കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളപരിസരത്ത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘം പിടിമുറുക്കുന്നു. ഒരുവർഷത്തിനിടെ സ്വർണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞദിവസം ഷാർജയിൽ നിന്നെത്തിയ ദക്ഷിണ കർണാടക സ്വദേശി അബ്ദുൾനാസർ ഷംസാദിനെ (24) തട്ടിക്കൊണ്ടുപോയി കവർച്ചക്കിരയാക്കിയത് സ്വർണം തട്ടിയെടുക്കുന്ന സംഘമായിരിക്കുമെന്നാണ് നിഗമനം. സ്വർണം അന്വേഷിച്ചാണ് സംഘം യുവാവിനെ മർദിച്ചത്. ശരീരത്തിനകത്ത് സ്വർണം ഒളിപ്പിച്ചിട്ടുണ്ടാകുമെന്നുകരുതി വസ്ത്രമഴിച്ചുവരെ പരിശോധന നടത്തുകയുംചെയ്തു.
ഒമാനിൽ നിന്ന് കരിപ്പൂരിൽ വന്നിറങ്ങിയ കോഴിക്കോട് അത്തോളി സ്വദേശിയായ യാത്രക്കാരൻ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തുകടത്തിയ സ്വർണം വാങ്ങി മടങ്ങുകയായിരുന്ന അങ്ങാടിപ്പുറം സ്വദേശികളെ ആറംഗസംഘം കൊള്ളയടിച്ചത് ജനുവരി 24-നായിരുന്നു. 25 ലക്ഷം രൂപയുടെ സ്വർണമാണ് അന്ന് ക്വട്ടേഷൻസംഘം കവർന്നത്.
നേരത്തേ കൊടുവള്ളിയിലെ സംഘത്തിനുവേണ്ടി സ്വർണം കൊണ്ടുവന്ന കൊണ്ടോട്ടി സ്വദേശിയായ യുവാവിൽനിന്ന് വയനാട്ടിൽനിന്നുള്ള ക്വട്ടേഷൻ സംഘം സ്വർണം കവർന്നിരുന്നു. കൊടുവള്ളി സംഘം സ്വർണം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊടിയ പീഡനത്തിനിരയാക്കുകയും ചെയ്തു. ഈ കേസിൽ ഉൾപ്പെട്ട ഭൂരിപക്ഷംപേരെയും പോലീസ് പിടികൂടി. മാസങ്ങൾക്കു മുൻപ് മുണ്ടക്കുളത്തുെവച്ച് താമരശ്ശേരി സ്വദേശിയായ വാഹകനെ തടഞ്ഞുനിർത്തി സ്വർണവും സാധനങ്ങളും കവർന്ന കേസിൽ പ്രധാന കണ്ണി കാർ ഓടിച്ച ഡ്രൈവർ ആയിരുന്നു. ഇയാൾ കോഴിക്കോട്ടെ ക്വട്ടേഷൻ സംഘത്തിന് വിവരങ്ങൾ കൈമാറിയായിരുന്നു കള്ളക്കടത്ത് സ്വർണം തട്ടിയത്. ഈ കേസിലെ പ്രതികളെയും പോലീസ് പിടികൂടി.
നിയന്ത്രിക്കുന്നത് ക്വട്ടേഷൻ സംഘങ്ങൾ
കള്ളക്കടത്ത് സ്വർണം കസ്റ്റംസിലും ഡി.ആർ.ഐയിലും ഒറ്റിക്കൊടുക്കുന്നതുപോലെ തട്ടിയെടുക്കുന്നതിനും വിദേശത്തും നാട്ടിലും കേന്ദ്രീകരിച്ച് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചാണ് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നത്. സ്വർണം കൊണ്ടുവരുന്ന കാരിയർമാർതന്നെ ആളെ ഏർപ്പാടാക്കി സ്വർണം കവരുന്ന സംഭവങ്ങളുമുണ്ട്. പല സംഭവങ്ങളിലും കൃത്യമായ പരാതി നൽകാത്തതിനാൽ പോലീസിന് കേസെടുക്കാൻ കഴിയുന്നില്ല. മധ്യസ്ഥതയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്ന സംഭവങ്ങളും ഏറിവരികയാണ്.
Content Highlights: robbery over smuggled gold in Karipur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..