
സനൂപ് വധക്കേസിൽ അറസ്റ്റിലായ നന്ദനൻ, സുജയ്കുമാർ, സുനീഷ് | ഫോട്ടോ: മാതൃഭൂമി
കുന്നംകുളം: സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിക്കൽവീട്ടിൽ സുജയ്കുമാർ (36), കുഴിപ്പറമ്പിൽ വീട്ടിൽ സുനീഷ് (40) എന്നിവരെയാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാംപ്രതിയായ നന്ദനൻ (50) രക്ഷപ്പെട്ട കാറും പോലീസ് കണ്ടെത്തി.
വേലൂരിനു സമീപമുള്ള തണ്ടിലത്താണ് പിടിയിലായവർ ഒളിവിൽ കഴിഞ്ഞത്. ആക്രമണത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. സംഘർഷമുണ്ടായ സ്ഥലത്തിന് സമീപമാണ് ഇവരുടെ വീടുകൾ. സമീപജില്ലകളിലേക്കും അന്വേഷണം വ്യാപിച്ചതോടെ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകാനുള്ള സാധ്യതയുണ്ട്.
ആക്രമണത്തിനുശേഷം പ്രതികൾ ഒത്തുചേർന്ന കുളത്തിനു സമീപം ഫോറൻസിക് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചു. പ്രാഥമിക തെളിവെടുപ്പിനും മെഡിക്കൽ പരിശോധനയ്ക്കും ശേഷം നന്ദനനെ വടക്കാഞ്ചേരി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
ചിറ്റിലങ്ങാട് കളരിക്ക് സമീപത്താണ് സനൂപിനെയും കൂട്ടുകാരെയും പ്രതികൾ തടഞ്ഞുനിർത്തിയത്. സ്ഥലത്തേക്ക് എത്തിയപ്പോൾ നന്ദനൻ കത്തികൊണ്ട് സനൂപിനെയും കൂട്ടുകാരെയും കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചെന്നാണ് പോലീസ് നിഗമനം.
ആക്രമണമുണ്ടായതോടെ ഇരുവിഭാഗവും ചിതറിയോടി. ഇതിനുശേഷം നന്ദനൻ വീടിന് സമീപത്തെ പുതുകുളത്തിന് അരികിലേക്കാണ് ചെന്നത്. ഇവിടെ രക്തപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ മാറിയതിന്റെ തെളിവുകളും കിട്ടി.
സഹോദരന്റെ സഹായത്തോടെയാണ് നന്ദനൻ രക്ഷപ്പെട്ടത്. വെള്ളറക്കാട് മനപ്പടിയിലുള്ളയാളാണ് കാറുമായെത്തിയത്. മുറിഞ്ഞ കൈയുമായെത്തിയ നന്ദനനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കാറിൽ എത്തിച്ചു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനും കുറ്റകൃത്യം മറച്ചുവെച്ചതിനും കാർ ഡ്രൈവറുടെ പേരിൽ കേസെടുക്കുന്നതിൽ പോലീസ് തീരുമാനമെടുത്തിട്ടില്ല.
തിങ്കളാഴ്ച നന്ദനൻ തൃശ്ശൂർ നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ ഓട്ടോറിക്ഷകളിലായി സമയം ചെലവഴിച്ചു. പരിക്കേറ്റ കൈയുമായി അധികം ദൂരേക്ക് പോകാനും കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയിരുന്നു. രണ്ടാംപ്രതി സജീഷിനും മൂന്നാംപ്രതി അഭയ്ജിത്തിനും ജില്ലയിലും അയൽജില്ലകളിലുമായി സൗഹൃദങ്ങൾ ഏറെയുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട ഇരുവിഭാഗങ്ങളിലുള്ളവരെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ രാഷ്ട്രീയപശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്. ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ആക്രമണം നടന്ന സ്ഥലം കനത്ത പോലീസ് കാവലിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..