കൊലപാതകം നടന്ന സ്ഥലം അന്വേഷണ സംഘം പരിശോധിക്കുന്നു, ഇൻസൈറ്റിൽ സഞ്ജിത്ത് | Photo: Screengrab
പാലക്കാട്: പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി മണ്ഡലത്തിലെ ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിതാണ് (27) വെട്ടേറ്റ് മരിച്ചത്. രാവിലെ ഒമ്പത് മണിയോട് കൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിതിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം.
മമ്പറത്തുള്ള ഭാര്യവീട്ടിൽ ചെന്ന് മടങ്ങുന്ന വഴിയായിരുന്നു കൊലപാതകം. പിറകിൽ കൂടി കാറിലെത്തിയ നാലംഗ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സഞ്ജിതിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തിൽ ആർഎസ്എസ് - എസ് ഡി പി ഐ സംഘർഷം നിലനിൽക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് എസ് ഡി പി ഐ പ്രവർത്തകൻ ആർഎസ്എസ് പ്രവർത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ചത്തെ കൊലപാതകവുമെന്നാണ് വിവരം. സഞ്ജിതിനെതിരെ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് ടൗൺ പോലീസും കസബ പോലീസും പറഞ്ഞു.
കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് ആറ് വരെ മലമ്പുഴ നിയോജക മണ്ഡലത്തിൽ ഹർത്താലായിരിക്കുമെന്ന് ബിജെപി മണ്ഡലം അധ്യക്ഷൻ സുരേഷ് എം അറിയിച്ചു.
Content highlights: RSS worker killed in mambaram palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..