സന്ദീപ് കൊലക്കേസിൽ അറസ്റ്റിലായ ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ, വിഷ്ണു
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് കുറ്റപത്രം. തിരുവല്ല കോടതിയില്‍ പൊലീസ് ബുധനാഴ്‌ച നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജിഷ്‌ണുവിന് സന്ദീപിനോടുള്ള രാഷ്‌ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം തിരുവല്ല കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
രാഷ്‌ട്രീയ വൈരാഗ്യം തീർക്കുന്നതിന് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികളെ ജിഷ്‌ണു കുറ്റൂരിൽ ലോഡ്‌ജിൽ മുറിയെടുത്ത് താമസിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 732 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ആകെ ആറു പ്രതികള്‍ കേസിലുണ്ട്. പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികൾ.
2021 ഡിസംബര്‍ 2ന് രാത്രി എട്ടിനായിരുന്നു കൊലപാതകം. ബൈക്കില്‍ സഞ്ചരിച്ച സന്ദീപിനെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ബൈക്ക് തള്ളിയിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകം നടന്ന് രണ്ടു മാസത്തിനകം തന്നെ കുറ്റപ്പത്രം നല്‍കാനും പൊലിസിന് സാധിച്ചു. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Content Highlights: sandeep murder case - charge sheet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..