
-
മോസ്കോ: കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട ലോറി ഡ്രൈവറെ കുട്ടികളുടെ അമ്മയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. റഷ്യയിലെ സ്വേഡ്ലോസ്കിലാണ് സംഭവം. വലേറിയ ദുനേവ (25) എന്ന യുവതിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം ലോറി ഡ്രൈവറായ ദിമിത്രി ചിക്വാർക്കിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ദിമിത്രി കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും കുട്ടികൾ തമാശയ്ക്കാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും പോലീസ് കണ്ടെത്തി.
വലേറിയയുടെ പത്ത്, മൂന്ന് വയസുള്ള പെൺമക്കൾക്ക് ഡേകെയറിലേക്ക് പോകാൻ ദിമിത്രി ലിഫ്റ്റ് നൽകിയിരുന്നു. തുടർന്ന് വലേറിയ മക്കളെ വിളിക്കാൻ പോയ സമയത്താണ് പെൺകുട്ടികൾ പീഡന ആരോപണം ഉന്നയിച്ചത്. ദിമിത്രി ശരീരത്തിൽ മോശമായി സ്പർശിച്ചെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. ഇത് കേട്ടതോടെ വലേറിയയും കാമുകനും സുഹൃത്തുക്കളും ചേർന്ന് ദിമിത്രിയെ കണ്ടെത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യഭാഗത്ത് മെറ്റൽ പൈപ്പ് കയറ്റുകയും അതേ പൈപ്പ് കൊണ്ട് തല അടിച്ചുതകർക്കുകയും ചെയ്തെന്നാണ് പോലീസിന്റെ വിശദീകരണം.
സംഭവത്തിൽ വലേറിയെയും കാമുകനെയും സുഹൃത്തായ മറ്റൊരു സ്ത്രീയെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബാക്കി രണ്ട് പ്രതികളും ഒളിവിലാണ്. ദിമിത്രി മോശമായി സ്പർശിച്ചെന്ന് കുട്ടികൾ നുണ പറഞ്ഞതാണെന്നും കുട്ടികളോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഇക്കാര്യം വ്യക്തമായെന്നും പോലീസ് പറഞ്ഞു. കേസിൽ സ്ത്രീകൾക്ക് 20 വർഷം വരെ തടവും പുരുഷന്മാർക്ക് ജീവപര്യന്തവും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Content Highlights:russian woman and friends killed truck driver after false rape allegation by her daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..