കവർച്ചനടന്ന ചപ്പിങ്ങൽ അൻവർ ഹുസൈന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
ചെര്‍പ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരിയില്‍ പട്ടാപ്പകല്‍ കല്യാണവീടിന്റെ പിന്‍വാതില്‍ പൊളിച്ച് കവര്‍ച്ച. 19 പവന്‍ ആഭരണവും 20,000 രൂപയും നഷ്ടപ്പെട്ടു. മാണ്ടക്കരി ചപ്പിങ്ങല്‍ അന്‍വര്‍ ഹുസൈന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീട് പൂട്ടിക്കിടന്ന മൂന്നുമണിക്കൂറിനുള്ളിലാണ് സംഭവം. തിങ്കളാഴ്ച പകല്‍ 11.30-ന് അന്‍വര്‍ ഹുസൈനും വീട്ടുകാരും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വീടുപൂട്ടിപ്പോയ സമയത്തായിരുന്നു കവര്‍ച്ച. ഉച്ചയ്ക്ക് 2.30-ന് വീട്ടിലെത്തിയപ്പോഴാണ് പിന്‍വാതില്‍ കുത്തിപ്പൊളിച്ചനിലയില്‍ കാണപ്പെട്ടത്. പിന്‍വാതില്‍ തുണിയുപയോഗിച്ച് മറച്ച നിലയിലാണുണ്ടായിരുന്നത്.
തുടര്‍ന്നുനടത്തിയ പരിശോധനയില്‍ മുറികളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവര്‍ന്നതായി കണ്ടെത്തി. തുടര്‍ന്ന്, പോലീസില്‍ പരാതിപ്പെട്ടു. ഓട്ടോത്തൊഴിലാളിയാണ് അന്‍വര്‍ഹുസൈന്‍. മകളുടെയും മരുമകളുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് അന്‍വര്‍ഹുസൈന്‍ പോലീസിന് മൊഴിനല്‍കി. പാലക്കാട്ടു നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു.
പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്നും പരിസരവാസികളെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ശാസ്ത്രീയരീതിയില്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും ഇത്തരം കവര്‍ച്ചകള്‍ നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്നും ചെര്‍പ്പുളശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം. സുജിത് അറിയിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..