-
രാജാക്കാട്: ശാന്തൻപാറ പുത്തടിയിലെ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷിനെ(31) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും ശാന്തൻപാറ മഷ്റൂംഹട്ട് ഫാം ഹൗസ് മാനേജരുമായിരുന്ന ഇരിങ്ങാലക്കുട സ്വദേശി വസീം (32), രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യൻ (29) എന്നിവരെ തെളിവെടുപ്പിന് കേരളത്തിലെത്തിച്ചു.
റിജോഷിന്റെ ഇളയമകൾ ജൊവാനയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മുംബൈ പൻവേൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടുകൂടിയാണ് അന്വേഷണസംഘം ശാന്തൻപാറയിൽ എത്തിച്ചത്. രാജകുമാരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൈദ്യപരിശോധന നടത്തിയശേഷം ഇരുവരെയും നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെളിവെടുപ്പിന് ശാന്തൻപാറ പുത്തടിയിൽ എത്തിക്കും. ശാന്തൻപാറ സി.ഐ. ടി.ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുംബൈയിലെത്തി നടപടികൾ പൂർത്തിയാക്കി പ്രതികളെ കേരളത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 31-നാണ് പുത്തടിയിലെ ഫാം ഹൗസ് വളപ്പിൽനിന്ന് റിജോഷിെന്റ മൃതദേഹം കണ്ടെത്തിയത്.
പ്രതികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരെ ഞായറാഴ്ച മുംബൈ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. പ്രതികളുമായി വിമാനത്തിൽ സഞ്ചരിക്കുന്നതിന് ബ്യൂറോ ഓഫ് ഏവിയേഷന്റെ അനുമതിയില്ലാത്തതായിരുന്നു കാരണം. എന്നാൽ പോലീസ് ഉടൻതന്നെ അധികൃതരുമായി ബന്ധപ്പെട്ട് ഇത് ലഭ്യമാക്കി ഇരുവരെയും വേഗം കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരെയും ശാന്തൻപാറയിലെത്തിച്ചത്.
content highlights; santhanpara murder case, Liji and Wasim brought to Kerala for evidence collection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..