ആഭരണങ്ങൾ സൂക്ഷിച്ച ഷെൽഫ് കാസർകോട് വിരലടയാള വിദഗ്ധ ആർ.രജിത പരിശോധിക്കുന്നു
കാഞ്ഞങ്ങാട്: വീട്ടിലെ കിടപ്പുമുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ച 37 പവന് ആഭരണങ്ങളും 26,000 രൂപയും കവര്‍ന്നു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ മുഹമ്മദലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കല്ലൂരാവി കവലയില്‍നിന്ന് 50 മീറ്റര്‍ കിഴക്കുമാറിയാണ് ഈ വീട്. ഇരുനില വീടിന്റെ താഴത്തെ നിലയിലെ വടക്കുകിഴക്കു ഭാഗത്തെ കിടപ്പുമുറിയിലാണ് ആഭരണം സൂക്ഷിച്ചിരുന്നത്.
മുഹമ്മദലി വിദേശത്താണ്. ഇദ്ദേഹത്തിന്റെ ഭാര്യ സമീമയും മക്കള്‍ അസ്രയും അഫ്ത്താബും ഷിയാസും അസ്രയുടെ കുട്ടിയുമാണ് വീട്ടിലുള്ളത്.
തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് ഷെല്‍ഫിലെ സ്വര്‍ണവും പണവും മോഷണം പോയതായി മനസ്സിലായതെന്ന് വീട്ടുകാര്‍ പറഞ്ഞു. അടുക്കളഭാഗത്തേയോ മുന്ഭാഗത്തേയോ വാതിലുകളൊന്നും കുത്തിത്തുറന്നിട്ടില്ല. എങ്ങനെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് വ്യക്തമല്ല. കാസര്‍കോട് നിന്നെത്തിയ പോലീസ് നായ മണം പിടിച്ച് വീടിനു ചുറ്റിലും രണ്ടു തവണ ഓടി. അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലൂടെ കടന്ന നായ വീടിന്റെ നടുത്തളത്തിലും മണം പിടിച്ചു നിന്നു. കാസര്‍കോട് നിന്നെത്തിയ വിരലടയാള വിദഗ്ധ ആര്.രജിത ഷെല്‍ഫും മറ്റിടങ്ങളും പരിശോധിച്ചു. ഒന്നിലേറെ വിരലടയാളങ്ങള്‍ പതിഞ്ഞതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ച അഞ്ചുമണിക്ക് ഷെല്‍ഫിന്റെയും ലോക്കറിന്റെയും വാതില്‍ തുറന്നുകിടന്നതായി കണ്ടുവെന്നും അടയ്ക്കാന്‍ വിട്ടുപോയതെന്നു കരുതി അപ്പോള്‍ത്തന്നെ അടച്ചുവെന്നും അസ്ര പോലീസിനോടു പറഞ്ഞു. 10 മണിയോടെ അയല്‍വാസിക്കു കൊടുക്കാനായി പണമെടുക്കാന്‍ നോക്കിയപ്പോഴാണ് പൊന്നും പണവും നഷ്ടപ്പെട്ടതായി മനസിലായതെന്നു സമീമ പറഞ്ഞു.
ലോക്കറില്‍ ഒരുബാഗിലും മറ്റൊരു കുഞ്ഞുപെട്ടിയിലുമായാണ് ആഭരണങ്ങള്‍ വച്ചിരുന്നത്. കാലിയായ ഈ പെട്ടിയും ബാഗും അതേ സ്ഥലത്തു തന്നെയുണ്ട്. തന്റെയും കുഞ്ഞിന്റെയും 19 പവന്, ഉമ്മയുടെ എട്ടുപവന്‍, ഇളയമ്മയുടെ 10 പവന് എന്നീ ആഭരണങ്ങളാണ് സൂക്ഷിച്ചതെന്ന് അസ്ര പോലീസിനു നല്കിയ മൊഴിയില്‍ വിശദീകരിച്ചു. ഷെല്‍ഫിലെ മറ്റു അറകളില്‍ വസ്ത്രങ്ങളും മറ്റുമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വാരിവലിച്ചിടുകയോ മറ്റോ ചെയ്തിട്ടില്ല. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണന്, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍, എസ്.ഐ. കെ.പി.സതീഷ് എന്നിവര്‍ വീട്ടിലെത്തി പരിശോധിച്ചു.
അഫ്ത്താബ് പുലര്‍ച്ചെ അഞ്ചരയ്ക്കു പള്ളിയിലേക്കു നിസ്കാരത്തിനായി പോയിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുന്നതിനാല്‍ മുന്‍വശത്തെ വാതില്‍ ചാരുക മാത്രമേ ചെയ്തിരുന്നുള്ളൂ. ഈ സമയം ആരെങ്കിലും അകത്തേക്കു കടന്നുവോയെന്ന് പോലീസ് സംശയിക്കുന്നു. വീടിനു ചുറ്റിലുമായി നിരവധി വീടുകളുണ്ട്. സമീപത്തെ ഒന്നിലേറെ വീടുകളില്‍ സി.സി.ടി.വി.യുണ്ടെന്നും അതു പരിശോധിക്കുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..