-
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അല്ക്സി നവൽനിയെ വിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനയാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട നവൽനിയെ വിമാനം അടിയന്തര ലാൻഡിങ് നടത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. വിഷം ഉള്ളിൽച്ചെന്നതാണ് കാരണമെന്നും അബോധാവസ്ഥയിലായ അദ്ദേഹം നിലവിൽ വെന്റിലേറ്ററിലാണെന്നും നവൽനിയുടെ ഔദ്യോഗിക വക്താവ് കിറ യാർമിഷ് ട്വീറ്റ് ചെയ്തു.
ടോംസ്ക്കിൽനിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് നവൽനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വിമാനം ഓംസ്ക്കിൽ അടിയന്തര ലാൻഡിങ് നടത്തി. ഉടൻതന്നെ നവാൽനിയെ ആശുപത്രിയിൽ എത്തിച്ചു. ചൂടുള്ള ദ്രാവകത്തിലൂടെ വിഷം അതിവേഗം ശരീരത്തിൽ വ്യാപിച്ചെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രാവിലെ മുതൽ അദ്ദേഹം ഒരു ചായ മാത്രമാണ് കഴിച്ചിരുന്നത്. അതിനാൽ ചായയിൽ വിഷം കലർത്തിയതാണെന്നാണ് സംശയമെന്നും യാർമിഷ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൃത്യമായ വിവരങ്ങൾ നൽകിയിരുന്ന ഡോക്ടർമാർ ഇപ്പോൾ ആരോഗ്യനിലയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അവർ ആരോപിച്ചു. പരിശോധനകൾ വൈകിപ്പിച്ചതായും ആശുപത്രിയിൽ ഇപ്പോൾ ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നും അവർ പറഞ്ഞു.
വിഷം ഉള്ളിൽച്ചെന്നാണ് നവൽനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ ടാസും റിപ്പോർട്ട് ചെയ്തു. അതേസമയം, എങ്ങനെയാണ് വിഷം ഉള്ളിൽച്ചെന്നതെന്ന് സംബന്ധിച്ച് കൃത്യമായി മനസിലായിട്ടില്ലെന്നായിരുന്നു ആശുപത്രി മേധാവിയുടെ പ്രതികരണം. ഇതിനിടെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും നവൽനിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ കടുത്ത വിമർശകനാണ് അലക്സി നവാൽനി. പുതിനെതിരായ പ്രതിഷേധങ്ങളുടെ പേരിൽ ഒട്ടേറെ തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
Content Highlights:russian opposition leader alexei navalny poisoned and hospitalized
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..