രണ്ട് മക്കളുടെ കൊലപാതകിയായി ശിക്ഷിക്കപ്പെട്ട അമ്മ; ഒരു വലിയ ചതിയുടെ പിന്നിലെ കഥ | Sins & Sorrow


sins and sorrow

by അനുശ്രീ മാധവന്‍

6 min read
Read later
Print
Share

സാലി ക്ലാർക്ക് ഭർത്താവ് സ്റ്റീവ് ക്ലാർക്കിനും മകൻ ക്രിസ്റ്റഫറിനുമൊപ്പം

യിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. നീതിനിർവഹണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാലങ്ങളായി ആവർത്തിക്കുന്ന വാചകം എന്നതിനപ്പുറം അതിന്റെ പ്രസക്തി ചിന്തിച്ചിട്ടുണ്ടോ? സാലി ക്ലാർക്ക് എന്ന യുവതിയുടെ ജീവിതകഥ ഈ പഴമൊഴിയുടെ നേർസാക്ഷ്യം. 'ആധുനിക ബ്രിട്ടീഷ് നിയമചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധം' എന്നാണ് സാലി ക്ലാർക്കിന്റെ അനുഭവം പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്.

മക്കളുടെ ഘാതകയായ അതിക്രൂരയായ സ്ത്രീ...! അതായിരുന്നു സാലിക്ക് പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന പ്രതിച്ഛായ. സാലിജന്മം നൽകിയ രണ്ടാൺമക്കളും ആഴ്ചകൾക്കുള്ളിൽ മരണപ്പെട്ടതായിരുന്നു അതിന് കാരണം. രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിന് ശേഷമാണ് സാലി സംശയത്തിന്റ നിഴലിലാകുന്നത്. അറസ്റ്റും വിചാരണയും മാധ്യമവിചാരണയുമായി കലുഷിതമായി പിന്നീടങ്ങോട്ടുള്ള സാലിയുടെ ജീവിതം. കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളും പ്രോബബിലിറ്റി (സംഭാവ്യത) ആധാരമാക്കിയുള്ളവിദഗ്ധാഭിപ്രായങ്ങളും സാലിക്ക് എതിരായി. ഒടുവിൽ കുഞ്ഞുമക്കളെ കൊന്നതിനുള്ള കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുന്നു. എന്നാൽ, ശാസ്ത്രലോകത്തെയും നീതിന്യായവ്യവസ്ഥയെയും ആശങ്കയിലാഴ്ത്തിയ അസാധാരണമായ ചില സംഭവവികാസങ്ങളാണ് കാലം കാത്തുവെച്ചത്.

ആരാണ് സാലി ക്ലാര്‍ക്ക്?

ഒരു പോലീസ് ഉദ്യോഗസ്ഥന്റെയുംഹെയർ ഡ്രെസ്സറുടെയും മകളായി ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറൻ പ്രദേശമായ വിൽറ്റ്‌ഷെയറിൽ 1964-ലാണ് സാലി ക്ലാർക്ക് ജനിച്ചത്. സൗത്ത് വിൽറ്റ്‌സ് ഗ്രാമർ സ്‌കൂളിലായിരുന്നു പഠനം. പിന്നീട് സതാംപ്ടൺ സർവകലാശാലയിൽ ഭൂമിശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദത്തിന് ശേഷം വിവിധ മേഖലകളിൽ ജോലി ചെയത് സാലി സിറ്റി ബാങ്കിൽ മാനേജ്‌മെന്റ് ട്രെയിനിയായിരുന്ന കാലത്താണ് നിയമോപദേശകനായ സ്റ്റീവ് ക്ലാർക്കിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് ഭർത്താവിനൊപ്പം ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന നിയമസ്ഥാപനമായ മാഞ്ചസ്റ്ററിലെ അഡൽഷോ ബൂത്ത് ആന്റ് കോ എന്ന നിയമസ്ഥാപനത്തിൽ ജോലിക്ക് കയറി. ചെഷയറിൽ ഒരു വീട് വാങ്ങിക്കുകയും ചെയ്തു. മനോഹരമായിരുന്നു സറ്റീവിനൊപ്പമുള്ള ജീവിതം.

Also Read
Premium

ഏറ്റവും സന്തോഷവാനായി ജോ അറിഡി മരണത്തിലേക്കു ...

Premium

പെെശാചികതയുടെ പര്യായമായ മാൻഷൻ കൾട്ട്; ഹോളിവുഡിനെ ...

Premium

രക്ഷകയായ മാലാഖയിൽ നിന്ന് രക്തരക്ഷസിലേക്ക്; ...

Premium

മുപ്പതിലേറെ പെൺകുട്ടികളുടെ ജീവനെടുത്തവൻ; ...

1996 സെപ്തംബർ 22-ന് സാലിആദ്യകുഞ്ഞിന് ജന്മം നൽകുന്നു. ക്രിസ്റ്റഫർ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. മകന്റ പരിപാലനവുമായി വീട്ടിൽ തന്നെ കഴിയുകയാണ് സാലി. അതേസമയം, ഭർത്താവ് സ്റ്റീവ് ജോലിയുമായി ബന്ധപ്പെട്ട തിരക്കിലാണ്. ജീവിതം നന്നായി മുന്നോട്ടുപോകവേ, 1996, ഡിസംബർ മൂന്നിന്, പരിഭ്രാന്തയായി ഇടറുന്ന ശബ്ദത്തോടെ സാലി പോലീസിനെ വിളിക്കുന്നു. ഉറക്കാൻ കിടത്തിയ തന്റെ മകൻ ബോധരഹിതനായി കിടക്കുന്നുവെന്നും എത്ര വിളിച്ചിട്ടും അനങ്ങുന്നില്ലെന്നുമാണ് സാലിപറഞ്ഞത്. ഉടൻതന്നെ ആംബുലൻസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തേ മരിച്ചുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

അപൂർവമായ സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രമാണ് സാലിയുടെ കുഞ്ഞിന്റെ ജീവനെടുത്തത് എന്ന നിഗമനത്തിലാണ് ആരോഗ്യവിദഗ്ധരും ഡോക്ടർമാരും എത്തിച്ചേർന്നത്. കൃത്യമായി വിശദീകരണം നൽകാൻ സാധിക്കാത്തതും ഒരു വയസ്സിന് താഴെ പ്രായമുള്ള ആരോഗ്യമുള്ള കുട്ടികളിൽ ഉറക്കത്തിൽ മരണം സംഭവിക്കുന്ന രോഗാവസ്ഥയാണ് സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രം (സിഡ്സ്). ക്രിബ് ഡെത്ത് എന്നും ഈ രോഗം അറിയപ്പെടുന്നു. പലപ്പോഴും തൊട്ടിലിൽവെച്ചു തന്നെ മരണപ്പെടുന്നതിനാലാണ് ഇങ്ങനെയൊരു പേരിലും ഈ രോഗം അറിയപ്പെടുന്നത്. ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. എങ്കിലും ഉറക്കത്തിനിടയിലുള്ള ശ്വാസോച്ഛ്വാസത്തെയും മറ്റും നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങളാണ് കാരണമായി പറയുന്നത്.

മകന്റെ മരണത്തിനു ശേഷം വിഷാദത്തിലായ സാലി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ആഘാതത്തിൽനിന്ന് പുറത്ത് കടന്ന് പതിയെ ജീവിതത്തിലേക്ക് മടങ്ങവേയാണ് വീണ്ടും ഗർഭിണിയായി. 1997 നവംബർ 29-ന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. മാസം തികയാതെയായിരുന്നു കുഞ്ഞിന്റെ ജനനം. അതുകൊണ്ടു തന്നെ പ്രത്യേക പരിചരണം ആവശ്യമായിരുന്നു. എട്ടാഴ്ചകൾ പിന്നിട്ടപ്പോഴേക്കും ബോധരഹിതനായ കുഞ്ഞു ഹാരിയെയും കൊണ്ട് സാലി ആശുപത്രിയിലെത്തി. എന്നാൽ ഹാരി പിന്നീട് ഉണർന്നില്ല.

വിശദമായ പരിശോധനയ്ക്കിടെ ഹാരിയുടെ നെഞ്ചിലെ പാടുകൾ ശ്രദ്ധയിൽപ്പെടുന്നു. അത് സി.പി.ആർ. നൽകാൻ ശ്രമിച്ചത് കൊണ്ട് സംഭവിച്ചതാണെന്നാണ് സാലി പറഞ്ഞത്. തുടർന്ന് ഹാരിയുടെ മൃതദേഹം പ്രത്യേക പാത്തോളജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനും സാലിയും പോലീസിനോട് ആവശ്യപ്പെടുന്നു. എന്നാൽ അവരത് മുഖവിലയ്ക്ക് എടുത്തില്ല. പകരം ഡോക്ടർ വില്യമിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നത്. അതിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടായിരുന്നു. കുഞ്ഞിനെ ശക്തിയായി കുലുക്കിയതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നായിരുന്നു അതിൽ പ്രധാനം.

കൂടുതൽ അന്വേഷണത്തിനായി ശിശുരോഗ വിദഗ്ധൻ റോയ് മെഡോ, ഫോറൻസിക് പാത്തോളജസിസ്റ്റ് മൈക്കിൾ ഗ്രീൻ എന്നിവർക്ക് റിപ്പോർട്ടുകൾ കൈമാറി. ഡോ. വില്യമിന്റെ കണ്ടെത്തലുകളോട് അനുകൂലമായി പ്രതികരിച്ചെങ്കിലും മരണകാരണം അജ്ഞാതമാണെന്ന റിപ്പോർട്ടാണ് മെഡോവും ഗ്രീനും നൽകിയത്. തുടർന്ന് സാലിയുടെ ആദ്യമകൻ ക്രിസ്റ്റഫറിന്റെ മരണത്തെക്കുറിച്ച് ഡോ. വില്യംസ് പുനരന്വേഷണം നടത്തി. അതിൽ സാലിയെ പ്രതികൂട്ടിലാക്കുന്ന നിർണായകമായ ഒരു കണ്ടെത്തൽ ഡോ. വില്യംസ് മുന്നോട്ട് വച്ചു. സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രമല്ല, ശ്വാസം കിട്ടാതെ വന്നതാണ് ക്രിസ്റ്റഫറിന്റെ മരണത്തിലേക്ക് നയിച്ചത്, എന്നായിരുന്നു അത്. ഇത് സാലിയുടെയും ഭർത്താവ് സ്റ്റീവിന്റെയും അറസ്റ്റിലേക്കെത്തുന്നു.

കസ്റ്റഡിയിൽ സാലിയെയും സ്റ്റീവിനെയും തലങ്ങും വിലങ്ങും പോലീസ് ചോദ്യം ചെയ്തു. എന്നാൽ. അഭിഭാഷകരുടെ നിർദ്ദേശപ്രകാരം സാലി യാതൊന്നും തന്നെ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. രണ്ടു മരണങ്ങൾ സംഭവിക്കുമ്പോൾ സ്റ്റീവ് വീട്ടിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ വെറുതേ വിട്ടു. എന്നാൽ സാലിക്കെതിരെ രണ്ടു കൊലപാതക കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. അന്വേഷണത്തിലുടനീളം സാലി തന്റെ നിരപരാധിത്തം ആവർത്തിച്ചു കൊണ്ടേയിരുന്നു. ഈ സമയത്തെല്ലാം മക്കളുടെ കൊലപാതകി എന്ന നിലയിൽ സാലി സമൂഹത്തിൽനിന്ന് കടുത്ത തിരസ്‌കാരമാണ് അനുഭവിച്ചത്. കോടതി നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സാലി വീണ്ടും ഗർഭിണിയാവുകയും മറ്റൊരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

സാലി ക്ലാര്‍ക്ക് എങ്ങിനെ അപരാധിയായി?

1999 ഒക്ടോബർ 11. സാലിയുടെ വിചാരണയ്ക്ക് തുടക്കമാവുകയാണ്. പ്രശസ്ത അഭിഭാഷകൻ റോബർട്ട് സ്‌പെൻസറാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ. ഡോ. സ്മിത്ത്, ഡോ. കീലിങ് തുടങ്ങിയ ശിശുരോഗവിദഗ്ധരും പാത്തോളജിസ്റ്റുകളും അടങ്ങുന്ന ഒരു സംഘമാണ് പ്രോസിക്യൂഷനെ സഹായിച്ചത്. കുഞ്ഞുങ്ങളെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോ. വില്യംസ്, ശിശുരോഗവിദഗ്ധനും ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ റോയ് മെഡോ തുടങ്ങിയവരുടെ കണ്ടെത്തലുകളും വിദഗ്ധാഭിപ്രായങ്ങളുമാണ് സാലിക്ക് തിരിച്ചടിയായത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രം വരാനുള്ള സാധ്യത 73 മില്യണിൽ വെറും ഒന്നു മാത്രമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

എസ്.ഐ.ഡി.എസ് ഉണ്ടാകാനുള്ള സാധ്യത 8543-ൽ ഒരാൾക്കാണ്. അതിൽ എസ്.ഐ.ഡി.എസ് ബാധിച്ച് രണ്ടു കുട്ടികൾ മരിക്കാനുള്ള സാധ്യത (1/8534) ത (1/8534) അതായത് ഏകദേശം 1/73,000,000 ആണെന്ന് പ്രൊഫ മെഡോ വാദിച്ചു. ഒരേ കുടുംബത്തിലെ രണ്ടു കുട്ടികൾ ഇത്തരത്തിൽ മരിക്കാൻ സാധ്യതയില്ലെന്നും സാലി നിരപരാധിയല്ലെന്നും ജൂറിയെ ബോധിപ്പിക്കാൻ മെഡോയ്ക്കായി. അങ്ങനെ പതിനേഴ് ദിവസത്തെ വിചാരണയ്ക്ക് ശേഷം സാലിക്ക് രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയതിന് ഇരട്ട ജീവപര്യന്തം ലഭിച്ചു. 2000 ഒക്ടോബർ മാസത്തിൽ സാലിയെ തുറുങ്കിലടച്ചു.

താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് സാലി അപ്പീൽ നൽകി കൊണ്ടേയിരുന്നു. ആദ്യ അപ്പീൽ പരാജയപ്പെട്ടു. അതിനിടെയാണ് ഏതാനും നിർണായക വിവരങ്ങൾ പുറത്ത് വരുന്നത്. രണ്ടാമത്തെ മകന്റെ ശരീരത്തിൽ നടത്തിയ മൈക്രോ ബയോളജിക്കൽ പരിശോധനയിൽ സ്റ്റെഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയുടെ കോളനി കണ്ടെത്തിയിരുന്നു ( വൃത്താകൃതിയിലുള്ള ഗ്രാം പോസിറ്റീവ് ബാക്ടീരിയയാണ് സ്റ്റെഫൈലോകോക്കസ് ഓറിയസ്. ഫാർമിക്യൂട്ടുകളിൽ അംഗമായ ഈ ബാക്റ്റീരിയ ശരീരത്തിലെ മൈക്രോബയോട്ടയിലെ ഒരു സാധാരണ അംഗവുമാണ്. ഇത് ശ്വാസകോശത്തിനു മുകളിലുള്ള നാളികളും ചർമ്മത്തിലും സാധാരണയായി കാണപ്പെടുന്നു. എസ്. ഓറിയസ് സാധാരണയായി മനുഷ്യന്റെ മൈക്രോബയോട്ടയുമായി സഹഭോജിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് ചിലപ്പോൾ രോഗകാരിയാകാം. ഇവ ചർമ്മത്തിലെ അണുബാധകൾ, കുരുക്കൾ, സൈനസൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഭക്ഷ്യവിഷബാധ എന്നിവയ്ക്കുള്ള ഒരു പൊതുവായ കാരണമാണ്). ഇതാണ് ഹാരിയുടെ മരണത്തിലേക്ക് നയിച്ചത്.

പക്ഷേ ഈ നിർണായക വിവരം പ്രോസിക്യൂഷൻ പാത്തോളജിസ്റ്റ് അലൻ വില്യംസ് പോലീസിൽനിന്നും കോടതിയിൽനിന്നും മറച്ചുവച്ചു. സാലിയുടെ ഭർത്താവ് സ്റ്റീവ് ആണ് മർലിൻ സ്റ്റോ എന്ന ഒരു അഭിഭാഷകയുടെ സഹായത്തോടെ ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. സാലിയെ അപരാധിയാക്കിയതിൽ തുടക്കം മുതൽ തന്നെ സംശയം പ്രകടിപ്പിച്ച വ്യക്തിയാണ് മർലിൻ സ്റ്റോ. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് അവർ സാലിയെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചത്. രണ്ടാമത്തെ അപ്പീലിൽ സാലിക്കു വേണ്ടി മൊഴി നൽകാൻ ഫ്ലോറിഡയിലെ ഫോറൻസിക് പാത്തോളജിസ്റ്റ് സാം ഗുലിനോ ഹാജരായി. സാം ഗുലിനോ കോടതിയിൽ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു:

''സാലി ക്ലാർക്കിന്റെ കേസ് എത്ര മോശമായാണ് അധികൃതർ കൈകാര്യം ചെയ്തത് എന്ന വസ്തുത തന്നെ ഭയപ്പെടുത്തുന്നു. നിർണായകമായ വിവരങ്ങൾ ഒഴിവാക്കി, മെഡിക്കൽ തത്വങ്ങളുടെ ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നു.' കേസിൽ നടത്തിയ തിരിമറികളെക്കുറിച്ച് കോടതിയ്ക്ക് ബോധപ്പെട്ടതോടെ 2003-ൽസാലി ക്ലാർക്ക് ജയിൽമോചിതയായി.

എവിടെയാണ് കണക്ക് പിഴച്ചത്?

എസ്.ഐ.ഡി.എസ്. ബാധിച്ച് രണ്ടു കുട്ടികൾ മരിക്കാനുള്ള സാധ്യത ഇവർ കണക്കാക്കിയത് അവ രണ്ട് ആകസ്മിക(പരസ്പര ബന്ധമില്ലാത്ത) സംഭവങ്ങളാണെന്ന ധാരണയിലാണ്. ഉദാഹരണത്തിന് ഒരു നാണയമെടുത്ത് രണ്ടു വട്ടം ടോസ് ചെയ്യുമ്പോൾ രണ്ടു തവണയും ഹെഡ് ലഭിക്കാനുള്ള സാധ്യത എന്ന് പറയുന്നത് (1/2 )*(1/2)= 1/4 ആണ്. അതിനുള്ള കാരണം ഒരോ തവണയും നാണയം ടോസ് ചെയ്യുമ്പോൾ സ്വതന്ത്രമായ ഫലമാണ് ലഭിക്കുന്നത്. ആദ്യം ടോസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഫലം യാതൊരു കാരണവശാലും രണ്ടാമത്തെ ടോസിങ്ങിനെ സ്വാധീനിക്കാൻ പോകുന്നില്ല. എസ്.ഐ.ഡി.എസ്. ബാധിച്ച കുട്ടികളുടെ കാര്യത്തിൽ ഈ അനുമാനത്തെ ആശ്രയിക്കാനാകില്ല. കാരണം കേവലം ഒരു നാണയം ടോസ് ചെയ്യുന്നതുപോലെയല്ല, എസ്.ഐ.ഡി.എസ്. വരാൻ ഒട്ടേറെ കാരണങ്ങളുണ്ട്. അതിൽ ഏതാനും കാരണങ്ങൾ ഇവയാണ്:

  • മാസം തികയാതെയുള്ള പ്രസവം രോഗസാധ്യത വർധിപ്പിക്കും.
  • പാരമ്പര്യമായുള്ള ഘടകങ്ങൾ. ഈ രോഗം മൂലം സഹോദരങ്ങൾ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ അടുത്ത കുട്ടിക്കും ഇതേ സാധ്യതയുണ്ട്.
  • പുകവലിക്കാരുമായി കുഞ്ഞിന് സമ്പർക്കമുണ്ടാകുന്നതു രോഗസാധ്യത വർധിപ്പിക്കും.
  • 20 വയസ്സിൽ താഴെയുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കു രോഗസാധ്യത കൂടുതലാണ്.
അതുകൊണ്ട് തന്നെ 73 മില്യണിൽ ഒന്നെന്നുള്ള വാദം സാലി ക്ലാർക്കിന്റെ കേസ് പരിഗണിക്കുമ്പോൾ അസംബന്ധമാണ്. ആദ്യത്തെ കുട്ടിയുടെ മരണം എസ്.ഐ.ഡി.എസ്. ആയതിനാൽ രണ്ടാമത്തെ കുട്ടിയ്ക്കും പ്രശ്നം വരുവാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ കണക്കു കൂട്ടുമ്പോൾ അത് ഏകദേശം പതിനായിരത്തിൽ ഒന്നായി പുനഃക്രമീകരിക്കപ്പെടും.

കണക്കിനെയും ശാസ്ത്രത്തെയും വളച്ചൊടിച്ച് ഒരു നിരപരാധിയെ അപരാധിയാക്കിയതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സാലി ക്ലാർക്കിന്റെ കേസ്. ശിശുരോഗ വിദഗ്ധനായ പ്രൊഫ. മെഡോയ്ക്ക് സ്റ്റാറ്റിസ്റ്റിക്സിൽ വലിയ പാണ്ഡിത്യം ഉണ്ടായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ തെറ്റായ അനുമാനങ്ങൾ സാലിയെ കുറ്റവാളിയാക്കി. സാലി നിരപരാധിയാണെന്ന് തെളിഞ്ഞതോടെ 2005-ൽ മെഡോയുടെ മെഡിക്കൽ രജിസ്റ്ററേഷൻ യു.കെ. മെഡിക്കൽ കൗൺസിൽ റദ്ദാക്കി.

പിന്നീട് സാലി ക്ലാര്‍ക്കിന് എന്ത് സംഭവിച്ചു?

സാലി ക്ലാര്‍ക്ക്‌

ജയിൽമോചിതയായെങ്കിലും ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട് ജയിലിൽ കിടന്ന് മാനസിക പീഡനം അനുഭവിക്കേണ്ടിവന്നതിന്റെ ആഘാതം സാലിയെ ഒരിക്കലും വിട്ടുപോയില്ല. സ്വന്തം മക്കളുടെ ഘാതക എന്ന വിശേഷണം അവരെ അത്രമേൽ ഭയപ്പെടുത്തി. വിചാരണയും ജയിൽവാസവും ജീവിക്കാനുള്ള അവരുടെ ശുഭാപ്തി വിശ്വാസത്തിൽ മങ്ങലേൽപ്പിച്ചു. നിരപരാധിയായ താൻ ശിക്ഷിപ്പെട്ടതിന് പിന്നിലെ യുക്തി ഒരിക്കലും ഉൾക്കൊള്ളാനായില്ല. പഴയ ശാന്തമായ ജീവിതത്തിലേക്ക് അവർക്ക് മടങ്ങിപ്പോകാനുമായില്ല. മാനസിക വേദന താങ്ങാനാകാതെ അവർ മദ്യത്തിൽ അഭയം പ്രാപിച്ചു. 2007 മാർച്ച് 19-ന് ഹാറ്റ്ഫീൽഡിലെ വസതിയിൽ സാലി ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പോലീസ്. എന്നാൽ ശരീരത്തിൽ അമിതമായി മദ്യമുണ്ടായിരുന്നതാണ് മരണകാരണമെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ അതൊരു ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: United kingdom, Criminal justice,Sally Clark, story of an innocent woman, sins and sorrows

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Jonathan Joseph James a teenge boy who hacked nasa life story death suicide hacker
Premium

7 min

കംപ്യൂട്ടർ ജീനിയസ്, 16-ാംവയസ്സിൽ നാസയും പെന്റഗണും ഹാക്ക് ചെയ്തു; 25-ൽ ആത്മഹത്യ | Sins & Sorrow

Sep 28, 2023


Thankamani
Premium

6 min

വില്ലനായ എലൈറ്റ്;തര്‍ക്കവും പോലീസ് നരനായാട്ടും, തങ്കമണിക്കാര്‍ മറക്കാത്ത ആ രാത്രി,സിനിമയുമായി ദിലീപ്

Sep 19, 2023


kuttippuram woman death

1 min

അലര്‍ജിക്ക് കുത്തിവെപ്പ് എടുത്തു, ശ്വാസതടസ്സം; ബോധരഹിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു; പരാതി

Nov 28, 2021


Most Commented