വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ച ലോറൻസ് | Photo: മാതൃഭൂമി
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലുള്ള കുടുംബവീട്ടില്‍ കയറിയ കള്ളനെ വീട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു. വീട്ടിലെ മേശപ്പുറത്തിരുന്ന അഞ്ചുപവന്റെ മാലയും ലോക്കറ്റും മോഷ്ടാവിന്റെ കൈയില്‍നിന്ന് പോലീസ് പിടിച്ചെടുത്തു.അഞ്ചുതെങ്ങ് മുണ്ടുതറ വാര്‍ഡില്‍ പൊന്‍വിളാകം വീട്ടില്‍ ലോറന്‍സിനെ(58) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച അര്‍ധരാത്രി 12.30 ഓടെയാണ് സംഭവം.
മന്ത്രിയുടെ 94 വയസ്സുള്ള അമ്മ ലൂര്ദമ്മ, ഇവരുടെ ഹോം നഴ്സ്, മന്ത്രിയുടെ സഹോദരന് സെല്വന്, റിട്ടയേര്‍ഡ് അധ്യാപികയായ ഭാര്യ ലാലി, മക്കള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മക്കളെല്ലാവരുംകൂടി കഴക്കൂട്ടത്തുള്ള ബന്ധുവീട്ടില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തിരികെ 12.30 ഓടെ ഇവര്‍ വീട്ടിലെത്തി കാര്‍ പാര്‍ക്ക് ചെയ്യാനായി പോയി.ഇതിനിടയില്‍ സെല്‍വന്റെ മകന് ശ്രീജിത്ത് ആദ്യം കാറില്‍ നിന്നിറങ്ങി.
വീട്ടിലേക്കു കയറുമ്പോള്‍ അകത്തെ മുറിയില്‍ നിന്ന് തലയില്‍ തോര്‍ത്തിട്ട ഒരാള്‍ പുറത്തുവരുന്നത് കണ്ടു. സംശയത്തെത്തുടര്‍ന്ന് ഇയാളെ പിടിച്ചുവെച്ചു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ ഉറക്കെ വിളിച്ചു. ശബ്ദംകേട്ട് വീട്ടില്‍ ഉറങ്ങുകയായിരുന്ന സെല്‍വനും ഭാര്യയുമെത്തി. ഈ സമയത്ത് ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന മറ്റ് സഹോദരങ്ങളും വീട്ടിലേക്ക് ഓടിയെത്തി. തുടര്‍ന്ന് ഇവര്‍ മോഷ്ടാവിനെ പിടികൂടി. കുതറിയോടാന്‍ ശ്രമിച്ചുവെങ്കിലും എല്ലാപേരും ചേര്‍ന്ന് കസേരയില്‍ ബലമായി പിടിച്ചിരുത്തി. ദേഹത്ത് സോപ്പ് പതച്ച് തേച്ചായിരുന്നു മോഷ്ടിക്കാന്‍ കയറിത്.
വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ മേശപ്പുറത്ത് ഊരിവെച്ചിരുന്ന ലാലിയുടെ അഞ്ചുപവന്റെ മാലയും ലോക്കറ്റും കാണാനില്ലെന്ന് കണ്ടെത്തി. ഉടന്‍തന്നെ പൂന്തുറ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മാല മോഷ്ടിച്ചുവെന്ന് അറിയിച്ചത്. തുടര്‍ന്ന് ഇയാളുടെ കൈയില്‍നിന്ന് മാലയും ലോക്കറ്റും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: robber who entered minister`s home caught
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..