ലോഡ്ജിൽനിന്നുള്ള സനുമോഹന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍നിന്നുള്ളതും ലോഡ്ജിന്‍റെ പരിസരപ്രദേശത്ത് കൂടി നടന്നുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സനുമോഹനെ പിടികൂടാന്‍ പോലീസ് സംഘം കര്‍ണാടകയില്‍ വ്യാപക പരിശോധന തുടരുകയാണ്.
കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍ മുറിയെടുത്ത സനുമോഹന്‍ ലോഡ്ജിലെ ലോബിയില്‍ ഇരിക്കുന്നതിന്റെയും ലോഡ്ജ് കെട്ടിടത്തിന് സമീപത്തുകൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ ലോഡ്ജില്‍നിന്ന് മുങ്ങിയ ഇയാള്‍ക്കായി മംഗളൂരു, കൊല്ലൂര്‍ മൂകാംബിക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘത്തിനൊപ്പം കര്‍ണാടക പോലീസും സഹായത്തിനുണ്ട്.
കര്‍ണാടകയിലെ വിമാനത്താവളങ്ങളിലും പോലീസ് പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം വിമാനത്താവളത്തിലേക്ക് പോകാന്‍ സനുമോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയത്. സനുമോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജുവും മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.
ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.
സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പോലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.
മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
Content Highlights: sanu mohan missing case police expands searching in karnataka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..