വനപാലകരുടെ ജീപ്പിനെ ഇടിച്ച ലോറി കാനയിൽ താഴ്ന്ന നിലയിൽ. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികൾ | ഫോട്ടോ: മാതൃഭൂമി
കോടശ്ശേരി(തൃശ്ശൂർ): ചട്ടിക്കുളം ഭാഗത്ത് മേച്ചിറ വനത്തിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ച് കടത്തുകയായിരുന്ന നാലുപേരെ വനപാലകർ പിടികൂടി. 58 കഷണം ചന്ദനമുട്ടിയും മിനിലോറിയും പിടികൂടി. വഴിതടഞ്ഞ വനപാലകരുടെ ജീപ്പിനെ മേച്ചിറ കനകമല റോഡിൽ മിനിലോറികൊണ്ട് ഇടിച്ചുതെറിപ്പിക്കാൻ ശ്രമം നടന്നു.
ജീപ്പിലിടിച്ച ലോറി കാനയിൽ താഴ്ന്നതിനാൽ ചന്ദനക്കടത്തുകാർ ഇറങ്ങിയോടി.
മണ്ണാർക്കാട് കാരാക്കുറുശ്ശി പള്ളിക്കുറുപ്പ് സ്വദേശി കോൾക്കാട്ടാൽ മുഹമ്മദ് അസ്കർ (32), അരൂർ ചൂളക്കാട് സമദ് (36), മണ്ണാർക്കാട് കാരാക്കുറുശ്ശി പൂവ്വൻതൊട്ടിൽ ആൽബിൻ (23), അനസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അസ്കറിനെ പുലർച്ചെത്തന്നെ മേച്ചിറയിൽനിന്ന് പിടികൂടിയിരുന്നു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘാംഗങ്ങളായ മൂന്നുപേരെ കാറിൽ ചന്ദനം കടത്തുന്നതിനിടെ പാലിയേക്കര ടോൾ പ്ലാസയിൽനിന്ന് പിടികൂടുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി മേച്ചിറ മേഖലയിലും വനത്തിലും വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
കാറിൽനിന്ന് നാല് കഷണം ചന്ദനമുട്ടിയും ലോറിയിൽനിന്നും ചന്ദനം കയറ്റിയിടത്തുനിന്നുമായി 54 കഷണവും മരം മുറിക്കാനുപയോഗിച്ച രണ്ട് വാളുകളും വെട്ടുകത്തിയും കണ്ടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ വിജിൻദേവ്, മുപ്ലിയം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി. വിശ്വനാഥൻ, കോടശ്ശേരി ചട്ടിക്കുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.എ. ബാലൻ, ശോഭൻബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.വി. രജീഷ്, ബി. ഗോപാലകൃഷ്ണൻ, ജിനിൽ ചെറിയാൻ, വാച്ചർ എം. ചന്ദ്രൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Content Highlights:sandalwood pieces seized in kodassery thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..