജീവ്, എസ്.ഐ. വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights:sbi manager attacked in kattoor thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..