Photo: Screengrab
കാക്കനാട്: ഒരു മാസത്തോളം ഒളിവിൽ പോയി അന്വേഷണ സംഘത്തെ വെള്ളം കുടിപ്പിച്ച സനു മോഹനെ പൂട്ടാൻ കൃത്യമായ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഡിജിറ്റൽ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു സനു മോഹന്റെ ഒളിവുജീവിതം. കുഴപ്പം പിടിച്ച ചോദ്യങ്ങളെ പോലും ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് ഇയാൾ നേരിടുന്നത്. അന്വേഷണ മേൽനോട്ടം വഹിക്കുന്ന ചില മേൽ ഉദ്യോഗസ്ഥർ വരെ സനുവിനെ വിശേഷിപ്പിച്ചത് ബുദ്ധിമാനായ ’സൈക്കോ’ എന്നാണ്.
2016-ൽ പുണെയിൽനിന്ന് തിരിച്ചെത്തിയ സനു മോഹന്റെ ജീവിത രീതികളിൽനിന്നാണ് പോലീസ് ഈ നിരീക്ഷണം നടത്തിയത്. സനു കങ്ങരപ്പടി ഫ്ളാറ്റിൽ താമസം തുടങ്ങിയപ്പോൾ തന്നെ ഫെയ്സ്ബുക്കിൽനിന്ന് വിട്ടു. ഫ്ളാറ്റുകളിലെ ആളുകളോടുള്ള സംസാരംവരെ സൂക്ഷിച്ചു മാത്രം. സുഹൃത്തുക്കളെ പോലും മൊബൈൽ ഫോണിലും വാട്സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. എല്ലാവരോടും നേരിട്ടുള്ള സംസാരം മാത്രം. സംഭവം നടക്കുന്ന മാർച്ച് 21-നു ശേഷമുള്ള ദിവസങ്ങൾ പരിശോധിച്ചപ്പോൾ സനു മോഹന്റെ ഫോൺ കോളുകളിൽ പോലും സംശയാസ്പദമായ വിളികളില്ല. പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോൺ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോൺ ഉപയോഗിച്ചെങ്കിലും ഇതിലും കാര്യമായ തെളിവുകൾ ഒന്നുംതന്നെയില്ല.
ഫ്ലാറ്റിലെ സി.സി.ടി.വി. ക്യാമറകൾ പോലും തകരാറിലായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ സനുവിന്റെ കാർ ചെക്പോസ്റ്റിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും അത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കിട്ടിയ വിലയ്ക്ക് കാർ വിറ്റ ശേഷം ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്. ഒരു ടൂർ യാത്ര പോലെയായിരുന്നു സനു കേരളം വിട്ട ശേഷം നടത്തിയ യാത്രകളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സനുവിന്റെ ഭൂതകാലം പരിശോധിച്ചു വരുമ്പോഴും അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..