സ്ഫോടനം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു
കാങ്കോൽ(കണ്ണൂർ): ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി ആർ.എസ്.എസ്. നേതാവിന് പരിക്ക്. ആലക്കാട് താമസിക്കുന്ന ആർ.എസ്.എസ് നേതാവ് ബിജു ആലക്കാടിനാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. കൈയിലെ രണ്ട് വിരലുകൾ അറ്റുപോയ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടൻ ബോംബ് നിർമ്മാണത്തിനിടെ നടന്ന സ്ഫോടനത്തിലാണ് ബിജുവിന് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച പതിനൊന്ന് മണിക്ക് ബിജുവിന്റെ വീടിന് സമീപത്ത് നിന്ന് സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ സ്ഫോടനം നടന്നതിന്റെ തെളിവ് കിട്ടിയിരുന്നില്ല. പരിശോധന നടത്തുന്ന സമയത്ത് ബിജുവും വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ ബിജു കോഴിക്കോട് അത്തോളിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായി കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ പെരിങ്ങോം എസ്.ഐ. പി.യദുകൃഷ്ണൻ സന്ദർശിച്ചുവെങ്കിലും ചികിത്സയിലായിരുന്നതിനാൽ ബിജുവിൽ നിന്ന് മൊഴി എടുക്കുവാൻ സാധിച്ചിട്ടില്ല.
ഞായറാഴ്ച പയ്യന്നൂർ ഡി.വൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ, പെരിങ്ങോം സി.ഐ, പി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും ബിജുവിന്റെ വീട്ടിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ രക്തക്കറയും നാടൻ ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Content Highlights:rss local leader injured in bomb blast alakkad kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..