സഞ്ജിത്ത്, ഭാര്യ അർഷിക | Screengrab: മാതൃഭൂമി ന്യൂസ്
പാലക്കാട്: ആര്‍എസ്എസ് ബൗദ്ധിക്ക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക ഹൈക്കോടതിയെ സമീപിക്കും. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഇതിനുള്ള അപേക്ഷ തയ്യാറാക്കുന്നതിന്റെ പിന്നിലായിരുന്നു കുടുംബം. അടുത്ത ദിവസം തന്നെ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
നവംബര്‍ 15ന് രാവിലെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ മൂന്ന് പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. കൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ബാക്കി അഞ്ച് പേര് ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പോലീസിന് കഴിയുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ ബിജെപിയും സഞ്ജിത്തിന്റെ കുടുംബവും രംഗത്തുവന്നിരുന്നു. പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിക്കാന്‍ കുടുംബം തയ്യാറെടുക്കുന്നത്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Content Highlights: sanjith`s widow arshika to approach hc demanding cbi probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..