-
കൊച്ചി: വസ്തു ഇടപാടുകാരിയായ സ്ത്രീയെ പൂട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ യുവതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പോലീസ് പിടിയില്‍. ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു വീട്ടില്‍ അശ്വതി(27), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം വീട്ടില്‍ ഇന്ദു(32), തിരുവനന്തപുരം പേട്ട വയലില്‍ വീട്ടില്‍ കണ്ണന്‍(21), വടുതല അരൂക്കുറ്റി വേലി പറമ്പ് വീട്ടില്‍ മുഹമ്മദ് ബിലാല്‍(25) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയെ വാടക വീട് കാണിച്ച് നല്‍കാമെന്ന് പറഞ്ഞ് സൗത്ത് റെയില്‍വേസ്റ്റേഷന്‍ സമീപത്തേക്ക് പ്രതികള്‍ വിളിച്ചുവരുത്തുകയായിരുന്നു. മുറികള്‍ കാണിക്കാം എന്ന വ്യാജേന അകത്തേക്ക് കയറ്റിയ പരാതിക്കാരിയെ മുറി പൂട്ടിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചു. ശേഷം പരാതിക്കാരിയുടെ ഒന്നര പവന്‍ മാല, അര പവന്‍ കമ്മല്‍, അരപ്പവന്‍ വരുന്ന മോതിരവും അഴിച്ചെടുത്തു.
പുറത്തിറങ്ങിയ പരാതിക്കാരി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍ക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ണാടിക്കാട് വീട് വാടകയ്ക്ക് എടുത്ത് ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്തതില്‍ കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പൂച്ചാക്കലുള്ള പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണെന്ന് കണ്ടെത്തി. ഇത് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, ആനന്ദവല്ലി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് ബീന സിവില്‍ പോലീസ് ഓഫീസര്‍ ഇഗ്നേഷ്യസ്, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: robbery after attacking woman in kochi, four arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..