അറസ്റ്റിലായ വിജയൻ എന്ന കുട്ടിവിജയൻ, ബവീഷ്
കോഴിക്കോട്: മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി റോഡില്‍ ഡോക്ടറുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അമ്പലവയല്‍ സ്വദേശി വിജയന്‍ എന്ന കുട്ടി വിജയന്‍ (42 ) നടക്കാവ് പട്ടംവീട്ടില്‍ ബവീഷ് (40) എന്നിവരെയാണ് മെഡിക്കല്‍ കോളജ് എ.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ജൂലൈ 26-ന് രാത്രിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സ്വപ്ന നമ്പ്യാരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. 44.5 പവന്റെ സ്വര്‍ണാഭരണങ്ങളും വജ്ര നെക്ലേസും പണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവദിവസം ഡോക്ടര്‍ പരീക്ഷാഡ്യൂട്ടിക്കായി കണ്ണൂരിലേക്ക് പോയതായിരുന്നു.
നഗരത്തിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് മോഷ്ടാക്കളായ കുട്ടി വിജയനും ബവീഷും പോലീസിന്റെ പിടിയിലാകുന്നത്. 2007-ല്‍ മാവൂര്‍ സ്വദേശി വിദാസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് കുട്ടി വിജയന്‍. 2018-ല്‍ വിജയനും കൂട്ടാളികളും പോലീസിന്റെ പിടിയിലായെങ്കിലും മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിന്റെ ചുമര്‍തുരന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവരെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം കവര്‍ച്ച നടത്തുന്നത് തുടരുകയായിരുന്നു.
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായി ഏകദേശം അഞ്ഞൂറിലധികം കേസുകളില്‍ കുട്ടി വിജയന്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. മോഷണമുതലുകള്‍ മേട്ടുപ്പാളയത്തുള്ള മരുമകന്റെ അച്ഛന്റെ സഹായത്തോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ വില്‍പ്പന നടത്തുകയും ആര്‍ഭാടജീവിതം നയിച്ചുവരികയുമായിരുന്നു.
പ്രതികള്‍ ഉള്‍പ്പെട്ടെ കൂടുതല്‍ കേസുകളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനും മോഷണമുതലുകള്‍ കണ്ടെടുക്കുന്നതിനും ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും എ.സി.പി. കെ.സുദര്‍ശന്‍ പറഞ്ഞു. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാന്‍, അഭിജിത്ത്,രാജീവ് കുമാര്‍ പാലത്ത് ഡാന്‍സാഫ് അംഗങ്ങളായ സജി, ഷാഫി, അഖിലേഷ്, ജോമോന്‍, ജിനേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
Content Highlights: robbery at doctors home in kozhikode two arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..