Image for Representation. The old town hall in Bonn, Germany. Image: Getty Images
ബെര്‍ലിന്‍: നൂറ്റാണ്ടിലെ ഏറ്റവും വലിയ കവര്‍ച്ചയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന യൂറോപ്പിലെ നികുതി വെട്ടിപ്പ് കേസില്‍ പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 30 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായ ജര്‍മനിയാണ് കേസില്‍ വിചാരണ ആരംഭിച്ചതോടെ പണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ സജീവമാക്കിയത്. ബാങ്ക് ഉദ്യോഗസ്ഥരായ രണ്ടുപേര്‍ ചേര്‍ന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി ഏകദേശം 60 ബില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പാണ് നടത്തിയത്.
ന്യൂസിലാന്‍ഡ് സ്വദേശി പോള്‍ മോറയും ഐറിഷുകാരനായ മാര്ട്ടിന് ഷീല്‍ഡ്സുമായിരുന്നു തട്ടിപ്പിന്റെ സൂത്രധാരന്മാര്. കംഎക്സ് ട്രേഡിങ്ങിലൂടെയായിരുന്നു ഇരുവരും വിവിധ യൂറോപ്യന്‍ സര്‍ക്കാരുകളുടെ ഖജനാവിന് കോടികളുടെ നഷ്ടംവരുത്തിവെച്ചത്. ജര്‍മനിക്ക് പുറമേ ഫ്രാന്‍സ്, സ്പെയിന്, ഇറ്റലി, ബെല്‍ജിയം, ഓസ്ട്രിയ, നോര്‍വെ, ഫിന്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടായി.
ഒരു സിംഗിള്‍ സെറ്റ് ഷെയറിന്റെ ഡിവിഡന്റ് ടാക്സില്‍ രണ്ടുതവണയാണ് ഇവര്‍ റീഫണ്ട് നേടിയത്.. 2006 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.
പോള്‍ മോറയുടെയും മാര്ട്ടിന് ഷീല്‍ഡ്സിന്റെയും സഹായത്തോടെ വിവിധ കമ്പനികളും ബാങ്കുകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരില്‍നിന്നെല്ലാം പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
2011 ല്‍ ജര്‍മനിയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വന്‍ വെട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്. തുടര്‍ന്ന് പോള്‍ മോറയും ഷീല്‍ഡ്സും ജോലി ചെയ്തിരുന്ന ബാങ്കുകളിലും ഇവര്‍ പിന്നീട് ആരംഭിച്ച ട്രേഡിങ് സ്ഥാപനത്തിലും റെയ്ഡുകള്‍ നടത്തി. മാര്ട്ടിന് ഷീല്‍ഡ്സ് പിന്നീട് ജര്‍മനിയുടെ പിടിയിലാവുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ബോണിലെ കോടതിയില്‍ ഷീല്‍ഡ്സിന്റെ വിചാരണ ആരംഭിച്ചത്. പോള്‍ മോറയ്ക്കെതിരെ ഡിസംബറില്‍ കുറ്റംചുമത്തിയെങ്കിലും ഇയാള്‍ ന്യൂസിലാന്‍ഡിലേക്ക് കടന്നുകളയുകയായിരുന്നു. അതേസമയം, തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മോറയുടെ പ്രതികരണം. വിചാരണ പൂര്‍ത്തിയായി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കോടികളാവും ഇവരില്‍നിന്ന് പിഴയായി ഈടാക്കുക.
Content Highlights: robbery of the century, biggest tax evasion case in europe and germany
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..